യുപിയിലെ ആശുപത്രിയില്‍ ചികിത്സാപ്പിഴവ്; രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് മഞ്ഞപ്പിത്തവും എച്ച്‌ഐവിയും
സ്വന്തം ലേഖിക
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച പതിനാലു കുട്ടികള്‍ക്ക് എച്ചഐവിയും മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. കാന്‍പൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലാണ് സംഭവം.
ദാനം ചെയ്ത രക്തം ഫലപ്രദമായ പരിശോധന നടത്താത്തതാണ് പിഴവിന് കാരണമെന്നാണ് ഉദ്യോസ്ഥര്‍ പറയുന്നത്. സംഭവം ആശങ്കാജനകമാണെന്ന് ആശുപത്രിയിലെ ശിശുരോഗവിഭാഗം മേധാവി അരുണ്‍ ആര്യ പറഞ്ഞു. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചവരെ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലേക്കും എച്ച്‌ഐവി പോസിറ്റിവായവരെ കാന്‍പൂരിലെ ആശുപത്രിയിലേക്കും റഫര്‍ ചെയ്തതായി അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
180 കുട്ടികളാണ് തലാസീമിയ രോഗത്തെ തുടര്‍ന്ന് രക്തം സ്വീകരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എച്ചഐവിയും മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചത്. ഏഴ് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും അഞ്ച് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സിയും രണ്ട് പേര്‍ക്ക് എച്ച്‌ഐവിയും സ്ഥിരീകരിച്ചതായി ഡോക്ടര്‍ ആര്യ പറഞ്ഞു.
ആവശ്യമായ അളവില്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദിപ്പിക്കാന്‍ ശരീരത്തിന് കഴിയാത്ത അവസ്ഥയാണ് തലാസീമിയ. രക്ഷിതാക്കളില്‍ നിന്ന് കുട്ടികളിലേക്ക് പകരുന്ന ഒരു പാരമ്പര്യ രോഗമാണിത്. ഓക്‌സിജനെ വഹിക്കുന്ന അരുണരക്തകോശങ്ങളില്‍ കാണപ്പെടുന്ന ഒരു പ്രോട്ടീന്‍ ആണ് ഹീമോഗ്ലോബിന്‍.
ഇതിന്റെ അഭാവം വിളര്‍ച്ചയ്ക്ക് കാരണമാകും. കൂടാതെ ക്ഷീണം, തളര്‍ച്ച, വിളറിയ ചര്‍മം, ശ്വാസമെടുക്കാന്‍ പ്രയാസം, മഞ്ഞനിറത്തിലുള്ള ചര്‍മം, ക്രമം തെറ്റിയ ഹൃദയമിടിപ്പ്, മൂത്രത്തിന് കടുംനിറം, ഹൈപ്പര്‍ടെന്‍ഷന്‍ ഇവയ്ക്കും ഈ അവസ്ഥ കാരണമാകും. ലോകത്ത് തലാസീമിയ മേജര്‍ ബാധിച്ച ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉള്ളതും ഇന്ത്യയിലാണ്.