വീണയും ചതിച്ചെന്ന് യാക്കോബായ സഭ: വീണ ജോർജിന്റെ പ്രസംഗം സഭാക്കേസിൽ സിപിഎമ്മിനെ തിരിഞ്ഞ് കുത്തുന്നു; ശബരിമലയ്ക്ക് പിന്നാലെ പത്തനംതിട്ടയിൽ നിന്നും സിപിഎമ്മിന് യാക്കോബായ സഭയുടെ വെല്ലുവിളി

വീണയും ചതിച്ചെന്ന് യാക്കോബായ സഭ: വീണ ജോർജിന്റെ പ്രസംഗം സഭാക്കേസിൽ സിപിഎമ്മിനെ തിരിഞ്ഞ് കുത്തുന്നു; ശബരിമലയ്ക്ക് പിന്നാലെ പത്തനംതിട്ടയിൽ നിന്നും സിപിഎമ്മിന് യാക്കോബായ സഭയുടെ വെല്ലുവിളി

സ്വന്തം ലേഖകൻ
പത്തനംതിട്ട: പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎമ്മിനൊപ്പം നിന്ന യാക്കോബായ സഭയ്‌ക്കെതിരെ തുറന്ന് പറഞ്ഞ് ഓർത്തഡോക്‌സ് സഭാ അംഗവും ആറന്മുള എംഎൽഎയുമായ വീണ ജോർജ്. വീണയുടെ തുറന്നു പറച്ചിലിനു പിന്നാലെ യാക്കോബായ സഭയും ഇതോടെ സർക്കാരിന് എതിരായി. ശബരിമല വിഷയത്തിൽ പെട്ടുനിൽക്കുന്ന സർക്കാരിനെ കൂടുതൽ കുടുക്കിലേയ്ക്ക് തള്ളിയിട്ടിരിക്കുകയാണ് വീണ ജോർജിന്റെ വെളിപ്പെടുത്തൽ. യാക്കോബായ സഭ കൂടി എതിർപ്പുമായി രംഗത്ത് എത്തിയതോടെ സർക്കാർ കൂടുതൽ പ്രതിസന്ധിയിലായി.
28 ന് ചേരുന്ന സഭയുടെ ഉന്നതതല യോഗം പ്രഥമ അജണ്ടയായി ചർച്ച ചെയ്യുക വീണയുടെ പ്രസംഗമായിരിക്കുന്നു. ഓതറയിൽ നടന്ന വാർഷിക സമ്മേളനത്തിൽ വീണ തനി ഓർത്തഡോക്‌സുകാരിയായി മാറി നടത്തിയ പ്രസംഗം ഇവാനിയോസ് മീഡിയ ആണ് പുറത്തു വിട്ടിരിക്കുന്നത്.
വീണയുടെ പ്രസംഗം ഇങ്ങനെ –
രാജ്യത്തിന്റെ പരമോന്നത നീതിപീഠം അംഗീകരിച്ചത് 1934 ലെ ഭരണഘടനയാണ്. ആ ഭരണഘടന അനുസരിച്ചുള്ള, അതിൻ പ്രകാരമുള്ള കാര്യങ്ങൾ നിറവേറ്റണമെന്ന രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ വിധി നടപ്പാക്കുക എന്നുള്ളതു തന്നെയാണ് നിലപാട്. അതിൽ ഒരു തർക്കവുമില്ല. നൂറ്റാണ്ടുകളായി, നമുക്കറിയാം വർഷങ്ങളായി നമ്മുടെ സഭ, വർഷങ്ങളായി നേരിട്ടു കൊണ്ടിരിക്കുന്ന അല്ലെങ്കിൽ കടന്നു പോകുന്ന പ്രശ്‌നങ്ങൾക്കുള്ള ശാശ്വതമായ ഒരു പരിഹാരം ഇതിലൂടെ ഉണ്ടാകും, ഉണ്ടാകണം എന്നുള്ളത് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതിന് വേണ്ടി നമുക്ക് ഒന്നിച്ച് മുന്നോട്ടു പോകാം, അതിശക്തമായി മുന്നോട്ടു പോകാം.
ഞാൻ ഓർക്കുന്നു 2011 ൽ പരി. കാതോലിക്ക ബാവ തിരുമേനി കോലഞ്ചേരി പള്ളിയിൽ ഉപവാസം അനുഷ്ഠിക്കുമ്പോൾ അഭി. സേവേറിയോസ് തിരുമേനിയും ഒപ്പമുണ്ടായിരുന്നു. നമ്മളൊക്കെ, ഞാനും നമ്മളൊക്കെ ആ സമയം അവിടെ ഉണ്ടായിരുന്നു. പരി ബാവ തിരുമനസിന്റെയും അഭി. സേവേറിയോസ് തിരുമേനിയുടെയും ആരോഗ്യം സംബന്ധിച്ച് ആകുലതയോടെ അവിടെ ഉണ്ടായിരിക്കുമ്പോൾ ഞാനോർക്കുന്നു കഴിഞ്ഞ ദിവസം നമ്മുടെ അഭി ഭാഗ്യസ്മരണാർഹനായ അത്തനാസിയോസ് തിരുമേനിയുടെ വേർപാടിന്റെ ഒന്നാം വാർഷികമായിരുന്നു, ഓർമപ്പെരുന്നാളായിരുന്നു. അവിടെ ചെല്ലുമ്പോൾ, ഞാൻ അവിടെ ഇരുന്നു ചിന്തിക്കുകയായിരുന്നു ഞാനവിടെ പറഞ്ഞില്ല.
ഇങ്ങനെ തുടരുകയാണ് പ്രസംഗം. ഇതിൽ യാക്കോബായ പക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത് വീണ തനി ഓർത്തഡോക്‌സുകാരിയായി നടത്തുന്ന പ്രസംഗമാണ്. യാക്കോബായ പക്ഷം എന്നു ഇടതു മുന്നണിക്കൊപ്പമാണ് നിലകൊണ്ടത്. വീണാ ജോർജിന് വേണ്ടിയാണ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ സഭ നില കൊണ്ടത്. ചാലക്കുടിയിൽ സഭാ വിശ്വാസിയായ ബെന്നി ബഹനാന് പോലും കിട്ടാത്ത പരിഗണനയാണ് സഭ ഇന്നസെന്റിന് കൊടുത്തത്.
അന്നും ഓർത്തഡോക്‌സ് സഭ ഇടതുപക്ഷത്തോട് ഇടഞ്ഞു നിൽക്കുകയായിരുന്നു. സഭാ തർക്കത്തിൽ സർക്കാർ തന്നെ മുൻകൈയെടുത്ത് ഒത്തു തീർപ്പുണ്ടാക്കാൻ ചർച്ച നടത്താനുള്ള തയ്യാറെടുപ്പിലാണ്. ആ സാഹചര്യത്തിൽ ഒരു ഇടതുപക്ഷ എംഎൽഎ തന്നെ ഇത്തരമൊരു നിലപാടുമായി വന്നതാണ് യാക്കോബായ പക്ഷത്തിന് വിരോധത്തിന് കാരണമായിരിക്കുന്നത്.