play-sharp-fill
വാവ സുരേഷ് തിരികെ ജീവിതത്തിലേക്ക്; ആരോ​ഗ്യം വീണ്ടെടുത്തു;  ഇപ്പോൾ നല്കുന്നത് മുറിവുണങ്ങാനുള്ള മരുന്നുകൾ മാത്രം; ഇന്ന് ആശുപത്രി വിട്ടേക്കും

വാവ സുരേഷ് തിരികെ ജീവിതത്തിലേക്ക്; ആരോ​ഗ്യം വീണ്ടെടുത്തു; ഇപ്പോൾ നല്കുന്നത് മുറിവുണങ്ങാനുള്ള മരുന്നുകൾ മാത്രം; ഇന്ന് ആശുപത്രി വിട്ടേക്കും

സ്വന്തം ലേഖകൻ
കോട്ടയം ∙ മൂർഖന്റെ കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന വാവ സുരേഷിനെ ഇന്നു ഡിസ്ചാർജ് ചെയ്തേക്കും. രാവിലെ മെഡിക്കൽ ബോർഡ് ചേർന്ന് ആരോഗ്യനില പരിശോധിച്ച ശേഷമാണു ഡിസ്ചാർജ് സംബന്ധിച്ചു തീരുമാനം എടുക്കുക.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന പനി പൂർണമായും മാറി. ആരോഗ്യം മെച്ചപ്പെട്ടു. ചെറിയ ശരീര വേദന ഒഴികെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് സുരേഷ് പറയുന്നത്. പാമ്പു കടിച്ച കാലിലെ തുടയുടെ ഭാഗത്ത് മുറിവ് അൽപം കൂടി ഉണങ്ങാനുണ്ട്. ഇതിനുള്ള ആന്റിബയോട്ടിക് മരുന്നു മാത്രമാണ് നിലവിൽ നൽകുന്നത്.


നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഉറക്കം ശരിയായ വിധത്തിലുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാറും ഡപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാറും പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ വാർഡിലേക്ക് മാറ്റാതെ നിരീക്ഷണ മുറിയിൽ നിന്നുതന്നെ സുരേഷിനെ ഡിസ്ചാർജ് ചെയ്യാനാണു ശ്രമിക്കുന്നത്. 10 ദിവസമെങ്കിലും പൂർണവിശ്രമം വേണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാവ സുരേഷുമായി മന്ത്രി വീണാ ജോർജ് ഫോണിൽ സംസാരിച്ചു. തോമസ് ചാഴികാടൻ എംപി, മോൻസ് ജോസഫ് എംഎൽഎ എന്നിവർ ഇന്നലെ വാവ സുരേഷിനെ സന്ദർശിച്ചു. സുരേഷിന് വീട് നിർമിച്ചു നൽകുവാൻ ചെന്നൈയിലെ ഹോട്ടൽ ബിസിനസ് ഗ്രൂപ്പ് മേധാവി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ 31-നു വൈകിട്ട്‌ 4.15-നു കുറിച്ചി ഒന്നാം വാര്‍ഡില്‍ പാട്ടാശ്ശേരി നിഖിലിന്റെ പുരയിടത്തില്‍നിന്നു മൂര്‍ഖനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണു സുരേഷിനു കടിയേറ്റത്‌. തുടര്‍ന്ന്‌, സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ സ്‌ഥിതി ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച്‌ 72 മണിക്കൂറിനുശേഷം ഐ.സി.യുവിലേക്കു മാറ്റി. നില മെച്ചപ്പെട്ടതോടെ കഴിഞ്ഞ വെള്ളിയാഴ്‌ച മുറിയിലേക്കു മാറ്റി.

മെഡിക്കല്‍ കോളജ്‌ സൂപ്രണ്ട്‌ ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ കാര്‍ഡിയോളജി മേധാവി ഡോ. വി.എല്‍. ജയപ്രകാശ്‌, മെഡിസിന്‍ വിഭാഗം മേധാവി ഡോ. സംഘമിത്ര, ആര്‍.എം.ഒ: ഡോ. ആര്‍.പി. രഞ്‌ജിന്‍, ന്യൂറോ സര്‍ജറി മേധാവി ഡോ. പി. കെ. ബാലകൃഷ്‌ണന്‍, ഡെപ്യൂട്ടി സൂപ്രണ്ട്‌ ഡോ. രതീഷ്‌കുമാര്‍, മെഡിക്കല്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്‌ നോഡല്‍ ഓഫീസര്‍ ഡോ. അനുരാജ്‌ എന്നിവരടങ്ങുന്ന വിദഗ്‌ധസംഘമാണു സുരേഷിന്റ ചികിത്സയ്‌ക്കു നേതൃത്വം നല്‍കിയത്‌..