വൈക്കം താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിന്‍റെ തേപ്പിളകി അടര്‍ന്നുവീഴുന്നു; കെട്ടിട നിർമാണത്തിലെ അപാകതയെന്ന് ആരോപണം; ഗുരുഗത വീഴ്ച്ചയെന്ന് നാട്ടുകാർ
വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിന്‍റെ തേപ്പിളകി അടർന്നുവീഴുന്നു.
വേമ്പനാട്ട് കായലോരത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ പുറംഭാഗത്തെ തേപ്പാണ് അടർന്നു വീഴുന്നത്. കെട്ടിട നിർമാണത്തിലെ അപാകതയാണ് 2020ല്‍ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്‍റെ തേപ്പിളകിപ്പോകുന്നതിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
2025 സെപ്റ്റംബർ 15 വരെ കരാറുകാരന് കെട്ടിടത്തിന്‍റെ പരിപാലന ചുമതലയുണ്ട്.
കോളറ രോഗികളുടെ ചികിത്സയ്ക്കായി ഉണ്ടായിരുന്ന കെട്ടിടം പൊളിച്ചുനീക്കിയാണ് 3.65 കോടി രൂപ വിനിയോഗിച്ചു പുതിയ കെട്ടിടം നിർമിച്ചത്. ഈ കെട്ടിടത്തിലിപ്പോള്‍ മാമോഗ്രാം യൂണിറ്റ്, അള്‍ട്രാസൗണ്ട് സ്കാനിംഗ് സെന്‍റർ, പബ്ലിക് ഹെല്‍ത്ത് വിംഗ് ആൻഡ് പിപി യൂണിറ്റ്, വാക്സിനേഷൻ ഏരിയ തുടങ്ങിയവയാണ് പ്രവർത്തിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈക്കം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം ഇപ്പോള്‍ നടന്നുവരുന്ന അഞ്ചുനിലകളുള്ള അമ്മയും കുഞ്ഞും ആശുപത്രിയുടെ ഭിത്തിയിലെ ടൈലുകള്‍ കഴിഞ്ഞ ദിവസം അടർന്നുവീണിരുന്നു. അമ്മയും കുഞ്ഞും ആശുപത്രിയിലെ സ്റ്റെയർകെയ്സിനോടു ചേർന്നുള്ള ഭിത്തിയിലേയും ലിഫ്റ്റിന് സമീപത്തെ ഭിത്തിയിലെയും ടൈലുകളാണടർന്നു വീണത്.
ടൈലുകള്‍ അടർന്നുവീണ സമയത്ത് സമീപത്ത് ആളില്ലാതിരുന്നതിനാല്‍ അപകടമൊഴിവായി. തേപ്പടർന്നു വീഴുന്ന താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിന്‍റെയും അമ്മയും കുഞ്ഞും ആശുപത്രിയുടെയും അറ്റകുറ്റപ്പണി ഉടനടി നടത്തി ആശുപത്രികെട്ടിടങ്ങള്‍ കുറ്റമറ്റതാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.