ഉത്രക്കേസ്; സൂരജ് കുടുക്കിലേക്ക് തന്നെ; വാദി ഭാഗവും പ്രതിഭാഗവും ഉന്നയിച്ച വാദങ്ങൾ; കോടതിമുറിയിൽ നടന്ന വാക്പോര് ഇങ്ങനെ

ഉത്രക്കേസ്; സൂരജ് കുടുക്കിലേക്ക് തന്നെ; വാദി ഭാഗവും പ്രതിഭാഗവും ഉന്നയിച്ച വാദങ്ങൾ; കോടതിമുറിയിൽ നടന്ന വാക്പോര് ഇങ്ങനെ

സ്വന്തംലേഖകൻ

കൊല്ലം:മനഃസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിൽ പ്രതിയും ഭർത്താവുമായ സൂരജ് കുറ്റക്കാരനാണെന്നു കോടതി. കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ‌ാണു വിധി പ്രസ്താവിച്ചത്. വിധികേൾക്കാൻ ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തിയിരുന്നു. ഉദ്വേഗഭരിതമായ നിമിഷങ്ങൾ നിറഞ്ഞതായിരുന്നു ഉത്രാ കൊലക്കേസിന്റെ അന്വേഷണം. അത്ര തന്നെ ഉദ്വേഗമുണ്ടായിരുന്നു ഈ കേസിന്റെ വിചാരണയ്ക്കും. പ്രോസിക്യൂഷനും പ്രതിഭാഗവും ശക്തമായി കോടതി മുറിയിൽ ഉന്നയിച്ച വാദങ്ങൾ കേസിൽ നിർണായകമായി. പ്രോസിക്യൂഷൻ വാദങ്ങൾ ശരിയെങ്കിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു കൊലപാതക കേസായി ഉത്ര വധക്കേസ് മാറിയേക്കാം.

ആ വാദങ്ങൾ ഇങ്ങനെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഭാഗം: പണം കൊടുത്തു വാങ്ങിയ പാമ്പിനെ ഉപയോഗിച്ച് സ്വന്തം ഭാര്യയെ കടിപ്പിച്ച് കൊന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. എന്നാൽ ഇങ്ങനെയൊരു കൃത്യം ചെയ്യാൻ ഒരു മനുഷ്യനെ കൊണ്ടും കഴിയില്ല. പൊലീസ് കെട്ടിച്ചമച്ച കഥയാണ് കുറ്റപത്രമായി കോടതിക്കു മുന്നിൽ എത്തിച്ചിരിക്കുന്നത്. പാമ്പുകളെ കൈകാര്യം ചെയ്യാനുളള കഴിവ് എന്റെ കക്ഷിയായ സൂരജിനില്ല. മാത്രമല്ല ബോധവൽകരണ ക്ലാസ് സംഘടിപ്പിക്കുന്നതിന് വേണ്ടിയാണ് സുരേഷ് പാമ്പിനെ കൊണ്ടുവന്നത്. ആ ക്ലാസ് ഷൂട്ട് ചെയ്ത് യൂട്യൂബിലൂടെ നൽകുകയായിരുന്നു സൂരജിന്റെ ഉദ്ദേശ്യം.

പ്രോസിക്യൂഷൻ: പ്രതിഭാഗം ഉന്നയിക്കുന്ന വാദങ്ങൾ വസ്തുതയ്ക്ക് നിരക്കുന്നതല്ല. പാമ്പുകളെ ഉപയോഗിക്കുന്ന കാര്യത്തിൽ പ്രതി സൂരജ് വിദഗ്ദ്ധനായിരുന്നു. യൂട്യൂബിൽ പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകളാണ് സൂരജ് കൂടുതലായി കണ്ടിരുന്നത്. സുരേഷും സൂരജുമായി ബന്ധമുണ്ടെന്നും തെളിയിക്കാനുള്ള രേഖകളെല്ലാം പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്. മാത്രമല്ല സുരേഷ് എത്തിച്ച പാമ്പിനെ ഉപയോഗിച്ച് ഒരു സ്ഥലത്തു പോലും സൂരജ് ക്ലാസുകളൊന്നും നടത്തിയിട്ടില്ല.

പ്രതിഭാഗം: ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാൻ പല തവണ സൂരജ് ആസൂത്രണം നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇത് വാസ്തവമല്ല. 2020 മാർച്ച് മാസത്തിൽ ഉത്രയെ കടിച്ച അണലിയെ സൂരജ് വാങ്ങിയതും പാമ്പു പിടുത്തക്കാരന് സുരേഷിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട് . എന്നാൽ ഈ കണ്ടെത്തലുകൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. തെളിവുകളും സാക്ഷി മൊഴികളും സൂരജിന് അനുകൂലമാണ്.

പ്രോസിക്യൂഷൻ: 2020 ഫെബ്രുവരി മാസം സൂരജും സുരേഷും തമ്മിൽ കണ്ടിരുന്നുവെന്നതിന് ഇരുവരുടെയും ടവർ ലൊക്കേഷനുകൾ ഉൾപ്പെടെയുള്ള രേഖകൾ പ്രോസിക്യൂഷൻ കോടതിക്കു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. സുരേഷിന് കൈമാറാനായി സൂരജ് എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചതിന്റെ രേഖകളും കോടതിക്ക് മുന്നിലെത്തിച്ചു. ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് തെളിവായി സിസിടിവി ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. സാഹചര്യതെളിവുകൾ സൂരജിന് അനുകൂലമല്ല.

പ്രതിഭാഗം: എംസി റോഡിനടുത്ത് ഏനാത്ത് എന്ന സ്ഥലത്ത് വെച്ചാണ് സൂരജ് പാമ്പിനെ വാങ്ങാനുളള പണം പാമ്പാട്ടിയായ സുരേഷിന് നൽകിയതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ ഏനാത്തെ ഒരു സിസിടിവിയിലും എന്റെ കക്ഷിയായ സൂരജിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. അതിനാൽ പ്രോസിക്യൂഷൻ വാദം വാസ്തവ വിരുദ്ധമാണ്.

പ്രോസിക്യൂഷൻ: പ്രതിഭാഗം ഹാജരാക്കിയ സാക്ഷിയെ പ്രോസിക്യൂഷൻ വിസ്തരിച്ചതോടെ ഈ വാദവും ദുർബലമായെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഏനാത്തേക്ക് എത്താൻ സിസിടിവി ക്യാമറകളില്ലാത്ത മറ്റൊരു വഴി കൂടി ഉണ്ടെന്നും സൂരജും സുരേഷും തമ്മിലുളള കൂടിക്കാഴ്ച ഇവിടെ വച്ചായിരുന്നുവെന്നും പ്രതിഭാഗം സാക്ഷിയുടെ മൊഴിയോടെ തന്നെ വ്യക്തമായി.

പ്രതിഭാഗം: ഉത്രയെ ആദ്യം പാമ്പ് കടിച്ചത് 2020 മാര്ച്ച 3 ന് പുലര്ച്ചെയോടെയായിരുന്നു. അടൂരിലെ സൂരജിന്റെ വീട്ടിൽ വച്ച് പാമ്പു കടിയേറ്റ ഉത്രയെ ആശുപത്രിയിലെത്തിക്കാൻ പുറത്തു നിന്നുളള വാഹനമാണ് സൂരജ് ആശ്രയിച്ചത്. സ്വന്തം വീട്ടിൽ കാർ കിടക്കുമ്പോഴായിരുന്നു പുറത്തു നിന്ന് വണ്ടി വിളിച്ചത്. ചികിത്സ പരമാവധി വൈകിച്ച് ഉത്രയെ കൊല്ലുകയെന്ന ഉദ്ദേശത്തിലാണ് പ്രതി സ്വന്തം വാഹനം എടുക്കാതിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

പ്രതിഭാഗം: കുറ്റപത്രത്തിൽ പറയുന്ന ഈ കാര്യങ്ങളും വാസ്തവ വിരുദ്ധമാണ്. ഉത്രയ്ക്ക് പാമ്പു കടിയേറ്റത് അർദ്ധ രാത്രിയിലായിരുന്നു. രാത്രി വാഹനമോടിക്കാൻ സൂരജിന് കാഴ്ചാപ്രശ്നങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണ് എന്റെ കക്ഷി സ്വന്തം വാഹനം എടുക്കാതിരുന്നത്

പ്രോസിക്യൂഷൻ: ഈ വാദം നിലനിൽക്കില്ല. മുൻപ് പലതവണ സൂരജ് രാത്രിയിൽ വാഹനമോടിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്.

പ്രതിഭാഗം: കുറ്റപത്രത്തിൽ പറയുന്നത് പോലെ സ്ത്രീധനത്തിന്റെ പേരിൽ ഉത്രയുടെ വീട്ടുകാരുമായി പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. ഉത്രയുടെ വീട്ടുകാർ സ്വന്തം ഇഷ്ടപ്രകാരമാണ് ഉത്രയ്ക്ക് സ്വർണവും പണവും കാറുമെല്ലാം നൽകിയത്. സ്വർണ്ണവും പണവുമെല്ലാം തിരികെ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അത് തിരികെ നൽകാൻ എന്റെ കക്ഷി തയ്യാറായിരുന്നു.

പ്രോസിക്യൂഷൻ: ഇവിടെ സൂരജ് പറയുന്നത് കളവാണെന്ന് തെളിയിക്കാൻ ഉത്രയുടെ കുടുംബാംഗങ്ങളുടെ മൊഴികൾ ഹാജരാക്കിയിട്ടുണ്ട്. ഉത്രയെ ഇഷ്ടപ്പെട്ടുവെന്നു പറഞ്ഞ് വിവാഹത്തിനു തയാറായ സൂരജ് വിവാഹം ഉറപ്പിച്ചതിനു ശേഷം കൂടുതൽ സ്വർണവും വില കൂടിയ കാറും ആവശ്യപ്പെട്ടിരുന്നെന്ന് ഉത്രയുടെ അച്ഛൻ വിജയസേനൻ മൊഴി നൽകിയിട്ടുണ്ട്. സ്വത്തുക്കൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇനി ഉത്രയുമായി പ്രശ്നമുണ്ടാക്കില്ലെന്ന് സൂരജ് ഉറപ്പ് നൽകിയിരുന്നു.

പ്രോസിക്യൂഷൻ: ഉത്രയെ ജീവനോടെ അവസാനം കണ്ടത് സൂരജായിരുന്നു. ആറാം തീയതി രാത്രി സൂരജിനൊപ്പമാണ് ഉത്ര ഉറങ്ങാൻ കിടന്നത്. പിറ്റേന്ന് രാവിലെ ഉത്രയുടെ അമ്മ എത്തിയപ്പോൾ വായ തുറന്ന് കൈ കട്ടിലിൽ നിന്ന് താഴേക്ക് ഇട്ട നിലയിലായിരുന്നു ഉത്ര കിടന്നത്. പക്ഷേ രാവിലെ മുറിയിൽ നിന്ന് ഇറങ്ങിയ സൂരജ് ഇതേക്കുറിച്ച് ഒന്നും വീട്ടുകാരോട് പറഞ്ഞിരുന്നില്ല. ഇത് സൂരജിനെതിരായ പ്രധാന തെളിവാണ്.

പ്രതിഭാഗം: എന്നാൽ ആറാം തീയതി എന്റെ കക്ഷി സൂരജ് ഉത്രയ്ക്കൊപ്പമല്ല കിടന്ന് ഉറങ്ങിയത്. സൂരജ് മറ്റൊരു മുറിയിലായിരുന്നു കിടന്നത്.

പ്രോസിക്യൂഷൻ: ഈ വാദം നിലനിൽക്കില്ല. ഉത്ര കേസിൽ അന്വേഷണം ആവശ്യപ്പെട്ട് സൂരജ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ഈ കത്തിൽ താൻ ഉത്രയ്ക്കൊപ്പമാണ് കിടന്നിരുന്നത് എന്നായിരുന്നു സൂരജ് എഴുതിയിരുന്നത്. ഈ കത്ത് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്.

പ്രതിഭാഗം: ഉത്രയുടെ വീട്ടിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ അന്വേഷണ സംഘം തയാറായില്ല. ഈ ദൃശ്യങ്ങൾ പരിശോധിച്ചാൽ എന്റെ കക്ഷിയായ സൂരജിന്റെ നിരപരാധിത്വം തെളിയിക്കാനുള്ള വസ്തുതകൾ ലഭ്യമാകും . ഇതിന് തയ്യാറാകാത്തത് വഴി എന്റെ കക്ഷിക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

പ്രോസിക്യൂഷൻ: എന്നാൽ ഉത്രയുടെ വീട്ടിൽ സിസിടിവി സ്ഥാപിച്ചത് സൂരജ് തന്നെയായിരുന്നുവെന്നതിനുള്ള തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. മാത്രമല്ല ഉത്ര മരിക്കുന്നതിന് രണ്ടു മാസം മുമ്പ് ഈ സിസിടിവി തകരാറിലാവുകയും ചെയ്തു. ഇത് നന്നാക്കണമെന്ന് ഉത്രയുടെ മാതാപിതാക്കൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സൂരജ് തയാറായില്ല. ഇതും സൂരജിന്റെ ഒളിച്ചുകളിക്കുളള വ്യക്തമായ തെളിവുകളാണ്.

പ്രതിഭാഗം: ഉത്ര മരിച്ച ദിവസം ഉത്രയ്ക്കും എന്റെ കക്ഷിക്കൊപ്പം ഒരു വയസുകാരൻ മകനും ഉത്രയുടെ വീട്ടിലുണ്ടായിരുന്നു. ഇത്രയും അപകടകാരിയായ ഒരു പാമ്പിനെ പിഞ്ചുകുഞ്ഞ് ഉറങ്ങുന്ന മുറിയിൽ വിടാൻ ഒരച്ഛനും സാധിക്കില്ല. സൂരജ് അത് ചെയ്തിട്ടില്ല.

പ്രോസിക്യൂഷൻ: എന്നാൽ ഉത്ര മരിച്ച ദിവസം കുഞ്ഞ് ഉണ്ടായിരുന്നത് അടൂരിലെ സൂരജിന്റെ വീട്ടിലാണ് എന്ന് സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ തെളിഞ്ഞു. സൂരജിന്റെ വാദം കളവാണ്

പ്രോസിക്യൂഷൻ: ഉത്രയെ സൂരജ് കൊന്നത് ഉത്രയുടെ സ്വത്തിനു വേണ്ടിയാണ്. ഉത്ര മരിച്ചതിനു പിന്നാലെ ബാങ്ക് ലോക്കറിൽ നിന്ന് ഉത്രയുടെ സ്വർണം തിടുക്കത്തിൽ സൂരജെടുത്തുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

പ്രതിഭാഗം: പ്രോസിക്യൂഷൻ കളളം പറയുകയാണ്. എന്റെ കക്ഷി ബാങ്ക് ലോക്കറിൽ നിന്ന് സ്വർണം എടുത്തിട്ടില്ല. മാത്രമല്ല നേരത്തെ സൂചിപ്പിച്ചത് പോലെ ഉത്രയുടെ വീട്ടുകാർ ആവശ്യപ്പെട്ടാൽ സ്വർണ്ണം തിരികെ നൽകാൻ എന്റെ കക്ഷി തയ്യാറായിരുന്നു. പ്രതിമാസം 8000 രൂപ വച്ച് ഉത്രയുടെ അച്ഛൻ നൽകിയിരുന്നെന്ന വാദവും തെറ്റാണ്.

പ്രോസിക്യൂഷൻ: എന്നാൽ സൂരജ് ബാങ്കിലെ സ്വർണം എടുക്കുന്നതിന്റെ ദൃശ്യങ്ങളും ബാങ്കിലെ മാനേജരുടെ മൊഴിയും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്. സൂരജിന് പോക്കറ്റ് മണിയായി ഉത്രയുടെ പിതാവ് വിജയസേനൻ പ്രതിമാസം 8000 രൂപ വച്ച് നൽകിയിരുന്നതിന്റെ ബാങ്ക് രേഖകളും സമർപ്പിട്ടുണ്ട്.

അഡീഷനൽ സെഷൻസ് ജഡ്ജ് എം. മനോജ് മുൻപാകെയാണ് കേസിന്റെ വിചാരണ നടന്നത്.

അഞ്ചൽ ഏറം ‘വിഷു’വിൽ (വെള്ളശ്ശേരിൽ) വിജയസേനന്റെ മകൾ ഉത്ര(25)യ്ക്ക് 2020 മേയ് ആറിനു രാത്രിയാണ് പാമ്പുകടിയേറ്റത്. ഏഴിനു പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ശാസ്ത്രീയ തെളിവുകൾ നിരത്തിയാണ് ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ കോടതിയിലെ പ്രോസിക്യൂഷന്റെ അന്തിമ വാദം നടന്നത്. ഉത്രയുടെ അതേ തൂക്കത്തിലുള്ള ഡമ്മിയെ ഉപയോഗിച്ച് കൊലപാതക ദൃശ്യങ്ങൾ അന്വേഷണ സംഘം പുനരാവിഷ്‌കരിച്ചിരുന്നു.

സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി വിവാഹംചെയ്ത സൂരജ് ഭിന്നശേഷിക്കാരിയായ ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കുറ്റപത്രം.

സൂരജ് മാത്രമാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഉത്രയെ അഞ്ചലിലെ വീട്ടിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ തീരുമാനിച്ചു. ഉത്രയ്ക്ക് സ്ത്രീധനമായി നൽകിയ സ്വർണവും പണവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതാണ് ഉത്രയെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് സൂരജിനെ എത്തിച്ചത്.

എസിയുള്ള മുറിയുടെ കതകും ജനാലയും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്ത് കയറി എന്ന സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. അന്വേഷണത്തിൽ നേരത്തെയും സൂരജ് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി കണ്ടെത്തി.
പ്രതി സൂരജ് അതിസമർഥനും ക്രൂരനുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി ഹരിശങ്കർ പറഞ്ഞു. അന്വേഷണത്തിൽ ഇത് വ്യക്തമായി. ദൃക്സാക്ഷികളില്ലാത്തതിനാൽ പരമാവധി ശാസ്ത്രീയ സാഹചര്യ തെളിവുകൾ ശേഖരിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ പ്രതീക്ഷിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ റൂറൽ എസ്.പി ഹരിശങ്കർ പറഞ്ഞു.

കൊലപാതകമാണെന്ന പരാതിയുമായി മാതാപിതാക്കൾ കൊല്ലം റൂറൽ എസ്പി ഹരിശങ്കറിനെ കണ്ടതോടെയാണ്, ലോക്കൽ പൊലീസ് എഴുതിത്തള്ളിയ കേസിനു വഴിത്തിരിവ് ഉണ്ടായത്. കൊല്ലം റൂറൽ എസ്പി ഹരിശങ്കർ,അഡിഷണൽ എസ് പി മധുസൂദനൻ, ഡിവൈഎസ്പി അശോകൻ,സി ഐ അനൂപ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചായിരുന്നു അന്വേഷണം. ഉത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രാസപരിശോധനാ ഫലങ്ങൾ, മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന, ഡമ്മി പരീക്ഷണം എന്നിവ നടത്തി.

ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം വന്യ ജീവി ആക്ട് (115) എന്നിവ പ്രകാരമാണു കേസ്. 90 ദിവസത്തിനകം കുറ്റപത്രം നൽകാൻ പൊലീസിനു കഴിഞ്ഞു. കോടതി വിധി പറയുന്നതോടെ കേസിലെ മാപ്പുസാക്ഷിയും പാമ്പുപിടുത്തക്കാരനുമായ കല്ലുവാതുക്കൽ ചാവരുകാവ്‍ സുരേഷിനെ വിട്ടയയ്ക്കാനുള്ള ഉത്തരവും ഉണ്ടാകും. സുരേഷിന്റെ കയ്യിൽനിന്നാണു സൂരജ് പാമ്പിനെ വാങ്ങിയത്. സൂരജിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പൊലീസ് പിടികൂടിയ സുരേഷ് അന്നു മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ഉത്ര വധക്കേസ് ഫൊറൻസിക് സയൻസിൽ പുതിയ അധ്യായത്തിനു വഴിതെളിച്ചു. മൃഗങ്ങളെ ഉപയോഗിച്ചു കൊലപ്പെടുത്തുന്നതു സംബന്ധിച്ച പഠനശാഖയ്ക്കാണ് കേസ് വഴിതെളിച്ചത്. പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ബലപ്രയോഗത്തിലൂടെ കടിപ്പിക്കുമ്പോഴുള്ള പല്ലുകളുടെ അകലം. ശരീരത്തിലേക്ക് ഇറങ്ങുന്ന വിഷത്തിന്റെ അളവ് തുടങ്ങിയവ സംബന്ധിച്ചു വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകൾ പഠനം തുടങ്ങി. ഇന്ത്യയിൽ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ 3 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻപുണ്ടായ 2 കേസുകളിലും പ്രതികളെ വിട്ടയച്ചിരുന്നു. മൂന്നാമത്തേതാണ് ഉത്ര വധക്കേസ്.

കൊലപാതകം നടത്തിയ രീതി മനസിലാക്കാൻ ക്രൈംബ്രാഞ്ച് സംഘം നടത്തിയ ഡമ്മി പരീക്ഷണം കേസിലെ ശക്തമായ തെളിവാണ്.

ഉത്രയെ കടിച്ച പാമ്പിന് 150 സെന്റിമീറ്റർ നീളമായിരുന്നു. ഇത്രയും നീളമുളള മൂർഖൻ കടിച്ചാൽ 1.7, അല്ലെങ്കിൽ 1.8 സെന്റിമീറ്റർ മുറിവേ ഉണ്ടാവുകയുളളു. സൂരജ് മൂർഖന്റെ പത്തിയിൽ ബലമായി പിടിച്ച് കടിപ്പിച്ചപ്പോഴാണ് ഉത്രയുടെ ശരീരത്തിൽ 2.3, 2.8 സെന്റിമീറ്റർ തോതിൽ മുറിവുണ്ടായതെന്ന് ഡ‍മ്മി പരീക്ഷണത്തിലൂടെ തെളിയിച്ചു. വിചാരണയ്ക്കിടയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നു 87 സാക്ഷികളെയും 286 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. പ്രതിഭാഗം മൂന്നു സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും 3 സിഡിയും ഹാജരാക്കി.

ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിക്കാനുളള ആദ്യ ശ്രമം നടന്നതു കഴിഞ്ഞ വർഷം ഫെബ്രുവരി 29നു ആയിരുന്നു. 2020 മാർച്ച് രണ്ടിന് രണ്ടാമത്തെ ശ്രമത്തിൽ ഉത്രയ്ക്ക് അണലിയുടെ കടിയേറ്റു. 56 ദിവസം തിരുവല്ല ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഉത്ര അഞ്ചൽ ഏറത്തെ വീട്ടിൽ കഴിയുമ്പോഴാണു മേയ് ആറിന് രാത്രിയിൽ ഉത്രയെ മൂർഖനെക്കൊണ്ട്‌ കടിപ്പിച്ചത്. സൂരജിന് പാമ്പിനെ നൽകിയ കല്ലുവാതുക്കൽ ചാവരുകാവ് സ്വദേശി സുരേഷ് കേസിലെ മാപ്പുസാക്ഷിയാണ്. കൊലപാതകക്കേസിൽ മാത്രമാണ് വിധി പറയുന്നത്. ഗാർഹികപീ‍ഡനക്കേസും വനംവകുപ്പ് റജിസ്റ്റർ ചെയ്ത കേസും കോടതി നടപടികളിലാണ്.