വൈക്കം ചെമ്മനത്തുകരയിൽ തലയോട്ടി കണ്ടെത്തിയ സംഭവം: പൊലീസിന് ഇനി കടക്കേണ്ട കടമ്പകൾ ഏറെ; കോൾഡ് കേസിനു സമാനമായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി; കാണാതായ ആളുകളുടെ പട്ടിക തയ്യാറാക്കി പൊലീസ്
ക്രൈം ഡെസ്‌ക്
കോട്ടയം: വൈക്കം ചെമ്മനത്തുകരയിൽ ചതുപ്പ് നിലത്തിൽ തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ പൊലീസിന് ഇനി കടക്കേണ്ട കടമ്പകൾ ഏറെ.
ആദ്യം തലയോട്ടിയും കിട്ടിയ അസ്ഥി കഷണങ്ങളും പുരുഷന്റേതാണോ സ്ത്രീയുടേതാണോ എന്നു തിരിച്ചറിയണം. ഇതിനായി ബുധനാഴ്ച ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ തലയോട്ടി പുരുഷന്റേതാണോ സ്ത്രീയുടെതാണോ എന്നു കണ്ടെത്താൻ സാധിക്കൂ. ഇതിനായി പൊലീസ് നടപടികൾ ബുധനാഴ്ച ആരംഭിക്കും.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് വൈക്കം ചെമ്മനത്തുകരയിൽ തലയോട്ടി കണ്ടെത്തിയത്. വലിയ ആഴമുള്ള ചതുപ്പ് നിലം വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടിയും എല്ലിൻ കഷണങ്ങളും കണ്ടെത്തിയത്.
മീൻ വളർത്തലിനായാണ് ഇവിടെ വൃത്തിയാക്കിയത്. തലയോട്ടി കിട്ടിയ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശാസ്ത്രീയ പരിശോധനാ ഫലം വരും മുൻപ് തന്നെ അടുത്തിടെ വൈക്കത്തും പരിസരത്തു നിന്നും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നാം കാണാതായവരുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.
ഇതിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും പട്ടിക വ്യത്യസ്തമായി ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോരുത്തരുടെയും വിശദാംശങ്ങൾ കണ്ടെത്തും. ശാസ്ത്രീയമായ പരിശോധനയിൽ ലഭിക്കുന്ന വിവരങ്ങൾ ഈ കാണാതായവരുമായി ഒത്തു നോക്കും.
ഇത് കൂടാതെ അടുത്ത കാലത്ത് ഈ ചതുപ്പ് നിലത്തിന് സമീപം എത്തിയ വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ഇത്തരത്തിൽ എത്തിയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കും. ഈ പുരയിടത്തിൽ സ്ഥിരമായി എത്തുന്നവർ, ഈ പുരയിടവുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവർ എന്നിവരെയും കണ്ടെത്തും. ഇവർ അടക്കമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചാവും അന്വേഷണം നടത്തുക.
സംഭവ സ്ഥലത്തു നിന്നും തലയോടും, ശരീരത്തിലെ വിവിധ അസ്ഥി ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ ശരീര ഭാഗങ്ങൾ ലഭിച്ചത് കൊണ്ടു തന്നെ മൃതദേഹം ഇവിടെ എത്തിച്ച് കുഴിച്ചിടാനുള്ള സാധ്യത തള്ളിക്കളയാനാവുന്നില്ല.
ചാക്കോ, വസ്ത്രമോ മറ്റ് അവശിഷ്ടങ്ങളോ ചതുപ്പിൽ നിന്നും കണ്ടെത്തിയതായും സൂചനയില്ല. എന്നാൽ, ചെളിയും വെള്ളവും നിറഞ്ഞ ഈ ചതുപ്പിൽ നിന്നും ഇത്തരത്തിൽ എന്തെങ്കിലും കണ്ടെത്തുന്നതും ദുഷ്‌കരമാകും. ഈ സാഹചര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുന്നതു കാണാതായവരെ കേന്ദ്രീകരിച്ചു തന്നെയാവും.