എൻ്റെ പെൺമക്കൾക്ക് നീതി വേണം: വാളയാർ പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തു
സ്വന്തം ലേഖകൻ
പാലക്കാട്: പീഡനത്തിന് ഇരയായി അതിക്രൂരമായി കൊല്ലപ്പെട്ട വാളയാർ പെൺകുട്ടികളുടെ അമ്മ നീതി തേടി തലമുണ്ഡനം ചെയ്തു.
കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് പെൺകുട്ടികളുടെ അമ്മയുടെ സമരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തെ സമരപ്പന്തലിൽ മൂന്നാം ഘട്ട സമരത്തിന് തുടക്കമിട്ടാണ് തല മുണ്ഡനം ചെയ്തുള്ള പ്രതിഷേധ പ്രഖ്യാപനം.
നീതി ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ നടത്തുന്ന സത്യഗ്രഹം ഒരു മാസം പിന്നിട്ടു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുമ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആയിരുന്നു സത്യഗ്രഹം തുടങ്ങിയത്. ഇത് നടപ്പാകാത്ത സാഹചര്യത്തിലാണ് തുടർ സമരം. സംസ്ഥാനത്തുടനീളം സർക്കാർ അവഗണനയ്ക്കെതിരെയും, നീതി നിഷേധത്തിനെതിരേ പ്രതിഷേധിച്ചുകൊണ്ടും സമരം നടത്തും
അമ്മയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും സാമൂഹ്യ പ്രവർത്തകരായ ബിന്ദു കമലനും സലീന പ്രക്കാനവും തല മുണ്ഡനം ചെയ്തു.
ആലത്തൂർ എം.പി.രമ്യാഹരിദാസ്, മഹിളാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് എന്നിവർ സമരവേദിയിൽ ഐക്യദാർഢ്യവുമായി എത്തിയിട്ടുണ്ട്.