
ലഖ്നൗ: ഭാര്യ രാവിലെ നേരത്തെ വിളിച്ചുണർത്തിയതിനെ തുടർന്ന് ഉണ്ടായ കുടുംബവഴക്കത്തിനൊടുവിൽ യുവാവ് സ്വയം വെടിവെച്ച് മരിച്ചു. ഉത്തർപ്രദേശിലെ രാംപുർ ജത്തേരിയ സ്വദേശിയായ ലാലു സിങ് (35) ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ അടുക്കള വാതിൽ തുറക്കുന്നതിനായി ഭാര്യ ആശാ ദേവി ലാലുവിനെ രാവിലെ അഞ്ച് മണിയോടെ വിളിച്ചുണർത്തിയതോടെയാണ് സംഭവം. സാധാരണയായി രാവിലെ എട്ട് മണിക്കാണ് ലാലു എഴുന്നേൽക്കാറുള്ളത്. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായും ഭാര്യയെ ലാലു മർദിച്ചതായും റിപ്പോർട്ടുണ്ട്.
രാവിലെ ഏഴ് മണിയോടെ ആശാ ദേവിയുടെ സഹോദരനെ ഫോണിൽ വിളിച്ച ലാലു, സഹോദരിയെ നന്നായി നോക്കണമെന്നും താൻ പോകുകയാണെന്നും പറഞ്ഞതായി പൊലീസ് അറിയിച്ചു. തുടർന്ന് മുറിയിലേക്ക് പോയ ലാലു സ്വയം വെടിയുതിർക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് മുറിക്കുള്ളിൽ മരിച്ച നിലയിൽ ലാലുവിനെ കണ്ടെത്തി. മൃതദേഹത്തിന് സമീപത്ത് നിന്ന് പിസ്റ്റളും കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ദമ്പതികൾക്ക് ആറും ഒന്നും വയസ്സുള്ള രണ്ട് മക്കളുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







