play-sharp-fill
കേരളത്തിൻ്റെ ഏറ്റവും പ്രിയപ്പെട്ട മുഖ്യമന്ത്രി ഇ കെ നായനാർ കലാലോകത്തിന് പരിചയപ്പെടുത്തിയ ഗായികയായിരുന്നു മച്ചാട് വാസന്തി :അര നൂറ്റാണ്ടുകാലത്തോളം ഈ ഗായിക ഇവിടെ ദാരിദ്ര്യവും കഷ്ടപ്പാടും സഹിച്ച് ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ആരുമില്ലാതെ ജീവിക്കുകയായിരുന്നു : മലയാളി മറന്ന ഗായികയെകുറിച്ച്

കേരളത്തിൻ്റെ ഏറ്റവും പ്രിയപ്പെട്ട മുഖ്യമന്ത്രി ഇ കെ നായനാർ കലാലോകത്തിന് പരിചയപ്പെടുത്തിയ ഗായികയായിരുന്നു മച്ചാട് വാസന്തി :അര നൂറ്റാണ്ടുകാലത്തോളം ഈ ഗായിക ഇവിടെ ദാരിദ്ര്യവും കഷ്ടപ്പാടും സഹിച്ച് ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ആരുമില്ലാതെ ജീവിക്കുകയായിരുന്നു : മലയാളി മറന്ന ഗായികയെകുറിച്ച്

കോട്ടയം: 1970-ൽ മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്ക്കാരം നേടിയ ചിത്രമായിരുന്നു പി എൻ മേനോൻ സംവിധാനം ചെയ്ത “ഓളവും തീരവും. ”
മലയാള സാഹിത്യലോകത്തെ അക്ഷരകുലപതി
എം ടി വാസുദേവൻ നായർ രചന നിർവ്വഹിച്ച ഈ ചിത്രം പൂർണ്ണമായും ഔട്ട്ഡോറിൽ ചിത്രീകരിച്ച മലയാളത്തിലെ ആദ്യ സിനിമയായിട്ടാണ് അറിയപ്പെടുന്നത്.

മധു എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ
കഥാപാത്രമായിരുന്നു ഓളവും തീരത്തിലെ ബാപ്പുട്ടി .
പിൽക്കാലത്ത് ചലച്ചിത്ര സംവിധായകനായി മാറിയ
പി എ ബക്കർ ആയിരുന്നു
ഈ ചിത്രത്തിന്റെ നിർമാതാവ് .

പി ഭാസ്കരന്റെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം എസ് ബാബുരാജ് . എസ് ജാനകിയും പി ലീലയും മച്ചാട് വാസന്തിയുമായിരുന്നു ചിത്രത്തിലെ പ്രധാന ഗായികമാർ.
അത്ഭുതകരമെന്ന് പറയട്ടെ എസ് ജാനകിയും പി ലീലയും പാടിയ ഗാനങ്ങളേക്കാൾ
മച്ചാട് വാസന്തിയും
യേശുദാസും പാടിയ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“മണിമാരൻ തന്നത്
പണമല്ല പൊന്നല്ല
മധുരക്കിനാവിന്റെ
കരിമ്പിൻ തോട്ടം
കണ്ണുനീർ തേവിത്തേവി കരളിതിൽ വിളയിച്ച
കനകക്കിനാവിന്റെ
കരിമ്പിൻ തോട്ടം…”

എന്ന ഗാനമാണ് ഏറ്റവും ജനപ്രീതി നേടിയെടുത്തത് .
സാധാരണ ഒരു ഗാനം ജനപ്രീതി നേടിയെടുത്താൽ അതോടുകൂടി ആ ഗായികയുടെ നല്ല കാലം ആരംഭിക്കുകയാണ് പതിവ്. മച്ചാട് വാസന്തിയും മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് ഒരു വലിയ വാഗ്ദാനമാകും എന്ന് കരുതിയെങ്കിലും എല്ലാ പ്രതീക്ഷകളേയും കാറ്റിൽ പറത്തി പിന്നീട്
അര നൂറ്റാണ്ടുകാലത്തോളം
ഈ ഗായിക ഇവിടെ ദാരിദ്ര്യവും കഷ്ടപ്പാടും സഹിച്ച് ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ആരുമില്ലാതെ ജീവിക്കുകയായിരുന്നു .

ഏതാനും ദിവസങ്ങൾക്കു മുമ്പ് കൃത്യമായി പറഞ്ഞാൽ 2024 ഒക്ടോബർ 14-ന് അവർ ഈ ലോകത്തോട് യാത്ര പറഞ്ഞപ്പോൾ നന്ദികേടിൻ്റെയും അവഗണനയുടേയും ഒരു
ദുരന്തചിത്രമായിരുന്നു മനസ്സിൽ തെളിഞ്ഞു വന്നത്.

കേരളത്തിൻ്റെ ഏറ്റവും പ്രിയപ്പെട്ട മുഖ്യമന്ത്രി ഇ കെ നായനാർ കലാലോകത്തിന് പരിചയപ്പെടുത്തിയ ഗായികയായിരുന്നു
മച്ചാട് വാസന്തി .
ഇ കെ നായനാരോടൊപ്പം പാർട്ടിയിൽ പ്രവർത്തിക്കുകയും കമ്മ്യൂണിസ്റ്റ് പാർട്ടി യോഗങ്ങളിലും നാടകങ്ങളിലും പാടിയിരുന്ന സഖാവ് മച്ചാട് കൃഷ്ണന്റെ മകളായിട്ടാണ് കണ്ണൂരിലെ കക്കാടിൽ വാസന്തിയുടെ ജനനം.

ഒമ്പതാം വയസ്സിലാണ്
ഈ ഗായികയുടെ
കലാരംഗത്തേക്കുള്ള അരങ്ങേറ്റം.
സഹപ്രവർത്തകന്റെ മകൾ ഒരു പാട്ടുകാരിയാണെന്ന് അറിഞ്ഞ
ഇ കെ നായനാർ തന്നെയാണ് കുട്ടിയെ സ്റ്റേജിലേക്ക് എടുത്ത് പൊക്കി പാട്ട് പാടാൻ അന്ന് പ്രോത്സാഹിച്ചത്.

കിസാൻസഭയുടെ ആ യോഗത്തിൽ വാസന്തി ഒരു വിപ്ലവഗാനം പാടി …

“പൊട്ടിക്കൂ പാശം,
സമരാവേശം കൊളുത്തൂ വീരയുവാവേ നീ”

എന്ന് തുടങ്ങുന്ന ഗാനം പാടിക്കഴിഞ്ഞപ്പോൾ സദസ്സിന്റെ വലിയ കൈയടി.
കൈ അടിച്ചവരിൽ പിന്നീട് മലയാള ചലച്ചിത്ര ഗാനശാഖയുടെ രാജകുമാരനായി മാറിയ
എം എസ് ബാബുരാജ് എന്ന ബാബുക്കയും ഉണ്ടായിരുന്നു.
കൊച്ചു വാസന്തിയുടെ സർഗ്ഗവാസന തിരിച്ചറിഞ്ഞ
എം എസ് ബാബുരാജ് ആ കുട്ടിയെ സംഗീതം പഠിപ്പിക്കാൻ തയ്യാറായി.

അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ച “തിരമാല ” എന്ന ആദ്യചിത്രത്തിൽ തന്നെ
മച്ചാട് വാസന്തിക്ക് ഒരു പാട്ട് കൊടുക്കാൻ ബാബുരാജ് മറന്നില്ല.
പക്ഷേ ചിത്രത്തിൻ്റെ നിർമ്മാണം ഇടയ്ക്ക് വെച്ച് നിലച്ചുപോയി.

പിന്നീട് രാമു കാര്യാട്ട് സംവിധാനം ചെയ്ത “മിന്നാമിനുങ്ങി ” ൽ രണ്ടു പാട്ടുകൾ പാടാൻ വാസന്തിക്ക് ഭാഗ്യമുണ്ടാക്കി കൊടുത്തതും ബാബുരാജ് തന്നെ .

“തത്തമ്മേ തത്തമ്മേ നീപാടിയാൽ അത്തിപ്പഴം തന്നിടും…’
“ആരു ചൊല്ലിടും
ആരു ചൊല്ലിടും…”
എന്നീ ഗാനങ്ങളുടെ
രചന നിർവ്വഹിച്ചത്
പി ഭാസ്കരനായിരുന്നു .

ഈ കാലത്താണ്
ചെറുകാടിൻ്റെ
” നമ്മളൊന്ന് ” എന്ന നാടകം കേരളത്തിൻ്റെ സംസ്കാരിക രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നത്.
പാർട്ടി പ്രവർത്തകനും കവിയുമായ പൊൻകുന്നം ദാമോദരൻ എഴുതിയ

“പച്ചപ്പനം തത്തേ
പുന്നാര പൂമുത്തേ
ആഹാ ആ..ആ‍..ആ..ആ
പച്ചപ്പനം തത്തേ
പുന്നാര പൂമുത്തേ
പുന്നെല്ലിൻ പൂങ്കരളേ
ഉച്ചക്കു നീയെന്റെ കൊച്ചു വാഴത്തോപ്പിൽ
ഒന്നു വാ പൊന്നഴകേ
നീ ഒന്നു വാ പൊന്നഴകേ…..”

എന്ന ഗാനം മച്ചാട് വാസന്തി പാടുമ്പോൾ ഈ ഗായികയ്ക്ക് കേവലം 13 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നു.
ഇതോടെ മച്ചാട് വാസന്തി കേരളത്തിന്റെ സംസ്കാരിക രംഗത്തും നാടക രംഗത്തും നിറസാന്നിധ്യമായി മാറി എന്നു പറയുന്നതായിരിക്കും ശരി.

വർഷങ്ങൾക്കുശേഷം
ശശി പറവൂർ സംവിധാനം ചെയ്ത “നോട്ടം ” എന്ന ചിത്രത്തിൽ എം ജയചന്ദ്രന്റെ സംഗീതസംവിധാനത്തിൽ യേശുദാസും സുജാതയും ഈ ഗാനം പാടി മലയാളക്കരയെ രോമാഞ്ചമണിയിച്ചപ്പോൾ ആദ്യഗാനം പാടിയ
മച്ചാട് വാസന്തിയെ ആരും ഓർത്തതുപോലുമില്ല.

കെ പി എ സിയുടെ
“നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ബഹദൂറിന്റെ ബല്ലാത്ത പഹയൻ, പി ജെ ആൻറണിയുടെ ഉഴവുചാൽ , നെല്ലിക്കോട് ഭാസ്കരന്റെ തിളക്കുന്ന കടൽ എന്നീ നാടകങ്ങളിലെല്ലാം വാസന്തി നായികയായും ഗായികയായും കേരളത്തിൻ്റെ സാംസ്കാരിക രംഗത്ത് ഒരു കാലത്ത് ജ്വലിക്കുന്ന അദ്ധ്യായമായി മാറി.

സത്യനും അംബികയും അഭിനയിച്ച എൻ എൻ പിഷാരടിയുടെ “അമ്മു ” എന്ന ചിത്രത്തിൽ
” കുഞ്ഞി പെണ്ണിന്
കണ്ണെഴുതാൻ ….. ”
എന്ന ഗാനമായിരുന്നു മച്ചാട് വാസന്തി രണ്ടാമതായി സിനിമയിൽ പാടിയത് .

ആ കാലത്ത് മദ്രാസ് നഗരത്തിലായിരുന്നു സിനിമാഗാനങ്ങളുടെ റെക്കോർഡിങ് കൂടുതലും നടന്നിരുന്നത് .
തെലുഗു നാട്ടിൽ നിന്നും എത്തിയ എസ് ജാനകി,
പി സുശീല, ബി വസന്ത,
ജിക്കി തുടങ്ങിയ ഗായികമാർ മലയാളത്തിലെ ചലച്ചിത്ര
ഗാനാലാപന രംഗത്ത് ആധിപത്യം സ്ഥാപിച്ചതോടെ മച്ചാട് വാസന്തിയെ പോലെയുള്ള ഗായികമാർക്ക് അവസരങ്ങൾ കുറഞ്ഞുപോയി എന്ന് പറയുന്നതായിരിക്കും ശരി.

ഓളവും തീരത്തിന് ശേഷം കാര്യമായ അവസരങ്ങൾ ഒന്നും ഈ ഗായികയ്ക്ക് കൈവന്നില്ല.
കുറേ നാടകങ്ങളിൽ നടിയായും ഗായികയായും ജീവിച്ചു പോയെങ്കിലും സാമ്പത്തികമായി ഒന്നും നേടാൻ കഴിഞ്ഞതുമില്ല . ദാരിദ്ര്യം തന്നെയായിരുന്നു അവർക്ക് എന്നും കൂട്ട്.

ഗാനഗന്ധർവ്വനോടൊപ്പം പാട്ടുപാടി ജനലക്ഷങ്ങൾ
നെഞ്ചിലേറ്റിയ ഒരു ഗായിക ഇവിടെ ജീവിച്ചിരുന്നു എന്നുപോലും സാംസ്ക്കാരിക ലോകം മറന്നുപോയി.

2024 ഒക്ടോബർ 14 -ന്
മച്ചാട് വാസന്തി എന്നെന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞപ്പോൾ സംഗീത പ്രേമികൾക്ക് മധുരക്കിനാവിന്റെ കരിമ്പിൻ തൊട്ടം സമ്മാനിച്ച ഈ ഗായികയ്ക്ക് കണ്ണീരോടെ വിടപറയാൻ മാത്രമേ സംഗീത ലോകത്തിന് കഴിഞ്ഞുള്ളു.