ഇനി ഒരു കുട്ടിക്കും ഇതുപോലൊരു ഗതിയുണ്ടാവരുത്, പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം; ഡോ. വന്ദനാ ദാസിന്‍റെ അമ്മ വസന്തകുമാരി
സ്വന്തം ലേഖകൻ
കടുത്തുരുത്തി: ഡോ. വന്ദനാ ദാസിന്‍റെ കൊലപാതകത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ ഡോ. വന്ദനാ ദാസിന്‍റെ അമ്മ വസന്തകുമാരി മാധ്യമങ്ങളോട് സംസാരിച്ചു. ഇനി ഒരു കുട്ടിക്കും ഇതുപോലൊരു ഗതിയുണ്ടാവരുത്. പരമാവധി ശിക്ഷ പ്രതിക്ക് ഉറപ്പാക്കണം. ഡോ. വന്ദനാ ദാസിന്‍റെ അമ്മ വസന്തകുമാരി പറഞ്ഞു.
മകളുടെ കൊലപാതകക്കേസില്‍ കൊട്ടാരക്കര ഒന്നാം ക്ലാസ് ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചെന്നറിഞ്ഞപ്പോള്‍ പറഞ്ഞതാണിത് കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് വീട്ടിലെത്തിയ മാധ്യമ പ്രവര്‍ത്തകരോടു വസന്തകുമാരി ചോദിച്ചറിഞ്ഞു. ഈ സമയം വന്ദനയുടെ അച്ഛന്‍ മുട്ടുചിറ നമ്പച്ചിറക്കാലായില്‍ കെ.ജി. മോഹന്‍ദാസ് കുറ്റപത്രം സമര്‍പ്പിക്കുന്ന വിവരം അറിഞ്ഞ് കൊട്ടാരക്കരയ്ക്കു പോയിരിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടില്‍ വസന്തകുമാരിയും മറ്റു ചില ബന്ധുക്കളും മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നലെ കുറ്റപത്രം സമര്‍പിക്കുന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച ഡിവൈഎസ്പി എം.എം. ജോസ് വന്ദനയുടെ കുടുംബത്തെ അറിയിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചതിനുശേഷം വന്ദനയുടെ അച്ഛന്‍ കെ.ജി. മോഹന്‍ദാസ് കൊട്ടാരക്കരയിലെത്തി ഡിവൈഎസ്പിയെ കണ്ട് വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു.
മരണാനന്തര ബഹുമതിയായി ആരോഗ്യ സര്‍വകലാശാല ഡോ. വന്ദനാദാസിന് ഇന്നു തൃശൂരില്‍ നടക്കുന്ന ബിരുദദാന ചടങ്ങില്‍ ഡോക്ടര്‍ ബിരുദം സമ്മാനിക്കും. തൃശൂരിലെത്തി അകാലത്തില്‍ പൊലിഞ്ഞ തങ്ങളുടെ മകള്‍ക്കുവേണ്ടി ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുമെന്നു വന്ദനയുടെ അച്ഛന്‍ കെ.ജി. മോഹന്‍ദാസ് പറഞ്ഞു.
സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വന്ദനയുടെ രക്ഷിതാക്കള്‍ ഹൈക്കോടതിയില്‍ കൊടുത്ത ഹര്‍ജി അടുത്ത 17ന് കോടതി പരിഗണിക്കും. കഴിഞ്ഞ മെയ് പത്തിനാണ് കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായ ഡോ.വന്ദന ദാസ് (23) കുത്തേറ്റു മരിച്ചത്. പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ച പ്രതിയാണ് ഡോക്ടറെ കുത്തിക്കൊന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലര്‍ച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് കസ്റ്റഡിയിലുള്ള കൊട്ടാരക്കര കുടവത്തൂര്‍ പൂയപ്പള്ളി സ്വദേശി സന്ദീപാണ് വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്.
പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു ആക്രമണമുണ്ടായത്. വീട്ടില്‍ വച്ചു അതിക്രമങ്ങള്‍ നടത്തിയ സന്ദീപിനെ പോലീസും ബന്ധുക്കളും ചേര്‍ന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് കട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലേക്കു വൈദ്യപരിശോധനക്കെത്തിച്ചത്. പുറകിലും നെഞ്ചിലും നിരവധിത്തവണ കുത്തേറ്റ ഡോക്ടര്‍ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലം അസീസിയ മെഡിക്കല്‍ കോളജില്‍നിന്ന് കഴിഞ്ഞ വര്‍ഷം വന്ദന എംബിബിഎസ് പഠനം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് കൊട്ടാക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്തു വരികയായിരുന്നു.