വൈക്കത്തെ കുട്ടികളുടെ പാര്‍ക്ക് തുറക്കണമെന്നാവശ്യം; പ്രക്ഷോഭത്തിനൊരുങ്ങി സിപിഐ
സ്വന്തം ലേഖിക
വൈക്കം: വൈക്കം നഗരസഭയുടെ കുട്ടികളുടെ പാര്‍ക്ക് തുറക്കാന്‍ അധികൃതര്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐ പ്രക്ഷോഭത്തിലേക്ക്.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രണ്ടുവര്‍ഷം മുൻപാണ് പാര്‍ക്ക് അടച്ചത്. മൂന്നുവര്‍ഷം മുൻപ് കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്ത് വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഫണ്ട് ഉപയോഗിച്ചും സ്പോണ്‍സര്‍മാരെ കണ്ടെത്തിയും പാര്‍ക്കില്‍ നവീകരണ പ്രവര്‍ത്തനം നടത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, കോവിഡിന്റെ പ്രതിസന്ധികളെല്ലാം മാറിയിട്ടും പാര്‍ക്ക് തുറന്നു പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ഒരു നടപടിയും ഇപ്പോഴത്തെ നഗരസഭ അധികൃതര്‍ സ്വീകരിക്കുന്നില്ല.
കായല്‍ കാറ്റേറ്റ് സായാഹ്നം ചെലവഴിക്കാനെത്തുന്നവരുടെ പ്രധാന ഇടമായിരുന്നു പാര്‍ക്ക്. ഐസ്ക്രീം പാര്‍ലറുകള്‍ ലേലത്തിനു കൊടുക്കുന്നതിലൂടെ ലഭിച്ചിരുന്ന വരുമാനവും പാര്‍ക്ക് പൂട്ടിയതോടെ നിലച്ചു.
നിലവിലെ നഗരസഭാ അധികൃതരുടെ കെടുകാര്യസ്ഥതയാണ് പാര്‍ക്കിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണമെന്നു സിപിഐ നേതൃത്വം ആരോപിക്കുന്നു.
നഗരസഭ അധികൃതര്‍ നിസംഗത വെടിഞ്ഞു പാര്‍ക്ക് തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സിപിഐ വൈക്കം ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറിന് പാര്ക്കിന് മുന്നില്‍ സായാഹ്ന ധര്‍ണ നടത്തും.
സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് ഉദ്ഘാടനം ചെയ്യും.