play-sharp-fill
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാര്‍ യൂസഫലി സ്വന്തമാക്കുന്നു ;കോടിക്കണക്കിന് രൂപയുടെ ആഢംബരകാറുകള്‍ യൂസഫലിക്കുണ്ടെങ്കിലും രാജകീയ വാഹനം സ്വന്തമാക്കിയതിന് പിന്നിൽ ഒരു  അപൂർവ സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെയും കഥയുണ്ട്

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാര്‍ യൂസഫലി സ്വന്തമാക്കുന്നു ;കോടിക്കണക്കിന് രൂപയുടെ ആഢംബരകാറുകള്‍ യൂസഫലിക്കുണ്ടെങ്കിലും രാജകീയ വാഹനം സ്വന്തമാക്കിയതിന് പിന്നിൽ ഒരു അപൂർവ സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെയും കഥയുണ്ട്


സ്വന്തം ലേഖിക

തിരുവനന്തപുരം : കാറുകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന രാജകുമാരനായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ.തിരുവിതാംകൂറിലെ അവസാനത്തെ ഇളയ രാജാവായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ രാജകീയ വാഹനം രാജ്യത്തെ ഏറ്റവും സമ്പന്നരിലൊരാളായ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി സ്വന്തമാക്കിയിരിക്കുകയാണ്.കവടിയാര്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന 1955 മോഡല്‍ മെഴ്‌സിഡീസ് ബെന്‍സ് 180 ടി കാര്‍ യൂസഫലിക്കു സമ്മാനിക്കുകയാണ്.


ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും തമ്മിലുള്ള അപൂര്‍വ സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെയും അടയാളമാണ് കാന്‍ 42 എന്ന ബെന്‍സ് കാര്‍. ജര്‍മനിയില്‍ നിര്‍മിച്ച ബെന്‍സ് 12,000 രൂപ നല്‍കിയാണ് 1950കളില്‍ രാജകുടുംബം സ്വന്തമാക്കുന്നത്. കര്‍ണാടകയില്‍ റജിസ്‌ട്രേഷന്‍ നടത്തിയ കാര്‍ മാര്‍ത്താണ്ഡവര്‍മയുടെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ടതും ആയിരുന്നു. ബെംഗളൂരുവില്‍ താമസിക്കുമ്പോൾ യാത്രയ്ക്ക് ഈ കാറാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ വാഹനമാണ് യൂസഫലി സ്വന്തമാക്കിയത്.കോടിക്കണക്കിന് രൂപയുടെ ആഢംബരത്തിന്റെ അവസാന വാക്കായ കാറുകള്‍ യൂസഫലിക്കുണ്ടെങ്കിലും ഇത്രയേറെ പഴക്കമുള്ള വാഹനം യൂസഫലി എന്തിന് സ്വന്തമാക്കുന്നു എന്ന ചോദ്യത്തിന് പിന്നില്‍ ഒരേയൊരു ഉത്തരമേയുള്ളൂ. മഹാരാജാവുമായുള്ള അടുത്ത ബന്ധം.

ഇന്ത്യയിലെ കോടീശ്വരന്‍മാരില്‍ മുപ്പത്തിയെട്ടാം സ്ഥാനമുള്ള യൂസഫലിയുടെ വാഹന പ്രേമവും വാഹനങ്ങളും കണ്ടാല്‍ സകലരും ഞെട്ടും. ലോകത്ത് തന്നെ സകലരും കൊതിക്കുന്ന കാര്‍ ബ്രാന്റുകള്‍ യൂസഫലിക്ക് സ്വന്തമാണ്. ബെന്റ്‌ലി കോണ്ടിനെന്റല്‍ ജി.ടി വി. 8എസ്(3.85 കോടി), റോള്‍സ് റോയിസ്(6.95 കോടി), റേഞ്ച് റോവര്‍(1.95 കോടി), ബി.എം.ഡബ്ല്യു 730 എല്‍.ഡി (1.35 കോടി), മിനി കൂപ്പര്‍ കണ്‍ട്രിമാന്‍ (34.9 കോടി) ലെക്‌സസ്(1.39 കോടി) കേരളത്തില്‍ യൂസഫലിയ്ക്കായി യാത്ര സജ്ജമായ കാറുകളില്‍ ചിലത് ഇവയാണ്. ഇത്കൂടാതെ യുഎഇയില്‍ മറ്റനേകം വാഹനങ്ങളുണ്ട്. ലോകത്ത് പുതിയ ബ്രാന്റുകള്‍ വരുമ്ബോള്‍ അവയിലും യൂസഫലി കണ്ണ് വയ്ക്കും.

യൂസഫലിയെപ്പോലെ കാറുകളെ ഇഷ്ടപ്പെട്ട രാജകുമാരനായിരുന്നു മാര്‍ത്താണ്ഡവര്‍മ്മ. 38ാം വയസില്‍ തുടങ്ങി സ്വയം ഓടിച്ചും യാത്രക്കാരനായും 40 ലക്ഷം മൈലുകള്‍ മാര്‍ത്താണ്ഡവര്‍മ സഞ്ചരിച്ചെന്നാണു കണക്ക്. ഇതില്‍ 23 ലക്ഷം മൈലുകളും ഈ ബെന്‍സില്‍ തന്നെയാണ്. താണ്ടിയ ദൂരം അടയാളപ്പെടുത്തി ബെന്‍സ് കമ്ബനി നല്‍കിയ മെഡലുകളും വാഹനത്തിനു മുന്നില്‍ പതിച്ചിട്ടുണ്ട്. 85-ാം വയസിലും മാര്‍ത്താണ്ഡവര്‍മ ഇതേ വാഹനം ഓടിച്ചു.

മഹാരാജാവിന്റെ കാര്‍ സ്വന്തമാക്കാന്‍ പലരും പലവട്ടം ശ്രമിച്ചു. കാറിന് മോഹവില നല്‍കി വാങ്ങാന്‍ പല പ്രമുഖരും അദ്ദേഹത്തെ സമീപിച്ചിരുന്നു. റെക്കോര്‍ഡ് ദൂരം സഞ്ചരിച്ച ബെന്‍സിനെ അഭിമാന ചിഹ്നമായി മാറ്റാന്‍ ബെന്‍സ് കമ്ബനി തന്നെ ആഗ്രഹിച്ചിരുന്നു. തിരിച്ചെടുക്കാമെന്നും പകരം 2 പുതിയ കാറുകള്‍ നല്‍കാമെന്നും പറഞ്ഞ് കമ്ബനിയിലെ ഉന്നതര്‍ അദ്ദേഹത്തെ സമീപിച്ചു. എന്നാല്‍ വാച്ച്‌ മുതല്‍ 1936ല്‍ വാങ്ങിയ റോളി ഫ്‌ലക്‌സ് ക്യാമറയും കാറും ഉള്‍പ്പെടെ പുരാതനമായ എല്ലാ വസ്തുക്കളെയും പൊന്നുപോലെ സൂക്ഷിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ കാറിനെ കൈവിട്ടില്ല.

കാറുകളുടെ പ്രിയ തോഴനായ യൂസഫലിക്കായിരുന്നു ആ യോഗം ഉണ്ടായിരുന്നത്. ആത്മമിത്രമായ യൂസഫലിക്ക് കാര്‍ കൈമാറാനായിരുന്നു ഉത്രാടം തിരുനാളിന്റെ തീരുമാനം. യൂസഫലിയെ അബുദാബിയിലെ വസതിയിലെത്തി സന്ദര്‍ശിച്ച മാര്‍ത്താണ്ഡവര്‍മ അദ്ദേഹത്തെ കവടിയാര്‍ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. 2012 ല്‍ യൂസഫലി പട്ടം കൊട്ടാരത്തില്‍ എത്തിയപ്പോള്‍ കാര്‍ സമ്മാനിക്കാനുള്ള ആഗ്രഹം ഉത്രാടം തിരുനാള്‍ അറിയിച്ചു. എന്നാല്‍ മഹാരാജാവ് അപ്രതീക്ഷിതമായി വിടവാങ്ങിയിരുന്നു.

ഉത്രാടം തിരുനാള്‍ വിടവാങ്ങിയതോടെ കാര്‍ ഏറെക്കാലമായി മകന്‍ പത്മനാഭവര്‍മയുടെയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷന്റെയും സംരക്ഷണയിലായിരുന്നു. ഉത്രാടം തിരുനാളിന്റെ ആഗ്രഹ പ്രകാരം വൈകാതെ തന്നെ കാര്‍ യൂസഫലിക്കു സമ്മാനിക്കാനാണു രാജകുടുംബത്തിന്റെ തീരുമാനം. മാര്‍ത്താണ്ഡവര്‍മ്മ നാടു നീങ്ങിയിട്ട് 10 വര്‍ഷം കഴിഞ്ഞപ്പോഴാണ് ആ നിയോഗം യൂസഫലിയില്‍ എത്തുന്നത്. അങ്ങനെ പലരും കൊതിച്ച്‌ മോഹവില പറഞ്ഞിരുന്ന കാര്‍ യൂസഫലിക്ക് സ്വന്തമാകുകയാണ്. മഹാരാജാവിന്റെ ഓര്‍മ്മകള്‍ ഇനി പ്രിയകൂട്ടുകാരന്‍ യൂസഫലിയിലൂടെ കാണാം.