play-sharp-fill
സംസ്ഥാനത്തെ ആദ്യ ലോജിസ്‌റ്റിക്‌ ടൗൺഷിപ്പ് വിഴിഞ്ഞം തുറമുഖത്ത്; പതിനായിരങ്ങൾക്ക് തൊഴിലും, സ്റ്റാർട്ടപ്പുകൾക്കും അവസരം

സംസ്ഥാനത്തെ ആദ്യ ലോജിസ്‌റ്റിക്‌ ടൗൺഷിപ്പ് വിഴിഞ്ഞം തുറമുഖത്ത്; പതിനായിരങ്ങൾക്ക് തൊഴിലും, സ്റ്റാർട്ടപ്പുകൾക്കും അവസരം

 

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ലോജിസ്‌റ്റിക് ടൗൺഷിപ്പ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത്‌ ഉയരും. പൊതു, സ്വകാര്യ പങ്കാളിത്തത്തിൽ ലോജിസ്‌റ്റിക്‌സ്‌, മിനി ലോജിസ്‌റ്റിക്‌സ്‌ പാർക്കുകളുടെ ഈ ശൃംഖലയിലൂടെ പ്രദേശവാസികളടക്കം പതിനായിരങ്ങൾക്ക് തൊഴിൽ ലഭിക്കും.

 

തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രത്യേക വികസന ഇടനാഴി (ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ) യുടെ ഭാ​ഗമായ ആദ്യ ടൗൺഷിപ്പായിരിക്കുമിത്‌.

 

ബാലരാമപുരം, വെങ്ങാനൂർ, കോട്ടുകാൽ, വിഴിഞ്ഞം വില്ലേജുകളിൽ നിന്നായി 630 ഹെക്ടറോളം സ്ഥലം ഏറ്റെടുക്കും. ഒരു പ്രദേശത്തെ ഭൂമി, ഉടമകളുടെ സമ്മതത്തോടെ വികസനാവശ്യത്തിനായി വിജ്ഞാപനം ചെയ്യുന്ന ‘ലാൻഡ് പൂളിങ്’ രീതിയാണ് ഇവിടെ നടപ്പാക്കുക. ഇതിനായി പുതിയ നിയമം നിർമിക്കുന്നതിനുള്ള കരടും തയ്യാറായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വെങ്ങാനൂർ വില്ലേജിൽ ജനങ്ങളെ ബോധവൽകരിക്കുന്നത് ഉൾപ്പെടെയുള്ള പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി. കേരള ലോജിസ്‌റ്റിക്‌സ്‌ പാർക്ക് നയത്തിന് മന്ത്രിസഭയുടെ അം​ഗീകാരംകൂടി ലഭിച്ചതോടെ പദ്ധതിക്ക് വേ​ഗംകൂടും.

 

ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്‌റ്റ്‌മെന്റ് ബാങ്ക് (എഐഐബി) ഉൾപ്പെടെ നിരവധി ദേശീയ അന്താരാഷ്ട്ര കമ്പനികളും സ്‌റ്റാർട്ടപ്പുകളും നിക്ഷേപത്തിന് താൽപര്യം അറിയിട്ടുണ്ടെന്ന്‌ പദ്ധതിയുടെ നടത്തിപ്പുകാരായ ക്യാപ്പിറ്റൽ റീജിയൻ ഡവലപ്മെന്റ് പ്രോജക്ട്–2 (സിആർഡിപി 2) അധികൃതർ പറഞ്ഞു.