‘എന്നെ കിരണ്‍ ഒരു തെറി വിളിച്ചാല്‍ ഞാനവനെ രണ്ട് തെറി വിളിക്കും; എന്നെ തൊട്ടാല്‍ ഞാന്‍ കിടന്ന് കൂവും; ചേച്ചിയല്ലേ പറഞ്ഞത് എന്നോട് ബോള്‍ഡാവാന്‍’: പ്രോസിക്യൂഷന് പാരയായി വിസ്മയയും സഹോദര ഭാര്യയുമായുള്ള സംഭാഷണം

‘എന്നെ കിരണ്‍ ഒരു തെറി വിളിച്ചാല്‍ ഞാനവനെ രണ്ട് തെറി വിളിക്കും; എന്നെ തൊട്ടാല്‍ ഞാന്‍ കിടന്ന് കൂവും; ചേച്ചിയല്ലേ പറഞ്ഞത് എന്നോട് ബോള്‍ഡാവാന്‍’: പ്രോസിക്യൂഷന് പാരയായി വിസ്മയയും സഹോദര ഭാര്യയുമായുള്ള സംഭാഷണം

സ്വന്തം ലേഖിക

കൊല്ലം: വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ പ്രോസിക്യൂഷനെ പ്രതിരോധത്തിലാക്കി പ്രതിഭാഗം ഹാജരാക്കിയ ഫോണ്‍ കോള്‍ റെക്കോഡ്.

വിസ്മയയും സഹോദരഭാര്യ ഡോ. രേവതിയുമായുള്ള ഫോണ്‍ സംഭാഷണമാണ് പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയത്. കിരണ്‍ വിസ്മയയെ തെറി വിളിച്ചിരുന്നെന്നും മര്‍ദ്ദിച്ചിരുന്നുമെന്നുമുള്ള വാദങ്ങള്‍ക്ക് കൗണ്ടറായാണ് പ്രതിഭാഗം ശബ്ദരേഖ കോടതിയില്‍ സമര്‍പ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതില്‍ കിരണിനെ താനും തിരിച്ച്‌ തെറി വിളിക്കാറുണ്ടെന്നും ഇപ്പോള്‍ കിരണ്‍ മര്‍ദ്ദിക്കാറില്ലെന്നുമാണ് വിസ്മയ രേവതിയോട് സംസാരിക്കുന്നത്.
ഫോണ്‍ സംഭാഷണത്തില്‍ ഫോണിനെന്ത് പറ്റി എന്ന രേവതിയുടെ ചോദ്യത്തിന് ഫോണ്‍ കിരണ്‍ എറിഞ്ഞുപൊട്ടിച്ചു എന്ന് വിസ്മയ മറുപടി നല്‍കി.

അതിനെന്ത് കുരുത്തക്കേടാണ് നീ ചെയ്തതെന്ന് ചോദിക്കുമ്പോള്‍ രേവതിയുടെ സഹോദരനായ സുജിത്തൂട്ടനുമായി ചാറ്റ് ചെയ്തതുകൊണ്ടാണെന്ന് വിസ്മയ ഫോണ്‍ കോളില്‍ പറയുന്നുണ്ട്. താന്‍ ഇപ്പോള്‍ കിരണിനെ തെറി വിളിക്കാറുണ്ടെന്നും തന്നോട് ബോള്‍ഡാകാന്‍ ചേച്ചി അല്ലേ പറഞ്ഞതെന്നും രേവതിയോട് വിസ്മയ പറയുന്നത് വ്യക്തമാണ്.

താനിപ്പോള്‍ ബോള്‍ഡാണ്. കിരണ്‍ ഇപ്പോള്‍ എന്നെ ഒരു തെറി വിളിച്ചാല്‍ ഞാന്‍ തിരിച്ച്‌ രണ്ട് തെറി വിളിക്കും. എന്റെ ശരീരത്തില്‍ തൊട്ടാല്‍ ഞാന്‍ കൂവും. അതുകൊണ്ട് വളരെകാലമായി എന്നെ അടിക്കാറില്ല.- വിസ്മയ പറയുന്നു.

എന്നാല്‍ താന്‍ അതിനെ വിലക്കിയിരുന്നില്ലെന്നും, വിലക്കണമെന്ന് ഭര്‍ത്താവായ വിജിത്തിനോടോ വിസ്മയയുടെ രക്ഷിതാക്കളോടോ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഡോ. രേവതി വാദത്തിനിടെ സമ്മതിച്ചു. തന്റെ സഹോദരനുമായി അസമയത്ത് വിസ്മയ ഫോണിലൂടെ ചാറ്റ് ചെയ്യാറുണ്ടായിരുന്നു എന്നും അത് ചോദ്യം ചെയ്ത കിരണ്‍ വിസ്മയയുടെ ഫോണ്‍ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞ് പൊട്ടിച്ചെന്നും വിസ്മയയുമായുള്ള സംസാരത്തില്‍ നിന്നും തനിക്ക് മനസിലായെന്നും രേവതി പ്രതിഭാഗം വക്കീലിന്റെ ചോദ്യങ്ങള്‍ക്കുത്തരമായി പറഞ്ഞു.

എല്ലാ കാര്യങ്ങളും രേവതിയുമായി പങ്കുവച്ചിരുന്ന വിസ്മയ മാര്‍ച്ച്‌ 17 ന് കിരണിനൊപ്പം പോകുന്ന വിവരം അവരോട് പറഞ്ഞിരുന്നില്ല. കിരണ്‍ തന്റെ വിവാഹനിശ്ചയത്തിന് പങ്കെടുത്തെന്ന് രേവതി മൊഴി നല്‍കിയെങ്കിലും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഹാജരാക്കാന്‍ രേവതിക്ക് കഴിഞ്ഞില്ല.

വിസ്മയയുടെ സഹോദരന്‍ വിജിത്ത് മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹനിശ്ചയം നടത്തിയ ശേഷം രേവതിയെ വിവാഹം ചെയ്തതില്‍ കിരണിന് എതിര്‍പ്പുണ്ടായിരുന്നെന്നും അതിനാല്‍ വിജിത്തിന്റെ വിവാഹമോ വിവാഹ നിശ്ചയമോ കിരണിനെ അറിയിച്ചിരുന്നില്ലെന്നും എന്നാല്‍ വിസ്മയ പോകുന്നതില്‍ നിന്നും കിരണ്‍ തടഞ്ഞിരുന്നില്ലെന്നും പ്രതിഭാഗം നേരത്തെ വാദിച്ചിരുന്നു.

അതേസമയം ചെറിയകാര്യത്തിന് പോലും പ്രകോപിതയായി ഓടികൊണ്ടിരിക്കുന്ന കാറില്‍ നിന്നും പുറത്തുചാടാനുള്ള പ്രവണത വിസ്മയയ്ക്ക് ഉണ്ടായിരുന്നെന്നും പലപ്പോഴും ഇക്കാര്യത്തില്‍ വിസ്മയയെ ഉപദേശിച്ചിരുന്നതായും പിതാവ് ത്രിവിക്രമന്‍ നായര്‍ പ്രതിഭാഗം വിചാരണയില്‍ സമ്മതിച്ചിരുന്നു. 2020 ഓഗസ്റ്റ് 29 ന് കൊല്ലത്ത് നിന്നും വരുമ്പോള്‍ വിസ്മയ കാറില്‍ നിന്നും ചാടാന്‍ ശ്രമിച്ചതായി കിരണ്‍ തന്നെ അറിയിച്ചിരുന്നതായും അദ്ദേഹം പ്രതിഭാഗം വക്കീലിനോട് പറഞ്ഞിട്ടുണ്ട്.

അക്കാലത്ത് കിരണും ത്രിവിക്രമന്‍ നായരും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു. വിസ്മയയുടെ സഹോദരന്‍ വിജിത്ത് നേരത്തെ നിശ്ചയിച്ച വിവാഹത്തില്‍ നിന്നും പിന്മാറി മറ്റൊരു വിവാഹത്തിന് തയ്യാറായതില്‍ കിരണിന് എതിര്‍പ്പുണ്ടായിരുന്നെന്നും അതിനാല്‍ കിരണിനെ വിജിത്തിന്റെ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ത്രിവിക്രമന്‍ നായര്‍ക്ക് സമ്മതിക്കേണ്ടി വന്നു.

കഴിഞ്ഞ ജനുവരിയില്‍ വീട്ടിലെത്തിയ വിസ്മയയും കിരണും തമ്മില്‍ ഫോണ്‍ സംഭാഷണങ്ങള്‍ ഉണ്ടായിരുന്നതായും തന്റെ സമ്മതമില്ലാതെ സഹോദരനും അച്ഛനും വിവാഹമോചന കേസ് നല്‍കാന്‍ പോകുന്നതായി വിസ്മയ കിരണിനോട് പറഞ്ഞ ഫോണ്‍ സംഭാഷണം പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. താനുമായി കിരണ്‍ നടത്തിയ ഫോണ്‍ സംഭാഷണം ത്രിവിക്രമന്‍ നായര്‍ കോടതിയില്‍ തിരിച്ചറിഞ്ഞു.

മാട്രിമോണിയല്‍ വഴി വിവാഹാലോചന ഉറപ്പിക്കുന്ന സമയത്ത് തന്റെ മകള്‍ക്ക് താന്‍ 101 പവന്‍ സ്ത്രീധനം നല്‍കിയെന്നും നിങ്ങള്‍ എന്ത് നല്‍കുമെന്ന് കിരണിന്റെ പിതാവ് ചോദിച്ചെന്നും 101 പവന്‍ സ്വര്‍ണവും 1.2 ഏക്കര്‍ സ്ഥലവും ഒരു കാറും നല്‍കാമെന്ന് സമ്മതിച്ചെന്ന് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. എന്നാല്‍ കോവിഡ് കാരണം 80 പവന്‍ മാത്രമേ നല്‍കാന്‍ കഴിഞ്ഞുള്ളു. ടയോട്ട യാരിസ് കാറാണ് താന്‍ വാങ്ങി നല്‍കിയതെന്നും കോടതിയില്‍ വെളിപ്പെടുത്തി.

വിവാഹത്തലേന്ന് വീട്ടിലെത്തിയ കിരണിന് കാറ് കണ്ട് ഇഷ്ടപ്പെട്ടില്ല. വേറെ കാര്‍ വേണമെന്ന് മകളോട് ആവശ്യപ്പെട്ടെന്നും വേറെ കാര്‍ വാങ്ങി നല്‍കാമെന്ന് വിവാഹ ദിവസം തന്നെ താന്‍ കിരണിനോട് പറഞ്ഞുവെന്നും സാക്ഷി വെളിപ്പെടുത്തി.

വിവാഹം കഴിഞ്ഞ് 10 ദിവസത്തിനുള്ളില്‍ സ്വര്‍ണം ലോക്കറില്‍ വയ്ക്കാനായി തൂക്കി നോക്കിയപ്പോള്‍ അളവില്‍ കുറവ് കണ്ടതിനെ തുടര്‍ന്ന് കിരണ്‍ വിസ്മയയെ ഉപദ്രവിച്ചതായും ഫോണില്‍ കിരണ്‍ വിളിച്ചപ്പോള്‍ മകള്‍ കരഞ്ഞുകൊണ്ട് തന്നെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടുവെന്നും ത്രിവിക്രമന്‍ നായര്‍ മൊഴി നല്‍കകുകയുണ്ടായി.