നടിയെ പീഡിപ്പിച്ച കേസ്; താൻ നിയമത്തിൽനിന്നും ഒളിച്ചോടിയിട്ടില്ല; പൊലീസ് കേസെടുത്തത് അറിയാതെയാണ് രാജ്യം വിട്ടതെന്ന് നടനും നിർമാതാവുമായ വിജയ് ബാബു
സ്വന്തം ലേഖകൻ
കൊച്ചി ∙ പൊലീസ് കേസെടുത്തത് അറിയാതെയാണ് രാജ്യം വിട്ടതെന്ന വാദവുമായി നടിയെ പീഡിപ്പിച്ച കേസിൽ ആരോപണ വിധേയനായ നടനും നിർമാതാവുമായ വിജയ് ബാബു. താൻ നിയമത്തിൽനിന്നും ഒളിച്ചോടിയിട്ടില്ലെന്നും കേസെടുത്ത വിവരം അറിയാതെയാണ് വിദേശത്തേക്കു പോയതെന്നും വിജയ് ബാബു വ്യക്തമാക്കി.
എന്നാൽ ഏപ്രിൽ 22ന് കേസെടുത്തിരുന്നതാണന്നും രണ്ടു ദിവസം കഴിഞ്ഞ് 24ന് വിജയ് ബാബു രാജ്യം വിട്ടത് വ്യക്തമായ ബോധ്യത്തോടെയാണെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരയുടെ അമ്മയെ ഫോണിൽ ഭീഷണിപ്പെടുത്തിയെന്നും ഇരയുടെ പേര് വെളിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ കുറ്റപ്പെടുത്തി. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
നേരത്തെ, പ്രോസിക്യൂഷനും പരാതിക്കാരിക്കും ബന്ധപ്പെട്ടവർക്കും ഏറ്റവും നല്ലത് കോടതിയുടെ നിയമാധികാരപരിധിയിൽ പ്രതി വരുന്നതാണെന്നു ജസ്റ്റിസ് പി.ഗോപിനാഥ് വാക്കാൽ പറഞ്ഞിരുന്നു. 30ന് വരുമെന്നാണ് അറിയിച്ചത്. വന്നില്ലെങ്കിൽ 31ന് മുൻകൂർ ജാമ്യാപേക്ഷ തള്ളാം. വന്നാൽ 31നോ ഒന്നിനോ ജാമ്യ ഹർജി പരിഗണിക്കാം. 30 വരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വാക്കാൽ പറഞ്ഞു.
വിദേശത്തുള്ള പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ നിയമപരമായി തടസ്സമുള്ളതിനാലാണ് ഇങ്ങനൊരു നിർദേശമെന്നും പ്രതി നാട്ടിലെത്തിയശേഷം തുടർ നടപടി സ്വീകരിക്കുകയല്ലേ ഉചിതമെന്നും കോടതി വാക്കാൽ ചോദിച്ചു.