
വാൽപ്പാറയിൽ അധ്യാപകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ധനസഹായം നൽകാൻ തീരുമാനമായത്. മരിച്ചവരിൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത അഞ്ച് പേരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം നൽകും. മരിച്ച സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാർത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുക്കൾക്കാണ് സഹായധനം അനുവദിച്ചത്. പരിക്കേറ്റ മൂന്ന് പേരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും. ഇൻഷുറൻസ് ഉളളവർക്ക്, അധിക തുക ചെലവായിട്ടുണ്ടെങ്കിൽ അതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കുമെന്ന് അറിയിച്ചു.
മലപ്പുറം പാങ്ങ് ഗവ. യുപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും അവരുടെ ചില കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. ഇക്കഴിഞ്ഞ ഏപ്രിൽ 17ആം തീയതിയാണ് അപകടമുണ്ടായത്. അപകടത്തിൽ ഒൻപത് പേർക്കാണ് ജീവൻ നഷ്ടമായത്.






