വിസ്മയ കേസിൽ വഴിത്തിരിവ്; കിരണിന്റെ പിതാവ് കൂറുമാറി

വിസ്മയ കേസിൽ വഴിത്തിരിവ്; കിരണിന്റെ പിതാവ് കൂറുമാറി

സ്വന്തം ലേഖകൻ
കൊല്ലം∙ വിസ്മയ കേസിൽ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരണിന്റെ പിതാവ് സദാശിവൻപിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.

വിസ്മയയുടെ കഴുത്തിലെ കെട്ടഴിച്ച് ശുചിമുറിയിൽ കിടത്തിയ നിലയിലാണ് താൻ വിസ്മയയെ കണ്ടതെന്നു മുൻപ് പൊലീസിനും മാധ്യമങ്ങൾക്കും നൽകിയ മൊഴി നിഷേധിച്ചതിനെത്തുടർന്നു സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.

തലയണയ്ക്കടിയിൽ ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്നും സദാശിവൻ പിള്ള കോടതിയിൽ മൊഴി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിസ്മയ മരിച്ച ദിവസം രാത്രി 11.30 നു കരച്ചിൽ കേട്ടു താൻ വീടിന്റെ മുകൾ നിലയിൽ എത്തിയിരുന്നതായി സദാശിവൻപിള്ള കോടതിയിൽ മൊഴി നൽകി. തുടർന്ന് ഒന്നരയോടു കൂടി കിരണിന്റെ ശബ്ദം കേട്ട് അവരുടെ മുറിയിൽ എത്തി വിളിച്ചിട്ടും തുറക്കാതിരുന്നപ്പോൾ താനും കിരണും കൂടി വാതിൽ തള്ളിത്തുറന്നു.

വിസ്മയ തൂങ്ങി നിൽക്കുന്നതാണു കണ്ടത്. താങ്ങി അഴിച്ചു കിടത്തിയെന്നും കിരൺ നെഞ്ചിൽ ശക്തിയായി അമർത്തുകയും കൃത്രിമ ശ്വാസം നൽകുകയും ചെയ്തതായും സദാശിവൻപിള്ള മൊഴി നൽകി.

മൂക്കിൽ വിരൽവച്ചു നോക്കിയപ്പോൾ വിസ്മയ മരിച്ചതായി മനസ്സിലായി. തലയണയുടെ അടിയിൽ ആത്മഹത്യാ കുറിപ്പു കണ്ടു. കുറിപ്പുമായി താൻ പൊലീസ് സ്റ്റേഷനിൽ പോയി. രണ്ടു മണിക്കൂർ കഴിഞ്ഞാണ് വിസ്മയയെ ആശുപത്രിയിൽ കൊണ്ടുപോയത്. അന്നു മാധ്യമങ്ങളോടും മറ്റും കള്ളം പറയുകയായിരുന്നെന്നും സാക്ഷി മൊഴി നൽകി.