ചിട്ടി ജുവലറി തട്ടിപ്പ് നിക്ഷേപകർക്ക് ആശ്വാസവാർത്ത: വിശ്വനാഥന്റെ മരണം തിരിച്ചടിയാവില്ല: ആവശ്യമെങ്കിൽ മക്കളുടെയും സ്വത്തും കണ്ടു കെട്ടും; സിവിൽ കേസിൽ കുരുക്കഴിക്കാനാവാതെ വിശ്വനാഥന്റെ മക്കളും മരുമക്കളും

ചിട്ടി ജുവലറി തട്ടിപ്പ് നിക്ഷേപകർക്ക് ആശ്വാസവാർത്ത: വിശ്വനാഥന്റെ മരണം തിരിച്ചടിയാവില്ല: ആവശ്യമെങ്കിൽ മക്കളുടെയും സ്വത്തും കണ്ടു കെട്ടും; സിവിൽ കേസിൽ കുരുക്കഴിക്കാനാവാതെ വിശ്വനാഥന്റെ മക്കളും മരുമക്കളും

സ്വന്തം ലേഖകൻ
കോട്ടയം: കുന്നത്ത്കളത്തിൽ ഗ്രൂപ്പ് ഉടമ വിശ്വനാഥന്റെ മരണത്തോടെ പണം നഷ്ടമാകുമെന്ന ഭീഷണിയിൽ തുടരുന്ന നിക്ഷേപകർക്ക് ആശ്വാസ വാർത്ത. അച്ഛൻ വിശ്വനാഥന്റെ മരണത്തോടെ കേസിൽ നിന്നും രക്ഷപെടാമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന മക്കളെയും മരുമക്കളെയും ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കുന്നത്ത്കളത്തിൽ ഗ്രൂപ്പിന്റെ ബാധ്യതയ്ക്ക് ആനുപാതികമായ തുക കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ബിനാമി ഇടപാടുകൾ കണ്ടെത്തുകയും, ആവശ്യമെങ്കിൽ മക്കളുടെ പേരിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനും കോടതി നടപടിയെടുത്തേക്കും. പിൻതുടർച്ചാവകാശ നിയമപ്രകാരം പിതാവിന്റെ ബാധ്യത പരിഹരിക്കാൻ മക്കൾക്കും അവകാശമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നടപടിയിലേയ്ക്ക് കോടതി ആവശ്യമെങ്കിൽ കടക്കുക. വിശ്വനാഥന്റെ രണ്ടു മക്കൾക്കും നേരത്തെ കുന്നത്ത്കളത്തിൽ ഗ്രൂപ്പിന്റെ ജുവലറിയിലും, ചിട്ടി സ്ഥാപനങ്ങളിലും പങ്കാളിത്തമുണ്ടായിരുന്നു. എന്നാൽ, അടുത്തകാലത്താണ് ഇരുവരും സ്ഥാപനത്തിന്റെ പങ്കാളിത്തതിൽ നിന്നും പിൻമാറിയത്. ഇത് പാപ്പർ ഹർജി സമർപ്പിക്കുന്നതിനു മുന്നോടിയായാണെന്ന സൂചനയാണ് ലഭിക്കുന്നത്. ഇത്തരത്തിൽ ഇവർ പാപ്പർ ഹർജി സമർപ്പിക്കുന്നതിന് ഒരു വർഷം മുൻപെങ്കിലും കമ്പനിയുടെ ഡയറക്ടർ ബോർഡിൽ നിന്നു പിന്മാറിയിട്ടുണ്ടെങ്കിൽ ഇവരെയും കേസിൽ പ്രതി ചേർക്കാനും, ആവശ്യമെങ്കിൽ ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സാധിക്കുമെന്നാണ് നിയമവിദഗ്ധർ പറയുന്നത്. ഇത്തരത്തിൽ സംഭവിക്കണമെങ്കിൽ നിക്ഷേപകർ ഒറ്റക്കെട്ടായി നിന്ന് കോടതിയിൽ ഇവരുടെ നയങ്ങൾക്കെതിരായ പ്രതിഷേധം ഉയർത്തേണ്ടി വരും. കുന്നത്ത്കളത്തിൽ ഗ്രൂപ്പ് നടത്തിയ നിക്ഷേപങ്ങളുടെയും തട്ടിപ്പുകളുടെയും വിശദാംശങ്ങൾ ഓരോന്നായി നിക്ഷേപകർ തന്നെ പുറത്ത് കൊണ്ടു വന്ന് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിൽ മാത്രമേ ഇത്തരം കോടതി നടപടികളുടെ ആനൂകൂല്യം ഇവർ ലഭിക്കുകയുള്ളൂ.
വിശ്വനാഥൻ ജൂൺ 18 ന് പാപ്പർ ഹർജി സമർപ്പിച്ചപ്പോൾ മുതൽ ഇവരുടെ ആസ്ഥി അടക്കമുള്ളകാര്യങ്ങൾ കോടതിയുടെ ഉടമസ്ഥതയിലേയ്ക്ക് മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനി ആസ്ഥി അടക്കമുള്ള കാര്യങ്ങളിൽ വിശ്വനാഥന്റെ മക്കൾക്ക് ഒരു ഇടപെടലും നടത്താൻ സാധിക്കില്ല. 66.5 കോടി രൂപയുടെ ബാധ്യതയുള്ള കുന്നത്ത്കളത്തിൽ ഗ്രൂപ്പിനു 135 കോടി രൂപയാണ് കടം. 15.2 കോടി രൂപ ധനകാര്യ സ്ഥാപനങ്ങൾക്ക് തന്നെ നൽകാനുള്ളതാണ്. ഈ സാഹചര്യത്തിൽ കുന്നത്ത്കളത്തിൽ ഗ്രൂപ്പ് അധികൃതർ സാധാരണക്കാരിൽ നിന്നും തട്ടിയെടുത്ത തുക തിരികെ നൽകാൻ കർശന നടപടിയിലൂടെ മാത്രമേ സാധിക്കൂ. നിലവിലെ സാഹചര്യത്തിൽ വിശ്വനാഥൻ ഏതെങ്കിലും രീതിയിലുള്ള ബിനാമി ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നാകും പ്രധാനമായും പരിശോധിക്കുക. തുടർന്നാണ് മറ്റ് നടപടികളിലേയ്ക്ക് കടക്കുക. ബിനാമി ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ ഈ വസ്തു കോടതി കണ്ടുകെട്ടും. ഈ വസ്തു ലേലത്തിൽ വച്ച ശേഷം തുക നിക്ഷേപകർക്ക് വീതിച്ചു നൽകും. പാപ്പരാജുന്നതിനു മുൻപ് നടന്ന വസ്തു ഇടപാടുകളെല്ലാം ഇതിന്റെ ഭാഗമായി പരിശോധനയ്ക്കു വിധേയമാക്കും. എന്നിട്ടും ബാധ്യത തീർക്കാനുള്ള വസ്തുക്കൾ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഈ തുക മക്കളിൽ നിന്നും ഈടാക്കാനും പിൻതുടർച്ചാവകാശ നിയമം അനുവദിക്കുന്നുണ്ട്. ഇതിനു പക്ഷേ, മക്കൾക്ക് നൽകിയ സ്വത്തുക്കളുടെ കണക്ക് കണ്ടെത്തേണ്ടി വരും. ഇതിനു വിശദമായ പരിശോധന അടക്കം ആവശ്യമുണ്ട്.