പി വി അൻവറിന് തിരക്കൊഴിഞ്ഞിട്ട് നിയമസഭയിലെത്താൻ സമയമില്ല; തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് മാസമായിട്ടും സ്ഥലത്തില്ല; നിയമസഭയില്‍ ഹാജരായത് അഞ്ച് ദിവസം മാത്രം; നിയമസഭയില്‍ വരാന്‍ താത്പര്യമില്ലെങ്കില്‍ അന്‍വര്‍ രാജിവയ്ക്കണമെന്ന് വി ഡി സതീശന്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അൻവറിന് തിരക്കൊഴിഞ്ഞിട്ട് നിയമസഭയിലെത്താൻ സമയമില്ല.
പതിനഞ്ചാം കേരള നിയമസഭയുടെ ഇപ്പോള്‍ നടക്കുന്ന മൂന്നാം സമ്മേളനത്തില്‍ അന്‍വര്‍ ഇതുവരെ പങ്കെടുത്തില്ല.
നിയമസഭയില്‍ നിന്നും തുടര്‍ച്ചയായി വിട്ടുനില്‍ക്കുന്ന സാഹചര്യത്തിൽ പി.വി.അന്‍വറിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം 12 ദിവസവും രണ്ടാം സമ്മേളനം 17 ദിവസവുമാണ് ഉണ്ടായിരുന്നത്. ഒന്നാം സമ്മേളനത്തില്‍ അന്‍വര്‍ പങ്കെടുത്തത് അഞ്ച് ദിവസം മാത്രം. രണ്ടാം സമ്മേളനത്തില്‍ ഒരു ദിവസം പോലും വന്നില്ല. നടപ്പുസമ്മേളനത്തില്‍ ഇതുവരെ എത്തിയില്ല. ഈ വിട്ടുനില്‍ക്കലില്‍ ഒരു അവധി അപേക്ഷ പോലും നല്‍കാതെയാണെന്ന് വിവരാവകാശ മറുപടിയില്‍ നിയമസഭാ സെക്രട്ടറിയേറ്റ് പറയുന്നു.
ഈ സാഹചര്യത്തിലാണ് അന്‍വറിനെതിരെ രൂക്ഷവിമര്‍ശനുമായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍ രംഗത്ത് വന്നത്.
വിഡി സതീശൻ്റെ വാക്കുകള്‍ –
എന്തുകൊണ്ടാണ് അന്‍വര്‍ സഭയിലേക്ക് വരാത്തതെന്ന് വ്യക്തമാക്കേണ്ടത് സര്‍ക്കാരും പാര്‍ട്ടിയുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള മൂന്ന് മാസം അദ്ദേഹം സ്ഥലത്തില്ലായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് മാസമായിട്ടും അദ്ദേഹം സ്ഥലത്തില്ല. ഇങ്ങനെയാണെങ്കില്‍ അദ്ദേഹം രാജിവച്ചു പോകുന്നതാണ് നല്ലത്. അസുഖം കാരണം ഒരാള്‍ നീണ്ടകാലം വിട്ടു നിന്നാല്‍ നമ്മുക്ക് മനസ്സിലാക്കാം. എന്നാല്‍ ബിസിനസ് നടത്താനായി ഒരാള്‍ നിയമസഭ ഒഴിവാക്കുകയാണേല്‍ അദ്ദേഹം എംഎല്‍എയായി ഇരിക്കേണ്ട കാര്യമില്ല. ഇക്കാര്യത്തില്‍ അന്‍വറാണ് തീരുമാനമെടുക്കേണ്ടത്. അല്ലെങ്കില്‍ എല്‍ഡിഎഫ് ഒരു നിലപാട് എടുക്കണം. നിയമസഭാ ചട്ടപ്രകാരവും ഭരണഘടനയും അനുസരിച്ച് ഈ വിഷയത്തില്‍ പ്രതിപക്ഷം നീങ്ങും. വേണ്ട നടപടികള്‍ കൃത്യസമയത്ത് തുടങ്ങും.
ഏതെങ്കിലും ഒരു അംഗം അറുപത് ദിവസം തുടര്‍ച്ചയായി സഭയില്‍ ഹാജരാകാതിരുന്നാല്‍ പരാതി ലഭിച്ചില്ലെങ്കിലും അയാളുടെ നിയമസഭാംഗത്വം റദ്ദാവും എന്നാണ് നിയമസഭയുടെ 194/4 ചട്ടത്തില്‍ പറയുന്നത്. ഈ ചട്ടം നിയമസഭയില്‍ അന്‍വറിനെതിരെ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. അതേസമയം വിദേശത്തുള്ള അന്‍വര്‍ ഈ മാസം 15-ന് തിരിച്ചെത്തുമെന്നാണ് സിപിഎം വൃത്തങ്ങള്‍ പറയുന്നത്.