play-sharp-fill
പതിനെട്ടല്ല അതുക്കുംമേലെ അടവ് പയറ്റി യുഡിഎഫ്, ശൈലജയ്ക്കെതിരെ ആരെന്ന് ചിന്തിച്ചപ്പോൾ പാലക്കാടൻ മണ്ണിൽനിന്ന് ഷാഫിയെത്തി,  സൈബർ ആക്രമണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും ഒടുവിൽ വൻ വിജയവുമായി ഷാഫി, മുരളീധരനെ മാറ്റി ഷാഫിയെ എത്തിച്ചത് ഇതെല്ലാം മുന്നിൽകണ്ടിട്ടോ?

പതിനെട്ടല്ല അതുക്കുംമേലെ അടവ് പയറ്റി യുഡിഎഫ്, ശൈലജയ്ക്കെതിരെ ആരെന്ന് ചിന്തിച്ചപ്പോൾ പാലക്കാടൻ മണ്ണിൽനിന്ന് ഷാഫിയെത്തി, സൈബർ ആക്രമണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും ഒടുവിൽ വൻ വിജയവുമായി ഷാഫി, മുരളീധരനെ മാറ്റി ഷാഫിയെ എത്തിച്ചത് ഇതെല്ലാം മുന്നിൽകണ്ടിട്ടോ?

തിരുവനന്തപുരം: അടവുകൾ മാറ്റി പ്രയോ​ഗിച്ച് തെരെഞ്ഞെടുപ്പിനെ നേരിടുന്ന യുഡിഎഫ് ഇത്തവണയും വിജയം കണ്ടു. വടകരയിൽ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ലീഡിലാണ് ഷാഫി പറമ്പിൽ വിജയക്കൊടി പാറിച്ചത്. ഇവിടെ വിജയം കണ്ടത് യു ഡി എഫിന്റെ മികച്ച രാഷ്ട്രീയ തന്ത്രം കൂടിയാണ്.

വടകരയിലെ പോരാട്ടം വാശിയുള്ളതായപ്പോൾ വിജയം ആർക്കൊപ്പമായിരിക്കുമെന്ന് ആശങ്കയിലായിരുന്നു. കെ.കെ. ശൈലജയും ഷാഫി പറമ്പിലും ഇഞ്ചോടിഞ്ച് പോരാടുമ്പോൾ തോൽക്കാനും ജയിക്കാനുമുള്ള ഘടകങ്ങൾ പലതായിരുന്നു. അക്രമ രാഷ്ട്രീയം,ബോംബ് സ്ഫോടനം, സൈബർ ആക്രമണം തുടങ്ങി ആരോപണ പ്രത്യാരോപണങ്ങളും പരാതിയും കേസും കടന്ന് സ്ഥാനാർത്ഥിക്കുള്ള വക്കീല്‍നോട്ടീസില്‍ വരെയെത്തി. വീഡിയോ മോർഫിങ്ങ് വരെ ആരോപണങ്ങള്‍ എത്തി.

എന്നാൽ, ഇതിനെയെല്ലാം യുഡിഎഫ് നിഷ്പ്രയാസം മറികടന്നു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് യുഡിഎഫിന്റെ വിജയം. മൂന്നാം സീറ്റ് ലഭിക്കാത്തതിലുള്ള പരിഭവവും സിറ്റിങ് എംപി. മത്സരിച്ചാലുണ്ടാവുന്ന ആവേശക്കുറവും മാറ്റിവെച്ച്‌ ലീഗ് ഷാഫിക്കുവേണ്ടി രംഗത്തിറങ്ങുന്ന കാഴ്‌ച്ചയ്ക്കാണ് രാഷ്ട്രീയ കേരളം പിന്നീട് സാക്ഷ്യം വഹിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്മജയുടെ കൂറുമാറ്റത്തോടെ രൂക്ഷമായ, ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയെന്ന രാഷ്ട്രീയ എതിരാളികളുടെ പ്രചാരണത്തെ മറികടക്കാനും ഷാഫിയുടെ വരവിലൂടെ സാധിച്ചു.ഒടുവില്‍ തന്റെ മോർഫ് ചെയ്ത വീഡിയോ ഇറക്കിയെന്ന് പറഞ്ഞില്ലെന്ന ശൈലജയുടെ അവസാന ‘വിശദീകരണം’ പാർട്ടിയുടെ സൈബർ പോരാളികളെ വരെ പ്രതിരോധത്തിലാക്കി.അർധരാത്രിയില്‍ പോലും ഷാഫിയുടെ സ്വീകരണ പരിപാടിയില്‍ കണ്ട വലിയ ആള്‍ക്കൂട്ടം യു.ഡി.എഫിന് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.

പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നില്ലായിരുന്നെങ്കിൽ ഇത്തവണത്തെ തെരെഞ്ഞെടുപ്പ് സാധാരണമായി പോകുമായിരുന്നു. എന്നാൽ, ഇതിന് മാറ്റം വന്നത് ഷാഫിയുടെ വടകരയിലെത്തിതാണ്. ശൈലജ ടീച്ചർക്കെതിരെ പ്രതിപക്ഷ പാർട്ടികൾ സ്ഥാനാർഥികളെ ഇറക്കാൻ മടിച്ചപ്പോഴാണ് പാലക്കാടിൽ നിന്നും ഷാഫി പറമ്പിൽ എത്തിയത്. ഈ മാറ്റം വലിയ വിജയവുമായി.

2019-ല്‍ പി. ജയരാജനെ മലർത്തിയടിക്കാൻ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കമായിരുന്നു വട്ടിയൂർക്കാവ് എംഎ‍ല്‍എയായിരുന്ന കെ. മുരളീധരനെ വടകരയില്‍ സ്ഥാനാർത്ഥിയായി എത്തിച്ചത്. ഇതേ അടവ് തന്നെയാണ് ഇത്തവണയും യുഡിഎഫ് പയറ്റിയത്. ന്യൂനപക്ഷവോട്ടുകള്‍ നിർണായകമായ വടകരയില്‍ ആ വോട്ടുകളില്‍ കണ്ണുവച്ചായിരുന്ന കെ.കെ. ശൈലജയെ സ്ഥാനാർത്ഥിയാക്കിയത്.

ദേശീയതലത്തില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം പറഞ്ഞായിരുന്നു തുടക്കത്തില്‍ ഷൈലജയുടെ വോട്ടുപിടിത്തവും. സ്ത്രീവോട്ടർമാർക്കിടയില്‍ ശൈലജക്കുള്ള സ്വീകാര്യതയും ഒന്നാം പിണറായി സർക്കാരില്‍ മന്ത്രിയായിരുന്നുകൊണ്ടുള്ള പ്രവർത്തനംകൊണ്ട് നേടിയ മികച്ച പ്രതിച്ഛായയും വോട്ടാകുമെന്ന് എല്‍.ഡി.എഫ്. പ്രതീക്ഷിച്ചു.ഇതിന് ബദലായി ഹൈക്കമാൻഡ് തീരുമാനപ്രകാരം വീണ്ടും ഇവിടെ മത്സരിക്കാൻ കെ മുരളീധരൻ തയ്യാറെടുക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ സഹോദരി പത്മജയുടെ കൂറുമാറ്റം.

ഏത് തന്ത്രമാണോ എല്‍.ഡി.എഫ്. വടകരയില്‍ പുറത്തെടുത്തത്, അതേ നാണയത്തില്‍ മറുപടി നല്‍കുകയായിരുന്നു യു.ഡി.എഫ്.ഈ തിരിച്ചടി മറികടക്കാനാണ് താത്പര്യമില്ലാതിരുന്നിട്ടും ഷാഫിയെ വടകരയിലെത്തിച്ചതും ബിജെപിയെ എതിരിടാൻ കെ മുരളീധരനെ തൃശ്ശൂരിലേക്കുയച്ചതും. സാമുദായിക സന്തുലനത്തിന് ശ്രമിക്കുന്ന യു.ഡി.എഫ്. കണ്ണൂരിലോ ആലപ്പുഴയിലോ മുസ്ലിം ന്യൂനപക്ഷത്തില്‍നിന്ന് സ്ഥാനാർത്ഥിയെ ഇറക്കിയേക്കുമെന്ന് പ്രതീക്ഷിച്ച എല്‍.ഡി.എഫിന് ഏറ്റ കനത്ത തിരിച്ചടിയായിരുന്ന വടകരയിലെ ഷാഫി പറമ്പിലിന്റെ സ്ഥാനാർത്ഥിത്വം.

പാലക്കാട് പോലെ സംഘപരിവാർ സ്വാധീനമുള്ള മണ്ഡലത്തില്‍ മൂന്നുതവണ വിജയിച്ച സ്ഥാനാർത്ഥിയെന്ന നിലയിലും പൊതുപ്രതിച്ഛായയുടെ പേരിലും ഏതെങ്കിലൊരുമൊരു കള്ളിയില്‍ ഒതുങ്ങിനില്‍ക്കുന്ന പേരായിരുമായിരുന്നില്ല ഷാഫി പറമ്പിലിന്റേത്.മറ്റെല്ലാ ചർച്ചകളേയും സ്വന്തം വ്യക്തിപ്രഭാവംകൊണ്ട് മറികടക്കാൻ കഴിയുന്ന സ്ഥാനാർത്ഥി.

പാലക്കാട് മാത്രം കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചിരുന്ന ഷാഫി ചിരപരിചിതമല്ലാത്ത രാഷ്ട്രീയ ഭൂമികയിലും വിജയംകൊയ്യാമെന്ന് തെളിയിക്കുകയാണ് വടകരയിലെ മിന്നും വിജയത്തിലൂടെ. മുല്ലപ്പള്ളി രാമചന്ദ്രനാണ് വടകരയിലെ ഇടത് തേരോട്ടത്തിന് തടയിട്ടത്.രണ്ട് തവണ വടകര പ്രതിനിധികരിച്ച മുല്ലപ്പള്ളി മാറി നിന്ന സാഹചര്യത്തിലാണ് കെ. മുരളീധരൻ വടകരയിലെത്തിയത്.

ഇത്തവണ കെ.കെ. ശൈലജയുടെ വ്യക്തി പ്രഭാവത്തില്‍ മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്നായിരുന്നു ഇടത് പ്രതീക്ഷ.ന്യൂനപക്ഷവോട്ടുകള്‍ ലക്ഷ്യമിട്ട് സംസ്ഥാനത്താകെ പിണറായി വിജയനെ മുന്നില്‍ നിർത്തി എല്‍.ഡി.എഫ്. നടത്തിയ നീക്കങ്ങളാകെ വടകരയിലെ ഷാഫിയുടെ സ്ഥാനാർത്ഥിത്വംകൊണ്ട് കോണ്‍ഗ്രസ് നിഷ്പ്രഭമാക്കി.