വിഷു ബമ്പര്‍ നറുക്കെടുപ്പിന് ആറു നാള്‍ കൂടി:12 കോടിക്കധിപതിയെ 29-ന് അറിയാം ; ഇതുവരെ വിറ്റുപോയത് 33,27,850 ടിക്കറ്റുകൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സമയം ശരിയാണെങ്കില്‍ 12 കോടിയുടെ വിഷുക്കണിക്കൊന്ന പൂത്ത കിരീടം ചൂടുന്ന തലയേതെന്ന് ഈ മാസം 29-ാം തീയതി ഉച്ചയ്ക്ക് രണ്ടു മണിക്ക് അറിയാം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിഷു ബമ്പറിന്റെ ഒന്നാം സമ്മാനമായി നല്‍കുന്നത് 12 കോടി രൂപയാണ് . 300 രൂപ മുടക്കി ഭാഗ്യത്തിന്റെ സമയം തിരയുന്ന ജനങ്ങള്‍ക്കൊപ്പം ആവേശത്തോടെ ലോട്ടറി വകുപ്പും മുന്നേറുകയാണ്.
വിപണിയില്‍ ഇറക്കിയിട്ടുള്ള 36 ലക്ഷം ടിക്കറ്റുകളില്‍ 21.05.2024 വൈകുന്നേരം നാലു മണി വരെയുള്ള കണക്ക് അനുസരിച്ച് മുപ്പത്തിമൂന്ന് ലക്ഷത്തി ഇരുപത്തിയേഴായിരത്തി എണ്ണൂറ്റിയമ്പത് (33,27,850) ടിക്കറ്റുകളാണ് വിറ്റുപോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 10 ലക്ഷം വീതം സമ്മാനം നല്‍കുന്ന (ആറു പരമ്പരകള്‍ക്ക്) മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്‍കുന്ന വിധത്തിലാണ് ഘടന നിശ്ചയിച്ചിരുന്നത്.
അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.
വി.എ, വി.ബി, വി.സി, വി.ഡി, വി.ഇ, വി.ജി എന്നിങ്ങനെ ആറു സീരീസുകളിലാണ് ബിആര്‍ 97-ാം വിഷു ബമ്പര്‍ ടിക്കറ്റ് വില്‍പ്പന.
250 രൂപ ടിക്കറ്റ് വിലയായി നിശ്ചയിച്ച് 10 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന മണ്‍സൂണ്‍ ബമ്പറിന്റെ പ്രകാശനവും 29-ന് വിഷു ബമ്പര്‍ നറുക്കെടുപ്പിനോടനുബന്ധിച്ച് നടക്കും.
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പന ഏജന്റുമാരും ലോട്ടറി കച്ചവടക്കാരും വഴി നേരിട്ടാണ്. ഓണ്‍ലൈന്‍, വ്യാജ ടിക്കറ്റുകളില്‍ വഞ്ചിതരാകരുത്. നറുക്കെടുപ്പ് ഫലം ഔദ്യോഗിക വെബ്‌സൈറ്റായ www.statelottery.kerala.gov.in യില്‍ ലഭ്യമാകും.