എഡിജിപി വിജയ് സാഖറയുടെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്: തട്ടിപ്പ് സംഘത്തിലെ പ്രധാനികളായ രണ്ടു പേർ ഉത്തർ പ്രദേശിൽ നിന്നും പിടിയിൽ; പിടിയിലായവരിൽ ബാങ്ക് ജീവനക്കാരനും

എഡിജിപി വിജയ് സാഖറയുടെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്: തട്ടിപ്പ് സംഘത്തിലെ പ്രധാനികളായ രണ്ടു പേർ ഉത്തർ പ്രദേശിൽ നിന്നും പിടിയിൽ; പിടിയിലായവരിൽ ബാങ്ക് ജീവനക്കാരനും

തേർഡ് ഐ ബ്യൂറോ

കൊച്ചി: എ.ഡി.ജി.പി വിജയ് സാഖറയുടെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച്, ഗൂഗിൾ പേ വഴി പണം തട്ടിയെടുത്ത സംഭവത്തിൽ ഉത്തർ പ്രദേശ് സ്വദേശികളായ രണ്ടു പേർ പിടിയിൽ. കൊച്ചി സൈബർ സെൽ സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിജയ് സാഖറയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനികളായ രണ്ടു പേരെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളിൽ ഒരാൾ ഉത്തർ പ്രദേശിലെ ബാങ്ക് ജീവനക്കാരനാണ്.

ഉത്തർപ്രദേശിലെ മധുര ജില്ലയിലെ ചൗക്കി ബംഗാൾ ഗ്രാമക്കാരായ നിസാർ (22), മുഷ്താക് ഖാൻ (32) എന്നിവരെയാണ് സംസ്ഥാന പൊലീസിന്റെ സൈബർ സെല്ലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട മുഷ്താക് ഖാൻ കാനറാ ബാങ്കിന്റെ ബാങ്ക് മിത്ര ജീവനക്കാരനാണ്. ചൗക്കി ബംഗാളിലെ മാക് പബ്ലിക്ക് സ്‌കൂൾ പ്രിൻസിപ്പളും ഉടമയുമാണ് മുഷ്താക് ഖാൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെയ്‌സ്ബുക്ക് യൂസർ ഐഡിയും പാസ് വേഡുമായി ഫോൺ നമ്പർ നൽകിയിരുന്ന ആളുകളുടെ അക്കൗണ്ടുകൾ തട്ടിയെടുത്താണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരം അക്കൗണ്ടുകൾ തട്ടിയെടുത്ത ശേഷം ആ അക്കൗണ്ടുകളുടെ പേരും ഫോട്ടോയും മാറ്റും. ഈ അക്കൗണ്ടുകൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേതാക്കി മാറ്റിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇവരുടെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളെ കണ്ടെഇവർക്ക് മെസേജ് അയക്കും. തുടർന്നു, ഇവരിൽ നിന്നും ഗൂഗിൾ പേ വഴി പണം ആവശ്യപ്പെട്ടാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്.

പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് അടക്കം സിം കാർഡുകൾ നൽകിയാണ് സംഘം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്തിരുന്നത്. വ്യാജ അക്കൗണ്ടും രേഖകളും ഉപയോഗിച്ച് എടുത്ത ശേഷം തട്ടിപ്പിന് ഉപയോഗിക്കുന്ന അറുപതോളം ഫോണുകളും അതിൽ ഉപയോഗിച്ചിരുന്ന സിം കാർഡുകളും ശേഖരിച്ചാണ് സൈബർ സെൽ അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് തട്ടിപ്പ് സംഘത്തെ പിടികൂടിയത്.

ഉത്തർപ്രദേശിലെ മധുര ജില്ലയിലുള്ള ചൗക്കി ബംഗാൾ ഗ്രാമം ഇത്തരം കുറ്റകൃത്യങ്ങൾക്ക് കുപ്രസിദ്ധമാണ്. യു.പി ഹരിയാന അതിർത്തിയിലുള്ള യമുനാ നദിയുടെ സമീപത്തായുള്ള ഇവരുടെ ഗ്രാമത്തിലേയ്ക്ക് എത്തുക പ്രയാസം നിറഞ്ഞതാണ്. പൊലീസുമായി ഏറ്റുമുട്ടലുകൾ നടക്കുന്ന സ്ഥലമാണ് ഇത്. ഇവിടെ എത്തിയാണ് സൈബർ സെൽ സംഘം പ്രതികളെ പിടികൂടിയത്.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നാഗരാജുവിന്റെ നേതൃത്വത്തിൽ കൊച്ചി സൈബർ സെൽ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.എസ് അരുൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർ എസ്.രമേശ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഇ.കെ ഷിഹാബ്, സിവിൽ പൊലീസ് ഓഫിസർ അജിത് രാജ് പി, സിവിൽ പൊലീസ് ഓഫിസർ ആർ.അരുൺ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.