കേരളത്തിലെ പച്ചക്കറി വിലക്കയറ്റം തടയാന്‍ തെങ്കാശിയിലെ കര്‍ഷകരില്‍ നിന്നും ഹോട്ടികോര്‍പ്പ് നേരിട്ട് പച്ചക്കറി ശേഖരിക്കും; ഡിസംബർ എട്ടിന് തന്നെ കര്‍ഷകരുമായി ധാരണ പത്രം ഒപ്പിടും
സ്വന്തം ലേഖിക
കൊല്ലം: ഹോര്‍ട്ടി കോര്‍പ്പ് എംഡിയുടെ നേതൃത്വത്തില്‍ തെങ്കാശിയില്‍ ചേര്‍ന്ന യോഗത്തില്‍ പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കാന്‍ തീരുമാനം.
കേരളത്തില്‍ കുതിച്ചു കയറുന്ന പച്ചക്കറി വില പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹോര്‍ട്ടികോര്‍പ്പ് എംഡിയുടെ നേതൃത്വത്തില്‍ തെങ്കാശിയില്‍ യോഗം ചേര്‍ന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആറ് കര്‍ഷക കൂട്ടായ്മകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
സംസ്ഥാനത്തെ പച്ചക്കറി വില വര്‍ധന നിയന്ത്രിക്കാന്‍ തമിഴ്നാട്ടിലെ തെങ്കാശിയിലെ 6000 കര്‍ഷകരില്‍ നിന്ന് ഹോര്‍ട്ടി കോര്‍പ്പ് നേരിട്ട് പച്ചക്കറി സംഭരിക്കും.
തെങ്കാശിയിലെ ഓരോ ദിവസത്തെയും മാര്‍ക്കറ്റ് വിലയ്ക്ക് അനുസരിച്ചാവും പച്ചക്കറികള്‍ സംഭരിക്കുക.
ഇടനിലക്കാരെ പൂര്‍ണമായി ഒഴിവാക്കി കര്‍ഷകരില്‍ നിന്നും നേരിട്ട് പച്ചക്കറികള്‍ ശേഖരിക്കുന്നതോടെ കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പുവരുത്താനും കേരളത്തിലെ പൊതുവിപണിയില്‍ പച്ചക്കറി ക്ഷാമവും വിലക്കയറ്റവും ഒഴിവാക്കാനും സാധിക്കുമെന്നാണ് ഹോര്‍ട്ടികോര്‍പ്പ് അധികൃതരുടെ പ്രതീക്ഷ.
ഇതിനായി ഈ മാസം എട്ടിന് തന്നെ കര്‍ഷകരുമായി ധാരണ പത്രം ഒപ്പിടും. തെങ്കാശിയില്‍ തല്‍ക്കാലം കേരളം സംഭരണശാല തുടങ്ങില്ല. കര്‍ഷക കൂട്ടായ്മകളുടെ സംഭരണ ശാലയില്‍ നിന്ന് പച്ചക്കറി ശേഖരിക്കാനാണ് തീരുമാനം. തെങ്കാശി മാര്‍ക്കറ്റിലെ വിലയ്ക്കൊപ്പം ഒരു രൂപ അധികം കര്‍ഷകകൂട്ടായ്മകള്‍ക്ക് ഹോര്‍ട്ടികോര്‍പ്പ് നല്‍കും.