അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുധാകരനെ മാറ്റാന്‍ തീരുമാനം! പകരം ആറ് പേരുകള്‍ പരിഗണനയില്‍ ; കെപിസിസിയില്‍ നേതൃമാറ്റം വേണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടത് വി ഡി സതീശന്
തിരുവനന്തപുരം : കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ മാറ്റാന്‍ തീരുമാനം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് സുധാകരനെ നീക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് കെപിസിസിയില്‍ നേതൃമാറ്റം വേണമെന്ന് സതീശന് ഹൈക്കമാന്‍ഡിനോടു ആവശ്യപ്പെട്ടിരുന്നു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി കെപിസിസി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ കൂടിക്കാഴ്ചയ്ക്കു ശേഷമായിരിക്കും കെപിസിസി അധ്യക്ഷനെ മാറ്റുന്നതില്‍ അന്തിമ തീരുമാനം കൈകൊള്ളുക. നിലവില്‍ ആറ് നേതാക്കളുടെ പേരുകള്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. എംപിമാരായ അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബെഹനാന്, എംഎല്‍എമാരായ റോജി എം ജോണ്‍, സണ്ണി ജോസഫ് എന്നിവരാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ആറ് നേതാക്കള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം അപമാനിച്ചു ഇറക്കിവിട്ടാല്‍ കൈയുംകെട്ടി ഇരിക്കില്ലെന്നാണ് സുധാകരന്റെ നിലപാട്. കെപിസിസി അധ്യക്ഷനായ തനിക്ക് സതീശന് യാതൊരു വിലയും നല്‍കുന്നില്ലെന്ന പരിഭവവും പരാതിയും സുധാകരനുണ്ട്. സതീശന്റേത് ഏകാധിപത്യ നിലപാടാണെന്ന് സുധാകരന് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിനു പിന്നാലെയാണ് സുധാകരനെ വെട്ടാന്‍ സതീശന് കരുനീക്കങ്ങള്‍ ശക്തമാക്കിയത്.
സതീശന് പാര്‍ട്ടി പിടിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയാണെന്ന് മനസിലാക്കിയ രമേശ് ചെന്നിത്തല സുധാകരനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. സുധാകരന് ഏറ്റവും പ്രാപ്തനായ പ്രസിഡന്റാണെന്ന് ചെന്നിത്തല പറയുന്നു. സുധാകരനെ അനുകൂലിക്കുന്ന നിലപാട് ചെന്നിത്തല ഹൈക്കമാന്‍ഡിലെ ചില പ്രമുഖ നേതാക്കളെ അറിയിച്ചിട്ടുണ്ട്. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു തുടരാന്‍ അനുവദിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെടുന്നത് സതീശന്റെ അപ്രമാദിത്തം തടയാനാണ്. 2026 ല്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി കസേര ആഗ്രഹിക്കുന്നവരില്‍ സതീശനൊപ്പം ചെന്നിത്തലയും ഉണ്ട്.