‘വരാഹ രൂപം ഒറിജിനല്‍ കോമ്പോസിഷനാണ് ‘ ; കോഴിക്കോട് നടന്ന ചോദ്യം ചെയ്യലിൽ കാന്താര സംവിധായകൻ ഋഷഭ് ഷെട്ടി

‘വരാഹ രൂപം ഒറിജിനല്‍ കോമ്പോസിഷനാണ് ‘ ; കോഴിക്കോട് നടന്ന ചോദ്യം ചെയ്യലിൽ കാന്താര സംവിധായകൻ ഋഷഭ് ഷെട്ടി

സ്വന്തം ലേഖകൻ

കോഴിക്കോട് : വൻ ഹിറ്റായ ‘കാന്താര’ സിനിമയിലെ വരാഹരൂപം എന്ന ഗാനം കോപ്പിയല്ലെന്ന നിലപാടിൽ ഉറച്ച്‌ സിനിമയുടെ അണിയറ പ്രവർത്തകർ.

വരാഹരൂപം കോപ്പി അല്ലെന്ന് ചിത്രത്തിന്‍റെ സംവിധായകനും പ്രധാന താരവുമായ ഋഷഭ് ഷെട്ടി കോഴിക്കോട് പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട കേസില്‍ ഇപ്പോള്‍ നടക്കുന്ന ചോദ്യം ചെയ്യല്‍ അടക്കം സ്വാഭാവിക നടപടികളാണെന്നും, വരാഹ രൂപം ഗാനം ഒറിജിനല്‍ കോമ്പോസിഷനാണെന്നും ഋഷഭ് ഷെട്ടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാന്താര സിനിമയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച താരം, തങ്ങളുടെ കാര്യങ്ങളെല്ലാം പോലീസിനോട് ചോദ്യം ചെയ്യലില്‍ വിവരിച്ചതായും അറിയിച്ചു.

കാന്താര സിനിമയുടെ ഗാനത്തിന്‍റെ പകര്‍പ്പാവകാശ കേസില്‍ എതിര്‍കക്ഷികളായ സിനിമയുടെ സംവിധായന്‍ ഋഷഭ് ഷെട്ടി, നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍ ഇന്നും കോഴിക്കോട് ചോദ്യം ചെയ്യലിന് ഹാജറായിരുന്നു. കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ രാവിലെ ഹാജരാകാനായിരുന്നു ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഇന്നലെയും ഇരുവരും സ്റ്റേഷനില്‍ ഹാജരായിരുന്നു. കേസില്‍ ഉപാധികളോടെ ഋഷഭ് ഷെട്ടിക്കും വിജയ് കിരഗന്ദൂരിനും ഹൈക്കോടതി നേരത്തേ ജാമ്യം നല്‍കിയിരുന്നു.

തൈക്കുടം ബ്രിഡ്‍ജും മാതൃഭൂമിയും നല്‍കിയ പരാതിയിലായിരുന്നു ചോദ്യം ചെയ്തത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് ഉള്‍പ്പെടെ ഒമ്പത് എതിര്‍ കക്ഷികളാണ് കേസിലുള്ളത്. കാന്താര സിനിമയിലെ ‘വരാഹരൂപം’ എന്ന ഗാനത്തിന്‍റെ സംഗീതം തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാന്‍റ് ചിട്ടപ്പെടുത്തിയ ‘നവരസം’ എന്ന ഗാനത്തിന്‍റെ പകര്‍പ്പവകാശം ലംഘിച്ചുവെന്നായിരുന്നു ആരോപണം.

വിവാദമായതിന് പിന്നാലെ തൈക്കുടം ബ്രിഡ്ജും ‘നവരസം’ ഗാനത്തിന്റെ ഉടമസ്ഥാവകാശം ഉള്ള മാതൃഭൂമിയും കോഴിക്കോട് ടൗൺ പൊലീസില്‍ കാന്താര സിനിമയുടെ നിര്‍മ്മാതാവിനും സംവിധായകനുമെതിരെ പരാതി നല്‍കുകയായിരുന്നു.

‘വരാഹരൂപം’ ഉള്‍പ്പെട്ട ‘കാന്താര’ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധി സുപ്രിംകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. പകര്‍പ്പവകാശ ലംഘന കേസില്‍ ജാമ്യം അനുവദിക്കുമ്പോൾ ഇത്തരം നിര്‍ദേശങ്ങള്‍ ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു സുപ്രിംകോടതിയുടെ നടപടി.