എറണാകുളം മുതൽ അമ്പലപ്പുഴ വരെ ഒറ്റവരിപ്പാത ; മടക്ക സർവീസ് വൈകിട്ട് ഏറ്റവും തിരക്കുള്ള സമയത്ത് ; രണ്ടാം വന്ദേഭാരത്: മറ്റു ട്രെയിനുകളുടെ സമയമാറ്റത്തിന് സാധ്യത
സ്വന്തം ലേഖകൻ
പത്തനംതിട്ട ∙ കാസർകോട് – തിരുവനന്തപുരം രണ്ടാം വന്ദേഭാരതിന്റെ സമയത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഒട്ടേറെ ട്രെയിനുകളുടെ ഓട്ടത്തെ ബാധിക്കാൻ സാധ്യത. എറണാകുളത്തിനും തൃശൂരിനുമിടയിൽ കൊച്ചുവേളി–യശ്വന്തപുര എക്സ്പ്രസ്, ആലപ്പി–കണ്ണൂർ, എറണാകുളം– അജ്മീർ മരുസാഗർ, തിരുവനന്തപുരം–നിസാമുദ്ദീൻ രാജധാനി, കന്യാകുമാരി–ബെംഗളൂരു ഐലൻഡ്, എറണാകുളം–ഷൊർണൂർ മെമു, എറണാകുളം–പട്ന ബൈവീക്ക്ലി എന്നീ ട്രെയിനുകളെയും ആലപ്പുഴയ്ക്കും എറണാകുളത്തിനുമിടയിൽ ആലപ്പി–എറണാകുളം മെമു, കൊച്ചുവേളി–മൈസൂരു എക്സ്പ്രസ്, കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദി, മംഗളൂരു–നാഗർകോവിൽ ഏറനാട്, എറണാകുളം–കായംകുളം എക്സ്പ്രസ്, നിസാമുദ്ദീൻ–തിരുവനന്തപുരം എക്സ്പ്രസ്, എറണാകുളം–ആലപ്പി മെമു എന്നിവയുടെ ഓട്ടത്തെയും വന്ദേഭാരത് ബാധിക്കും.
എറണാകുളം മുതൽ അമ്പലപ്പുഴ വരെ ഒറ്റവരിപ്പാതയായതിനാൽ എതിർ ദിശയിൽ വരുന്നതും മുന്നിൽ പോകുന്നതുമായ ട്രെയിനുകൾ പിടിച്ചിട്ടു വേണം വന്ദേഭാരതിനു വഴിയൊരുക്കാൻ. തിരുവനന്തപുരത്തു നിന്നുള്ള മടക്ക സർവീസ് വൈകിട്ട് ഏറ്റവും തിരക്കുള്ള സമയത്താണ് ആലപ്പുഴ–എറണാകുളം സെക്ഷനിൽ പ്രവേശിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വന്ദേഭാരതിന്റെ സമയക്രമം പരിഷ്കരിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം. രാവിലെ 7ന് പകരം കാസർകോട്ടുനിന്നു 5ന് വിട്ടാൽ 10ന് മുൻപ് എറണാകുളത്തും ഒരു മണിക്കു തിരുവനന്തപുരത്തും എത്താം. തിരികെ ഉച്ചയ്ക്കു രണ്ടിനു പുറപ്പെട്ടാൽ വൈകിട്ടത്തെ തിരക്കിനു മുൻപ് എറണാകുളം കടക്കാൻ കഴിയും. നിലവിലെ സമയക്രമത്തിൽ രാത്രി 11.55ന് കാസർകോട് എത്തുന്നതു യാത്രക്കാർക്കു ബുദ്ധിമുട്ടാണ്. എന്നാൽ മലബാർ മേഖലയിലെ ട്രാക്ക് അറ്റകുറ്റപ്പണിക്കുള്ള 3 മണിക്കൂർ ബ്ലോക്കിന്റെ സമയം മാറ്റാൻ കഴിയാത്തതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്.