എന്തിനും ഏതിനും കൈക്കൂലി …… പട്ടികജാതി പെൺകുട്ടിയുടെ രണ്ടര ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പാസാക്കുന്നതിന് 60000 രൂപ കൈക്കൂലി…  ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിലെ സീനിയർ ക്ലർക്ക് റഷീദ് പനയ്ക്കൽ വിജിലൻസ് പിടിയിൽ

എന്തിനും ഏതിനും കൈക്കൂലി …… പട്ടികജാതി പെൺകുട്ടിയുടെ രണ്ടര ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പാസാക്കുന്നതിന് 60000 രൂപ കൈക്കൂലി… ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിലെ സീനിയർ ക്ലർക്ക് റഷീദ് പനയ്ക്കൽ വിജിലൻസ് പിടിയിൽ

തൊടുപുഴ
എസ് സി ഡവലപ്മെന്റ് ഓഫീസിൽ നിന്നും സ്കോളർഷിപ്പ് ലഭിക്കുന്നതിനുള്ള പേപ്പർ ജോലികൾ ചെയ്യുന്നതിന് മൂന്നാർ സ്വദേശിയിൽ നിന്നും 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിലെ സീനിയർ ക്ലർക്ക് വിജിലൻസ് പിടിയിലായി. തൊടുപുഴ ഇടവെട്ടി വലിയജാരം പനക്കൽ റഷീദ് കെ പനക്കൽ ആണ് അറസ്‌റ്റിലായത്.
മൂന്നാർ സ്വദേശിയുടെ മകൾക്ക് പട്ടികജാതി വികസന വകുപ്പിൽ നിന്നും സ്‌കോളർഷിപ്പിനായുള്ള പേപ്പർ വർക്കുകൾ ചെയ്യുന്നതിന്‌ ജില്ലാ പട്ടികജാതി വകസന ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കണമെന്നു പറഞ്ഞ്‌ ഇയാൾ 60,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിൽ 40,000 രൂപ മുൻകൂർ ആവശ്യപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ട്‌ അറിയിച്ചപ്പോൾ മുൻകൂറായി 25,000 രൂപ നൽകാൻ ആവശ്യപ്പെട്ടു. ഇതോടെ മൂന്നാർ സ്വദേശി വിജിലൻസിനെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടുവർഷവും സ്കോളർഷിപ്പ് ലഭിച്ചപ്പോൾ ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് രണ്ടുവർഷങ്ങളിലായി 1,10,000 രൂപ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ നൽകിയിരുന്നു. ഇത്തവണയും കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ്‌ വിജിലൻസ്‌ നിർദേശപ്രകാരം തൊടുപുഴയിൽ വെച്ച്‌ പണം നൽകാമെന്ന്‌ സമ്മതിച്ചത്‌. പണം സ്വീകരിക്കുന്നതിനിടയിൽ വിജിലൻസ് കൈയോടെ പിടികൂടി.
വിജിലൻസ് ആൻഡ്‌ ആന്റി കറപ്ഷൻ ബ്യൂറോ പൊലീസ് സൂപ്രണ്ട് വി ജി വിനോദ്കുമാറിന്റെ നിർദ്ദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി ആർ രവികുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ റെജി എം കുന്നിപ്പറമ്പൻ, എസ്‌ ജയകുമാർ, ബി മഹേഷ് പിള്ള, എ ഫിറോസ്, സി വിനോദ് , എസ്ഐമാരായ കെ എൻ സന്തോഷ്, കെ എൻ ഷാജി, എഎസ്ഐ മാരായ സ്റ്റാൻലി തോമസ്, വി കെ ഷാജികുമാർ, ബിജു വർഗീസ്, കെ ജി സഞ്ജയ്, ബേസിൽ പി ഐസക്, എസ്സിപിഒ മാരായ സനൽ ചക്രപാണി, സന്ദീപ് ദത്തൻ എന്നിവർ ചേർന്നാണ്‌ പ്രതിയെ പിടികൂടിയത്‌. ചൊവ്വാഴ്ച തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും