
കോട്ടയം: നഗരത്തിലെ പൊതു ഇടങ്ങളിലെ പഴയ മതിലുകള്‍, കെട്ടിടങ്ങള്‍ എന്നിവയിലെ ഇരുമ്പു കമ്പികള്‍ മോഷ്ടിക്കുന്നതായി പരാതി.
നേരത്തെ തിരുനക്കര മൈതാനത്തെയും നാഗമ്പടം പോപ്പ് മൈതാനത്തെയും കാസ്റ്റ് അയണ്‍ കമ്പികള്‍ വ്യാപകമായി മോഷ്ടിക്കപ്പെട്ടിരുന്നു. ആക്രിക്കടകളില്‍ ഇരുമ്പിനും മികച്ച വില ലഭിച്ചു തുടങ്ങിയതോടെ മോഷ്ടാക്കള്‍ പഴകിയ കെട്ടിടങ്ങളിലെ ഇരുമ്പു കമ്പികള്‍ ഊരി വില്‍ക്കുന്നത്.
പഴയതും, ദ്രവിച്ചതുമായ കമ്പികള്‍ തൂക്കി വിറ്റാല്‍ നല്ല വിലകിട്ടുമെന്നതിനാലാണ് ഇതിലേക്കു മാറിയത്. നഗരത്തില്‍ വിവിധയിടങ്ങളിലെ പഴകിയ മതിലുകള്‍, കെട്ടിടങ്ങള്‍ എന്നിവയില്‍ അവശേഷിക്കുന്ന കോണ്‍ക്രീറ്റ് കമ്പികള്‍ അടര്‍ത്തിയെടുത്ത് വില്‍ക്കുകയാണ്. തിരുനക്കര മൈതാനത്തെ മതിലില്‍ ഉള്ള പഴയകാലത്തെ വലിയ കമ്പികള്‍ മോഷ്ടാക്കള്‍ ഊരിയെടുത്ത നിലയിലാണ്.
ശ്രീനിവാസ അയ്യര്‍ റോഡില്‍ മഴക്കാലത്ത് വെള്ളക്കെട്ട് പതിവായിരുന്നു. അടുത്ത കാലത്താണു റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഓട പുനര്‍നിര്‍മ്മിച്ചത്. എന്നാല്‍, വെള്ളം ഒഴുകിപ്പോകുന്നതിനും വെള്ളക്കെട്ട് തടയുന്നതിനുമായി നിര്‍മിച്ച ഓടയില്‍ ഇടവിട്ട് കോണ്‍ക്രീറ്റ് സ്ലാബും, ഒരു ഭാഗം വെള്ളം ഇറങ്ങിപ്പോകാന്‍ തരത്തിലുള്ള കമ്പികള്‍ പാകിയാണു മൂടികള്‍ സ്ഥാപിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇങ്ങനെ സ്ഥാപിച്ച കമ്പികളാണ് മോഷ്ടാക്കള്‍ വിദഗ്ദ്ധമായി ഊരിയെടുത്ത് കൊണ്ടുപോകുന്നത്. ശ്രീനിവാസ അയ്യര്‍ റോഡരികിലെ വീടുകള്‍ക്കു മുന്‍പിലൂടെ കടന്നു പോകുന്ന ഓടകള്‍ക്കു മൂടിയില്ലാത്ത സ്ഥിതിയാണു നിലവില്‍ ഇത് അപകടത്തിനും വെള്ളക്കെട്ടിനും ഇടയാക്കുന്നു.
നഗരത്തില്‍ വിവിധയിടങ്ങളിലാണ് ഇത്തരത്തില്‍ സമാനസംഭവങ്ങള്‍ അരങ്ങേറുന്നത്. തുടര്‍ക്കഥയായിട്ടും മോഷ്ടാക്കളെ പിടികൂടി, നടപടി സ്വീകരിക്കണമെന്ന് നഗരവാസികളുടെ ആവശ്യം ശക്തമാകുന്നു.
മഴ ശക്തമാകുന്നതിനു മുന്‍പു തുറന്നു കിടക്കുന്ന ഓടയ്ക്ക് മുകളില്‍ മൂടികള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നു.







