play-sharp-fill
മോട്ടോര്‍ വാഹന വകുപ്പ് സ്‌കൂള്‍ ബസുകള്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു: ബസ് ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിംഗ് പരിചയവും വലിയ വാഹനങ്ങള്‍ ഓടിക്കുന്നതില്‍ അഞ്ച് വര്‍ഷത്തെ പരിചയവും നിർബന്ധം: മെയ് 25ന് അകം എല്ലാ സ്‌കൂള്‍ വാഹനങ്ങളും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണം

മോട്ടോര്‍ വാഹന വകുപ്പ് സ്‌കൂള്‍ ബസുകള്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു: ബസ് ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിംഗ് പരിചയവും വലിയ വാഹനങ്ങള്‍ ഓടിക്കുന്നതില്‍ അഞ്ച് വര്‍ഷത്തെ പരിചയവും നിർബന്ധം: മെയ് 25ന് അകം എല്ലാ സ്‌കൂള്‍ വാഹനങ്ങളും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണം

സ്വന്തം ലേഖകൻ
പത്തനംതിട്ട: പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് ഏര്‍പ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉണ്ടെന്ന് സ്‌കൂള്‍ മേധാവി ഉറപ്പു വരുത്തണം.

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിംഗ് പരിചയവും വലിയ വാഹനങ്ങള്‍ ഓടിക്കുന്നതില്‍ അഞ്ച് വര്‍ഷത്തെ പരിചയവും വേണം. ഏതെങ്കിലും കുറ്റകൃത്യത്തിലേര്‍പ്പെട്ട് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തവര്‍ ആവരുത്. സ്പീഡ് ഗവര്‍ണര്‍, ജി.പി.എസ് എന്നിവ വാഹനത്തില്‍ പ്രവര്‍ത്തിപ്പിച്ചിട്ടുണ്ടാവണം.


കുട്ടികളെ വാഹനത്തില്‍ നിര്‍ത്തി കൊണ്ട് പോകുവാന്‍ പാടില്ല. 12 വയസില്‍ താഴെയുളള കുട്ടികള്‍ക്ക് മാത്രം രണ്ടു പേര്‍ക്ക് ഒരു സീറ്റ് നല്‍കാം. വാഹനങ്ങളില്‍ കൂളിംഗ് ഫിലിം, കര്‍ട്ടന്‍ എന്നിവ പാടില്ല. സുരക്ഷാവാതില്‍, ഫസ്റ്റ്‌എയ്ഡ് ബോക്സ് എന്നിവ ഉണ്ടായിരിക്കണം. സ്‌കൂള്‍ ആവശ്യങ്ങള്‍ക്കല്ലാതെ വാഹനങ്ങള്‍ സര്‍വീസ് നടത്താന്‍ പാടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, മറ്റ് വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കണം. വാതിലുകളുടെ എണ്ണത്തിന് തുല്യമായി ഡോര്‍ അറ്റന്‍ഡര്‍മാര്‍ വേണം. ആയമാര്‍ റോഡ് ക്രോസ് ചെയ്യുന്നതിന് കുട്ടികളെ സഹായിക്കണം. റൂട്ട് ഓഫീസറായി അധ്യാപകരെയോ ജീവനക്കാരെയോ നിയോഗിക്കണം. വാഹനത്തിന്റെ മുന്നിലും പുറകിലും ഇഐബി എന്നു വ്യക്തമായി രേഖപ്പെടുത്തണം.

സ്‌കൂളിന്റെ പേരും ഫോണ്‍ നമ്ബറും വാഹനത്തിന്റെ ഇരു വശങ്ങളിലും രേഖപ്പെടുത്തേണ്ടതും പിറകില്‍ ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ 1098, പോലീസ് 112, ആംബുലന്‍സ് 108, ഫയര്‍ഫോഴ്സ് 101 നമ്ബരുകള്‍ രേഖപ്പെടുത്തണം. സ്‌കൂള്‍ കുട്ടികളെ കൊണ്ടു പോകുന്ന ഇതര വാഹനങ്ങള്‍ വെളളബോര്‍ഡില്‍ നീല അക്ഷരത്തില്‍ ഓണ്‍സ്‌കൂള്‍ഡ്യൂട്ടി എന്ന് മുന്നിലും പിന്നിലും പ്രദര്‍ശിപ്പിക്കേണ്ടതും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുമാണ്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂള്‍ ബസുകള്‍ക്കായി മെയ് 25ന് മോട്ടോര്‍വാഹനവകുപ്പ് ജില്ലയിലുടനീളം സര്‍ട്ടിഫിക്കറ്റ്് നല്‍കുന്നതിലേക്ക് പ്രത്യേക വാഹന പരിശോധന നടത്തും.

മെയ് 25ന് അകം എല്ലാ സ്‌കൂള്‍ വാഹനങ്ങളും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണം. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പത്തനംതിട്ട ആര്‍.ടി.ഒ എ.കെ ദിലു അറിയിച്ചു.