അന്‍വറിനെ കൊണ്ട് മുഖ്യമന്ത്രിയാണ് തനിക്കെതിരെ മൂന്നാംകിട ആരോപണം ഉന്നയിപ്പിച്ചത്, പിണറായി വിജയനെതിരായ പി.വി. അൻവറിന്റെ ആരോപണങ്ങൾ കാലത്തിന്റെ കാവ്യനീതി, മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് താനാണെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: മൂന്നാംകിട ആരോപണം ഉന്നയിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരായ പി.വി. അൻവറിന്റെ ആരോപണങ്ങൾ കാലത്തിന്റെ കാവ്യനീതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെ ഭരണപക്ഷത്തെ ഒരാള്‍ പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിക്കുമോ? എന്ന് സതീശൻ ചോദിച്ചു.
അന്‍വറിനെ കൊണ്ട് മുഖ്യമന്ത്രിയാണ് തനിക്കെതിരെ മൂന്നാംകിട ആരോപണം ഉന്നയിച്ചത്. അന്‍വര്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് താനാണ്. ഇത് കാലത്തിന്റെ കാവ്യനീതിയാണ്.
അതേ ആള് തന്നെയാണ് മുഖ്യമന്ത്രിക്കെതിരെ സംസാരിക്കുന്നതെന്നും വി.ഡി. സതീശൻ അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിപക്ഷ നേതാവിന്റെ പ്രസംഗം:
സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ ദൂതനായി ആര്.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതു സംബന്ധിച്ചാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ശരിയാണോടെയെന്ന് പരിശോധിച്ച ശേഷമാണ് എ.ഡി.ജി.പി- ആര്.എസ്.എസ് കൂടിക്കാഴ്ച സംബന്ധിച്ച് സെപ്തംബര്‍ നാലിന് ഞാന്‍ ആരോപണം ഉന്നയിച്ചത്.
ഉണ്ടയില്ലാത്ത വെടിയാണെന്നു പറഞ്ഞ് അത് ആദ്യം നിഷേധിച്ചത് നിങ്ങളുടെ സുഹൃത്ത് കെ. സുരേന്ദ്രനായിരുന്നു. മൂന്നു കൊല്ലമായി ഹൊസബല്ലെ തൃശൂരില്‍ വന്നിട്ടേയില്ലെന്നാണ് ആര്.എസ്.എസ് പറഞ്ഞത്. പാര്‍ട്ടിക്കാരനല്ലാത്ത അജിത് കുമാര്‍ ആര്.എസ്.എസ് നേതാവിനെ കണ്ടാല്‍ എന്താണ് കുഴപ്പമെന്നാണ് പാര്‍ലമെന്ററി മന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എമ്മുകാര്‍ ചോദിച്ചത്.
ആര്.എസ്.എസ് നേതാക്കളെ കാണാന്‍ മുഖ്യമന്ത്രി എന്തിനാണ് അജിത് കുമാറിനെ നിയോഗിച്ചത് എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം. മുഖ്യമന്ത്രി പറഞ്ഞിട്ടല്ല എ.ഡി.ജി.പി പോയതെന്നു വാദത്തിന് സമ്മതിച്ചാല്‍ പോലും കൂടിക്കാഴ്ചയുടെ പിറ്റേ ദിവസം സ്പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് കിട്ടിയിട്ടും എന്തുകൊണ്ടാണ് എ.ഡി.ജി.പിക്കെതിരെ നടപടി എടുക്കാതിരുന്നത്?
പട്ടില്‍ പൊതിഞ്ഞ ഒരു ശകാരമെങ്കിലും അജിത് കുമാറിന് മുഖ്യമന്ത്രി നല്‍കാതിരുന്നത് എന്തുകൊണ്ടാണ്? ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ഡി.ജി.പിയോടെങ്കിലും നിര്‍ദ്ദേശിച്ചോ? ഇതൊന്നും ചെയ്യാതിരുന്നത് മുഖ്യമന്ത്രി പറഞ്ഞിട്ടാണ് പോയത് എന്നതുകൊണ്ടാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തന് ആര്.എസ്.എസ് നേതാക്കളെ തുടര്‍ച്ചായി കണ്ടിട്ടും അയാള്‍ ഇപ്പോഴും സര്‍വീസില്‍ തുടരുകയല്ലേ?
2021 മെയ് 22ന് നടത്തിയ കൂടിക്കാഴ്ചയില്‍ 2024 സെപ്തംബര്‍ നാലിന് ഞാന്‍ ആരോപണം ഉന്നയിച്ചിട്ടും സെപ്തംബര്‍ 25നു മാത്രമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 16 മാസത്തിനു ശേഷമുള്ള അന്വേഷണത്തെ പ്രഹസനം എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? എ.ഡി.ജി.പി പോയതിന് നിരവധി കാരണങ്ങളുണ്ട്. കേന്ദ്ര ഏജന്‍സികളുടെ കേസുകള്‍ നിങ്ങള്‍ക്ക് ഒത്തുതീര്‍പ്പാക്കണം. ബി.ജെ.പിയുമായി നിങ്ങള്‍ ധാരണയിലാണെന്ന് ഞങ്ങള്‍ ആദ്യമായല്ലല്ലോ പറയുന്നത്.
ഉദ്യോഗസ്ഥന്മാരെ ഇതിന് മുന്‍പും മുഖ്യമന്ത്രി തെറ്റായ വഴികളിലൂടെ ഉപയോഗിച്ചിട്ടുണ്ട്. സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ പരാതി നല്കിയപ്പോള് ആരാണ് പത്രപ്രവര്‍ത്തകനെ വിട്ടത്? സ്വപ്നയുടെ സുഹൃത്ത് സരിത്തിനെ വിജിലന്‍സ് തട്ടിക്കൊണ്ട് പോയി ഫോണ്‍ കസ്റ്റഡിയില്‍ എടുത്തില്ലേ? അതേക്കുറിച്ച് ആക്ഷേപം വന്നപ്പോള്‍ ഈ ഉദ്യോഗസ്ഥനെ വിജിലന്‍സില്‍ നിന്നും മാറ്റി.
മുഖ്യമന്ത്രിയെ സഹായിക്കുന്നതിനു വേണ്ടിയാണ് ഈ ഉദ്യോഗസ്ഥന് സരിത്തിനെ തട്ടിക്കൊണ്ടു പോയതും ഫോണ്‍ പിടിച്ചു വാങ്ങിയതും. വിജിലന്‍സില്‍ നിന്നും മാറ്റി അതിനേക്കാള്‍ ഉത്തരവാദിത്തമുള്ള ക്രമസമാധാന ചുമതലയിലേക്കാണ് നിയമിച്ചത്. ഇയാള്‍ ആര്.എസ്.എസ് നേതാക്കളെ പോയി നടന്നു കാണുന്ന ആളാണോ? വത്സന് തില്ലങ്കേരി, റാം മാധവ്, ഹൊസബല എല്ലാവരെയും കണ്ടു. എന്നിട്ട് ഇപ്പോള്‍ എവിടേക്കാണ് മാറ്റിയത്? ആര്.എസ്.എസ് ചുമതലയില്‍ നിന്നും ബറ്റാലിയന് ചുമതലയിലേക്ക് മാറ്റി.
റൊട്ടീന്‍ ട്രാന്‍സ്ഫര്‍ അല്ലാതെ എന്താണ് നടന്നത്? ഏതെങ്കിലും അന്വേഷണത്തിന്റെ ഭാഗമായാണ് മാറ്റിയതെന്ന് ഉത്തരവിലെങ്കിലും പറഞ്ഞിട്ടുണ്ടോ? എന്നിട്ടാണ് ഞങ്ങള്‍ മാറ്റിയെന്നു പറയുന്നത്. രണ്ടു വര്‍ഷം പൂത്തിയാക്കിയ ഉദ്യോഗസ്ഥനെ സ്വാഭാവിക മാറ്റത്തിന്റെ ഭാഗമായി മാറ്റി.
എല്ലാ ചെയ്യുന്നത് പട്ടില്‍ പൊതിഞ്ഞാണ്. അല്ലാതെ അയാള്‍ക്കെതിരെ നടപടി എടുത്തെന്ന് നിങ്ങള്‍ ആരും ആശ്വസിക്കേണ്ട. ആര്.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും പൂരം കലക്കലും അനധികൃത സ്വത്ത് സമ്പാദനവും ഉള്‍പ്പെടെ എത്ര കേസുകളാണ് അയാള്‍ക്കെതിരെയുള്ളത്? അര ഡസനിലധികം കേസുകളും മൂന്ന് കൊലപാതക കേസുകളും സ്വര്‍ണക്കടത്തും സ്വര്‍ണം പൊട്ടിക്കലിന് കൂട്ട് നിന്നു എന്നുമുള്ളത് ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉള്ളപ്പോഴും അയാള്‍ അവിടെ തന്നെ നില്‍ക്കുകായണ്.
ഒരു അന്വേഷണവും നടക്കുന്നില്ലെന്ന് എഴുതിക്കൊടുത്ത ഡി.വൈ.എസ്.പിയെ സസ്പെന്‍ഡ് ചെയ്തു. അതൊന്നും അജിത് കുമാറിന് ബാധകമല്ല. കാരണം ബി.ജെ.പി നേതൃത്വവുമായുള്ള മുഖ്യമന്ത്രിയുടെ ലിങ്കായിരുന്നു അജിത് കുമാര്‍.
സുജിത് ദാസും ഭരണകക്ഷി എം.എല്‍.എയും തമ്മിലുള്ള സംഭാഷണം പൊലീസ് സേനയ്ക്കു തന്നെ നാണക്കേടാണ്. എ.ഡി.ജി.പിയുടെ ഭാര്യാ സഹോദരന്മാരാണ് പണമുണ്ടാക്കുന്നതെന്നു വരെ പറഞ്ഞു. കേരളത്തിലെ പൊലീസ് സേന തന്നെ നാണംകെട്ടു പോയില്ലേ? എന്നിട്ടും നിങ്ങള്‍ എന്തു നടപടിയാണ് എടുത്തത്? ഇതൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നാണ് നിങ്ങള്‍ പറയുന്നത്.
25 ദിവസം ഒരു ഭരണകക്ഷി എം.എല്‍.എ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ ഗുരുതര ആരോപണം ഉന്നയിച്ചിട്ടും, ദയവായി പത്രസമ്മേളനം നടത്തരുതെന്ന് ഭ്യര്‍ത്ഥിക്കുക മാത്രമാണ് സി.പി.എം സെക്രട്ടറിയേറ്റ് ചെയ്തത്. നിങ്ങളള്‍ക്ക് ജീര്‍ണത സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ആ പഴയ സി.പി.എമ്മായിരുന്നെങ്കില്‍ നിങ്ങള്‍ ഇങ്ങനെയല്ല ചെയ്യേണ്ടിയിരുന്നത്?
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉജാപക സംഘമുണ്ടെന്നും സ്വര്‍ണക്കടത്ത് ലഹരി സംഘങ്ങള്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കുന്നത് സി.പി.എമ്മാണെന്നും പ്രതിപക്ഷം പറഞ്ഞിട്ടുണ്ട്. അതൊക്കെയാണ് നിങ്ങളുടെ കൂടെയുള്ള എം.എല്‍.എയും അടിവരയിട്ടത്. ബി.ജെ.പി പ്രസിഡന്റിനെ കുഴല്‍പ്പണ കേസില്‍ സഹായിച്ചെന്ന് ഞങ്ങള്‍ ആരോപണം ഉന്നയിച്ചു.
ഇപ്പോള്‍ വീണ്ടും മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിലും സഹായിച്ചു. ഒരു വര്‍ഷത്തിനകം കുറ്റപത്രം സമര്‍പ്പിക്കുന്നതിന് പകരം 17 മാസം കൊണ്ടാണ് ആ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സുരേന്ദ്രനെ രക്ഷിക്കാനാണ് ഇങ്ങനെ ചെയ്തത്. എന്നിട്ടും കണ്ടോനേഷന് പെറ്റീഷന് പോലും നല്‍കിയില്ലെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. അപ്പോള്‍ നിങ്ങള്‍ ആരുടെ കൂടെയാണ്?
സി.പി.ഐ എം.എല്‍.എ ഇ. ചന്ദ്രശേഖരനെ ബി.ജെ.പിക്കാര്‍ ആക്രമിച്ച കേസിലെ സി.പി.എമ്മുകാരായ സാക്ഷികള്‍ കൂറു മാറിയില്ലേ? കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആര്.എസ്.എസിന് ഒപ്പം നില്‍ക്കില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ഇ ചന്ദ്രശേഖരനെയാണ് നിങ്ങള്‍ പിന്നില്‍ നിന്നും കുത്തിയത്. കൂറുമാറിയതിനു പകരമായി ആര്.എസ്.എസുകാര്‍ സി.പി.എമ്മുകാരെ മറ്റൊരു കേസില്‍ സഹായിച്ചു. നിങ്ങളുടെ കൂടെ മന്ത്രിയായിരുന്ന ഒരു പാവത്തിനോടാണ് ഇങ്ങനെ ചെയ്തത്.
കെ.ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്ന കാലത്താണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ആര്.എസ്.എസ് നേതാക്കളായ സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍, ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരുടെ പുസ്തകങ്ങള്‍ എം.എ ഗവേണന്‍സ് ആൻഡ് പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഗോള്‍ വാള്‍ക്കറുടെ വിചാരധാര പോലും സിലബസില്‍ ഉള്‍പ്പെടുത്തി. സി.പി.എമ്മിന്റെ സിലബസ് മാറിയോ? വിചാരധാര എം.എ കുട്ടികള്‍ക്ക് പഠിപ്പിക്കാന്‍ നല്കിയവരാണ് ഇവര്‍. ആര് പറഞ്ഞിട്ടാണ് നിങ്ങള്‍ ഇതൊക്കെ ചെയ്തത്?
1977ല്‍ ആര്.എസ്.എസ് പിന്തുണയടെ എം.എല്‍.എ ആയ ആളാണ് പിണറായി വിജയന്. മാസ്കറ്റ് ഹോട്ടലില്‍ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ നിങ്ങള്‍ ആര്.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയില്ലേയെന്നു ചോദിച്ചപ്പോള്‍, സാധാരണയായി ചാടി എഴുന്നേല്‍ക്കാറുള്ള മുഖ്യമന്ത്രി തല കുനിച്ചിരുന്നു. ഇതുവരെ നിഷേധിച്ചിട്ടില്ല. അത് ഈ സഭയുടെ റെക്കോര്‍ഡിലുണ്ട്.
നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മും ഞങ്ങളും തമ്മില്‍ ധാരണ ഉണ്ടിയിരുന്നുവെന്ന് പറഞ്ഞത് ഓര്‍ഗനൈസറിന്റെ എഡിറ്റര്‍ ബാലശങ്കറല്ലേ? പൊലീസില്‍ ആര്.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞത് സി.പി.ഐ നേതാവായ ആനിരാജയല്ലേ? എന്നിട്ട് എല്ലാവരും ചേര്‍ന്ന് ആനി രാജയുടെ മെക്കിട്ടു കയറി.
സെപ്തംബര്‍ 13ന് ഡല്‍ഹിയിലെ മാധ്യമങ്ങളില്‍ പി.ആര് ഏജന്‍സി വഴി മലപ്പുറത്ത് സ്വര്‍ണക്കടത്താണെന്നും ആ പണം രാജ്യദ്രോഹത്തിന് ഉപയോഗിക്കുന്നുവെന്നുമുള്ള കേരളത്തിന് എതിരായ വാര്‍ത്ത വന്നു. സെപ്തംബര്‍ 21ന് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലും മലപ്പുറത്തിന് എതിരായ പരാമര്‍ശം ആവര്‍ത്തിച്ചു. 29ന് മുഖ്യമന്ത്രി ഹിന്ദുവിന് നല്കിയ അഭിമുഖത്തിലും ഇതേ കാര്യം പറഞ്ഞു.
സംഘ്പരിവാര്‍ നറേറ്റീവായ ഈ മൂന്ന് സ്ക്രിപ്റ്റുകളും ഒരേ കേന്ദ്രത്തില്‍ തയാറാക്കിയതാണ്. ഹിന്ദുവില്‍ ഇന്റര്‍വ്യൂ വന്നപ്പോള്‍ നിഷേധിച്ചില്ല. പിറ്റേ ദിവസം വിവാദമായപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഹിന്ദുവിന് കത്തെഴുതി. ആ കത്തിനുള്ള മറുപടിയിലാണ് കെയ്സണ്‍ എന്ന പി.ആര് ഏജന്‍സിയാണ് ഹിന്ദുവിന് മുഖ്യമന്ത്രിയുടെ അഭിമുഖം തരപ്പെടുത്തി കൊടുത്തെന്നു വ്യക്തമായത്. മുഖ്യമന്ത്രിക്കൊപ്പം കമ്പനി പ്രതിനിധികളായി ഉണ്ടായിരുന്ന രണ്ടു പേര് എഴുതിത്തന്നത് പ്രകാരമാണ് അഭിമുഖത്തിനൊപ്പം സ്വര്‍ണക്കടത്ത് സംബന്ധിച്ച വിവരങ്ങളും ഉള്‍പ്പെടുത്തിയതെന്നും ഹിന്ദു വ്യക്തമാക്കി.
മുഖ്യമന്ത്രി സെപ്തംബര്‍ 21 ന് നടത്തിയ പത്രസമ്മേളനത്തിലെ അതേ കാര്യം തന്നെയാണ് എഴിതി തരുന്നതെന്നും അവര്‍ ഹിന്ദു പത്രത്തെ അറിയിച്ചു. പി.ആര് ഏജന്‍സി ഇല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ദേവകുമാറിന്റെ മകന് അവിടെ ഉണ്ടായിരുന്നെന്നും മറ്റൊരാള്‍ കയറി വന്നുവെന്നുമാണ് പറഞ്ഞത്. പൊലീസിന്റെ റിങ് റൗണ്ടെല്ലാം കടന്ന് നമ്മുടെ ഒരു പരിയവും ഇല്ലാത്ത ആള് ഈ പിണറായി വിജയന്റെ അടുത്ത് കയ്യും കെട്ടി നിന്നെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?
എത്ര മൂടി വയ്ക്കാന്‍ ശ്രമിച്ചാലും നിങ്ങള്‍ ഒരു പി.ആര് ഏജന്‍സിയെ വച്ചിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി അങ്ങോട്ട് ചോദിച്ചിട്ടാണോ ഹിന്ദു പത്രത്തിന് അഭിമുഖം നല്‍കുന്നത്? ഹരിയാനയിലും ജമ്മുവിലും തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് സംഘ്പരിവാര്‍ അജണ്ട പുറത്തു വരുന്നത്. ഒരു കമ്മ്യൂണിറ്റിക്കും ജില്ലയ്ക്കും സ്റ്റേറ്റിനും എതിരെയാണ് സംഘ്പരിവാര്‍ അജണ്ട വന്നത്.
അവര്‍ ഹിന്ദുക്കള്‍ക്കും മുസ്ലീകള്‍ക്കും എതിരെ നറ്റേീവ് ഉണ്ടാക്കും. ആര് കള്ളക്കടത്ത് നടത്തിയാലും തെറ്റാണ്. എന്നാല്‍ അത് സംസ്ഥാനത്തിന്റെയും ജില്ലയുടെയും കമ്മ്യൂണിറ്റിയുടെയും തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കത്തിന് മുഖ്യമന്ത്രി കൂട്ടു നിന്നു. മുഖ്യമന്ത്രി അറിയാതെയാണ് പി.ആര് ഏജന്‍സികള്‍ അഡീഷണലായി ഹിന്ദു പത്രത്തിന് കുറിപ്പ് നല്കിയതെങ്കില് പി.ആര് ഏജന്‍സിക്കെതിരെ കേസെടുക്കാന്‍ നിങ്ങള്‍ തയാറുണ്ടോ? മുഖ്യനന്ത്രി പിണറായി വിജയന് പട്ടില്‍ പൊതിഞ്ഞൊരു ശകാരമെങ്കിലും സുബ്രഹ്മണ്യത്തിന് നല്‍കിയോ. എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നെങ്കിലും ചോദിച്ചോ? സംഘ്പരിവാര്‍ നറേറ്റീവ് നിങ്ങള്‍ ആവര്‍ത്തിക്കുകയാണ്.
അന്‍വര്‍ പറഞ്ഞ 150 കോടി തള്ളിക്കളയുന്നുണ്ടോയെന്ന് ചോദിച്ചു. അന്ന് ആരോപണം വന്നപ്പോള്‍ നിങ്ങളെല്ലാം ചിരിച്ചു. അന്നും ഞാന്‍ അന്‍വറിനെതിരെ ഒന്നും പറഞ്ഞില്ല. കരയണോ ചിരിക്കണോ എന്ന് ഞാന്‍ മുഖ്യമന്ത്രിയോടാണ് ചോദിച്ചത്. മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെ നിങ്ങളില്‍ ഒരാള്‍ പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിക്കുമോ? അന്‍വറിനെക്കൊണ്ട് മുഖ്യമന്ത്രിയാണ് മൂന്നാംകിട ആരോപണം ഉന്നയിച്ചത്.
മുഖ്യമന്ത്രി എനിക്കെതിരെ ഉന്നയിച്ച അതേ അന്‍വര്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് വി.ഡി സതീശനാണ്. ഇത് കാലത്തിന്റെ കാവ്യനീതിയാണ്. അതേ ആള് തന്നെയാണ് മുഖ്യമന്ത്രിക്കെതിരെ സംസാരിക്കുന്നത്.
ആരോപണ വിധേയനായ എ.ഡി.ജി.പിയെ കയറൂരി വിട്ട് നിങ്ങള്‍ ഇപ്പോഴും സംരക്ഷിക്കുകയാണ്. ഒരു നടപടിയും എടുത്തില്ല. അയാള്‍ സര്‍വീസില്‍ ഇരുന്നുകൊണ്ട് ഈ കേസുകളൊക്കെ അട്ടിമറിക്കും. അന്വേഷണങ്ങളെല്ലാം പ്രഹസനമാണ്. നിങ്ങളുടെ പൊയ്മുഖങ്ങളാണ് അഴിഞ്ഞു വീണത്.
നേരത്തെ അമിത് ഷായെ കാണാന്‍ നിങ്ങള്‍ ഒരു ഡി.ജി.പിയെ വിട്ടില്ലേ? 77ല്‍ സംഘ്പരിവാറുമായി ചേര്‍ന്ന് നിങ്ങള്‍ മത്സരിച്ചപ്പോഴും, സി.പി.ഐ ഉള്‍പ്പെടെയുള്ള ഞങ്ങള്‍ 140ല്‍ 111 സീറ്റുമായി അധികാരത്തില്‍ തിരിച്ചു വന്നിട്ടുണ്ട്. നിങ്ങളുടെ ആര്.എസ്.എസ് കൂട്ടുകെട്ട് സംസ്ഥാനത്തിന് ദോഷകരമായാല്‍ കേരളത്തെ രക്ഷിക്കാന്‍ ഞങ്ങളുണ്ടാകും. നിങ്ങള്‍ ചെയ്യുന്നത് തീക്കളിയാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.