ചങ്ങനാശേരി സ്വദേശിയായ വീട്ടമ്മയ്ക്ക് 30 കോടിയുടെ സമ്മാനമടിച്ചെന്ന് പറഞ്ഞ് 81 ലക്ഷം തട്ടിച്ചു; നൈജീരിയക്കാരൻ പെരും കള്ളൻ പിടിയിൽ; കോട്ടയം പൊലീസിന്റെ  പിടിയിലായത് ഡൽഹിയിൽ നിന്ന് !

ചങ്ങനാശേരി സ്വദേശിയായ വീട്ടമ്മയ്ക്ക് 30 കോടിയുടെ സമ്മാനമടിച്ചെന്ന് പറഞ്ഞ് 81 ലക്ഷം തട്ടിച്ചു; നൈജീരിയക്കാരൻ പെരും കള്ളൻ പിടിയിൽ; കോട്ടയം പൊലീസിന്റെ പിടിയിലായത് ഡൽഹിയിൽ നിന്ന് !

സ്വന്തം ലേഖകൻ

കോട്ടയം : ചങ്ങനാശേരിയിൽ
വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. നൈജീരിയയുടെ സ്വദേശിയായ ഇസിചിക്കു (26) എന്നയാളെയാണ് കോട്ടയം സൈബർ പോലീസ് സംഘം ഡൽഹിയിൽ നിന്നും പിടികൂടിയത്. ഇയാൾ ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിനിയായ വീട്ടമ്മയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് 81 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

2021 ലാണ് വീട്ടമ്മ തട്ടിപ്പ് സംഘം നിര്‍മ്മിച്ച അന്ന മോർഗൻ എന്ന യുകെ സ്വദേശിനി എന്ന വ്യാജ പേരില്‍ ഉള്ള അക്കൗണ്ട്‌ ആയ യുവതിയുമായി പരിചയത്തിൽ ആവുന്നത്. തുടർന്ന് ഓഗസ്റ്റ് മാസം 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനാൽ അതിന്റെ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു എന്ന് പറഞ്ഞതുകൊണ്ട് വീട്ടമ്മയ്ക്ക് ഞങ്ങൾ30 കോടി രൂപയുടെ ഗിഫ്റ്റ് അയച്ചിട്ടുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടമ്മ ഇത് നിരസിച്ചെങ്കിലും ഞങ്ങളിത് അയച്ചു കഴിഞ്ഞു എന്ന് വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. തുടർന്ന് കുറച്ചു ദിവസങ്ങൾക്ക് ശേഷം മുംബൈ കസ്റ്റംസ് ഓഫീസിലെ ഡിപ്ലോമാറ്റിക് ഏജന്റ് ആണെന്ന് പറഞ്ഞുകൊണ്ട് വീട്ടമ്മയ്ക്ക് ഒരു കോൾ വരികയും നിങ്ങൾക്ക് യു.കെ യിൽ നിന്ന് വിലപ്പെട്ട ഒരു ഗിഫ്റ്റ് വന്നിട്ടുണ്ട്, ഇതിൽ കുറച്ച് ഡോളറുകളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങൾ ഉണ്ടെന്നും ഇതിന് റിസർവ് ബാങ്ക് നിർദ്ദേശിച്ച കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 22,000 രൂപ അടക്കണമെന്നും വീട്ടമ്മയോട് പറഞ്ഞു. തുടർന്ന് വീട്ടമ്മയ്ക്ക് വാട്സാപ്പിലൂടെ ഗിഫ്റ്റിന്റെ ഫോട്ടോകളും, വീഡിയോകളും മറ്റും അയച്ചു കൊടുക്കുകയും ചെയ്തു.

ഈ ഫോട്ടോകളും വീഡിയോകളും വിശ്വസിച്ച വീട്ടമ്മ അവർ പറഞ്ഞ അക്കൗണ്ടിലേക്ക് 22,000 രൂപ അയക്കുകയായിരുന്നു. ഇതിനുശേഷം വീട്ടമ്മയ്ക്ക് പല എയർപോർട്ടുകളില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് പല സ്ഥലങ്ങളിൽ നിന്നും ഫോൺ വരികയും തുടർന്ന് വീട്ടമ്മ ഇവർ പറയുന്ന പണം അക്കൗണ്ടിലേക്ക് അയച്ചു കൊണ്ടിരിക്കുകയുമായിരുന്നു.പിന്നിട് പണം കയ്യിലില്ലായിരുന്ന വീട്ടമ്മ പണം അയക്കാതിരുന്നതോടുകൂടി കസ്റ്റംസില്‍ നിന്ന് വിളിക്കുകയാണെന്നും നിങ്ങളുടെ ഗിഫ്റ്റ് വിദേശത്തുനിന്നാണ് വന്നിരിക്കുന്നത് ഇത് നിങ്ങൾ പണം അടച്ച് കൊണ്ടുപോയില്ലെങ്കിൽ നിങ്ങൾക്കെതിരെ നിയമനടപടി എടുക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി വീണ്ടും വീട്ടമ്മയെകൊണ്ട് പണം അടപ്പിക്കുകയായിരുന്നു.

ഇതിൽ ഭയപ്പെട്ട വീട്ടമ്മ തന്റെ ബന്ധുക്കളിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും പണം കടം മേടിച്ചും, കൈയിൽ ഉണ്ടായിരുന്ന സ്വർണ്ണം വിറ്റും, മറ്റുമായി ഇവരുടെ ഭീഷണിക്ക് വഴങ്ങി പണം നൽകിക്കൊണ്ടിരിക്കുകയായിരുന്നു. ഇത്തരത്തിൽ വീട്ടമ്മ 2021 ജൂലൈ മുതൽ 2022 ജൂലൈ വരെ പലപ്പോഴായി പണം നൽകിക്കൊണ്ടിരുന്നു. തുടർന്ന് വീട്ടമ്മ 2022 ജൂലൈയിൽ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ ഡൽഹിയിൽ നിന്നാണ് പ്രതി തട്ടിപ്പ് നടത്തിയെന്ന് മനസ്സിലാക്കുകയും തുടർന്ന് പ്രത്യേക സൈബർ സംഘത്തെ ഡൽഹിയിലേക്ക് അയക്കുകയുമായിരുന്നു.

ഡൽഹിയിലെത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയിൽ ഇയാളുടെ താമസസ്ഥലം മനസ്സിലാക്കുകയും, ഇയാൾ താമസിക്കുന്ന റൂമിന് സമീപം വച്ച് ഇയാളെ വളയുകയും രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ അതി സാഹസികമായി പിടികൂടുകയുമായിരുന്നു.കോട്ടയം സൈബർ സ്റ്റേഷൻ എസ്.എച്ച്. ഓ ജഗദീഷ് വി ആർ, എസ്.ഐ റിജുമോൻ പി.എസ്, എ.എസ്.ഐ സുരേഷ് കുമാർ വി.എൻ, സി.പി.ഓ മാരായ രാജേഷ് കുമാർ പി. കെ, സുബിൻ പി.വി, കിരൺ മാത്യു, ജോബിൻസ് ജെയിംസ്, അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കേസിൽ ഇയാൾക്കൊപ്പം മറ്റു പ്രതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ടോയെന്നും, കൂടുതൽ പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.