കട്ടപ്പന വണ്ടൻമേട്ടിൽ നിരപരാധിയായ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കിയ ഭാര്യയുടെ കള്ളക്കളി ഡിവൈ എസ് പിയും, സി ഐയും ചേർന്ന് പൊളിച്ചടുക്കിയപ്പോൾ വയനാട്ടിൽ നിരപരാധിയെ കള്ളക്കേസിൽ കുടുക്കി പൊലീസ്
സ്വന്തം ലേഖകൻ
കട്ടപ്പന: കഞ്ചാവ് കേസിൽ നിരപരാധികളെ കുടുക്കുന്നത് നിത്യസംഭവമാകുന്നു. കാമുകനൊപ്പം ജീവിക്കാൻ മാരക മയക്കുമരുന്നായ എംഡിഎംഎ ഭർത്താവിന്റെ വാഹനത്തിൽവെച്ച് കള്ളക്കേസിൽ കുടുക്കി ജയിലലടയ്ക്കാൻ ശ്രമിച്ച ഭാര്യ സൗമ്യ എബ്രഹാം കേരളക്കരയിൽ ചർച്ചയായതിനു പിന്നാലെയാണ് വയനാട്ടിൽ കഞ്ചാവ് കേസിൽ യുവാവിനെ പൊലീസ് കുടുക്കിയ വാർത്ത പുറത്ത് വരുന്നത്.
വണ്ടൻമേട് പഞ്ചായത്ത് മെമ്പറായ സൗമ്യയും കാമുകനായ വിദേശ മലയാളി വിനോദും സുഹൃത്ത് ഷാനവാസും ചേർന്ന് സൗമ്യയുടെ ഭർത്താവായ സുനിലിനെ കുടുക്കാൻ മെനഞ്ഞെടുത്ത പദ്ധതിയായിരുന്നു മയക്കുമരുന്ന് കേസിൽ കുടുക്കി സുനിലിനെ ഇരുമ്പഴിക്കുളളിലാക്കുകയെന്നത്. അന്വേഷണത്തിൽ തെളിവുകൾ സഹിതം സൗമ്യയുടെ കള്ളക്കളി പുറത്ത് കൊണ്ടുവന്നത് കട്ടപ്പന ഡി.വൈ.എസ്.പി. വി. എ നിഷാദ് മോനും വണ്ടൻമേട് സി.ഐ നവാസുമാണ് .
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ ഉടമയായ സുനിൽ മയക്കു മരുന്ന് ഉപയോഗിക്കുന്നതായോ വിൽപ്പന നടത്തുന്നയാളോ അല്ലെന്ന് കണ്ടെത്തി. തുടർന്ന് സംശയം തോന്നിയ പൊലീസ് സംഘം നടത്തിയ അന്വേഷണം അവസാനിച്ചത് സുനിലിന്റെ ഭാര്യയും വണ്ടൻമേട് പഞ്ചായത്ത് എൽഡിഎഫ് സ്വതന്ത്ര മെമ്പറായ സൗമ്യ എബ്രഹാമിലാണ്. സൗമ്യ കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ഒഴിവാക്കാനായി ചെയ്ത കൊടും ക്രൂരകൃത്യമാണിതെന്നും സൗമ്യ തന്നെയാണ് മാരക മയക്കുമരുന്നായ എംഡിഎംഎ സുനിലിന്റെ വാഹനത്തിൽ വെച്ചതെന്നും തുടർന്ന് കാമുകനായ വിനോദിനെക്കൊണ്ട് പൊലീസിനേയും, എക്സൈസിനേയും വിളിച്ചറിയിക്കുകയായിരുന്നുവെന്നും മനസിലായി.
എന്നാൽ വയനാട്ടിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. വാഹനപരിശോധനയ്ക്കിടെ ഹെല്‍മറ്റും, മാസ്കുമില്ലാതെ വന്ന യുവാവിനെ പോലീസ് പിടികൂടി വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചത്. തുടര്‍ന്ന് വാഹനം സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയും ചെയ്തു. അടുത്ത ദിവസം 500 രൂപ പിഴയടച്ച് പോകാന്‍ പറയുകയും അത് പ്രകാരം പിഴയടച്ചു.
എന്നാല്‍ പിന്നീട് ഫോണില്‍ വിളിച്ച് പണം കോടതിയിലടച്ചാല്‍ മതിയെന്നും സ്റ്റേഷനില്‍ അടച്ച പണം തിരിച്ചു വാങ്ങാനും ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് പണം തിരികെ വാങ്ങി വീട്ടിലെത്തിയ ശേഷമാണ് തനിക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിന് എന്‍ഡിപിഎസ് കേസാണ് എടുത്തതെന്ന് പീച്ചങ്കോട് സ്വദേശിയായ തട്ടാങ്കണ്ടി സാബിത് എന്ന യുവാവ് അറിയുന്നത്.ഈ കേസുമായി ബന്ധപ്പെട്ട് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.
ശരിയായ ദിശയിൽ അന്വേഷണം നടന്നതിനാലാണ് കട്ടപ്പനയിൽ നിരപരാധി ശിക്ഷിക്കപ്പെടാതെ പോയത്. എന്നാൽ, വയനാട്ടിൽ നിരപരാധിയെ കുടുക്കാനാണ് പൊലീസ് ശ്രമിച്ചത്.