ഉന്നാവ് ; ഇരയും കുടുംബവും പരമോന്നത നീതിപീഠത്തിന്റെ കരവലയത്തിൽ

ഉന്നാവ് ; ഇരയും കുടുംബവും പരമോന്നത നീതിപീഠത്തിന്റെ കരവലയത്തിൽ

സ്വന്തം ലേഖിക

ന്യൂഡൽഹി: ഉന്നാവ് സംഭവത്തിൽ അസാധാരണ നടപടികളുമായി സുപ്രീം കോടതിയുടെ അതിശക്തമായ ഇടപെടൽ. ഉന്നാവ് ബലാത്സംഗവും ഇരയുടെ അപകടവുമായി ബന്ധപ്പെട്ട നാലുകേസുകളും ഉത്തർപ്രദേശിൽനിന്ന് ഡൽഹിയിലേക്ക് ഉടനടി മാറ്റാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഈ കേസുകൾ പ്രതിദിന വിചാരണ നടത്തി 45 ദിവസത്തിനകം പൂർത്തിയാക്കാനാണ് ഉത്തരവ്. ഡൽഹിയിലെ തീസ് ഹസാരി കോടതിയിലെ ജില്ലാ ജഡ്ജി ധർമേഷ് ശർമയായിരിക്കും കേസുകൾ പരിഗണിക്കുക.
ഉന്നാവ് പെൺകുട്ടിയുൾപ്പെട്ട അപകടം സംബന്ധിച്ച് ഏഴുദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റിസുമാരായ ദീപക് ഗുപത, അനിരുദ്ധ ബോസ് എന്നിവർ കൂടി അടങ്ങിയ ബെഞ്ച് സി.ബി.ഐയോട് ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ പരമാവധി ഒരാഴ്ചകൂടി സമയം എടുക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പെൺകുട്ടിക്ക് ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപ ഇന്നുകൈമാറണമെന്നും കോടതി ഉത്തരവിട്ടു.
ഇന്നലെ രാത്രിതന്നെ തുക യു.പി. സർക്കാർ കൈമാറി.
ബലാത്സംഗത്തിനിരയാക്കിയ ബി.ജെ.പി. എം.എൽ.എയിൽനിന്ന് ജീവന് ഭീഷണിയുണ്ടെന്നു കാട്ടി ഉന്നാവ് പെൺകുട്ടി ചീഫ് ജസ്റ്റിസ് അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും യാതൊരു ഫലവുമുണ്ടായില്ല എന്ന വെളിപ്പെടുത്തലുകൾക്കു പിന്നാലെയാണ് സുപ്രീം കോടതി കേസുകൾ മുഴുവൻ യു.പിയിലെ യോഗി ആദിത്യനാഥ് ഭരണകൂടത്തിന്റെ കീഴിൽനിന്ന് മാറ്റുന്നടക്കമുള്ള നടപടികൾ സ്വീകരിച്ചത്. പെൺകുട്ടിയുടെ കത്ത് ഇന്നലെയാണ് കോടതി പരിഗണിച്ചത്. കത്തു തനിക്ക് കിട്ടാൻ വൈകിയതിന് സുപ്രീം കോടതി രജിസ്ട്രിയോട് ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയിരുന്നു. ‘ഈ രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്’ എന്നായിരുന്നു കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസ് സോളിസിറ്റർ ജനറലിനോടു ചോദിച്ചത്.
കുടുംബത്തിന്റെ അഭിപ്രായം കണക്കിലെടുത്ത് പെൺകുട്ടിയെ ലഖ്നൗവിലെ കിങ് ജോർജ് ആശുപത്രിയിൽനിന്നു മാറ്റി ഡൽഹി എയിംസിൽ പ്രത്യേക ചികിത്സ നൽകണമെന്നു കോടതി ആവശ്യപ്പെട്ടു. പെൺകുട്ടിക്കും അഭിഭാഷകനും അമ്മക്കും പെൺകുട്ടിയുടെ നാലു സഹോദരങ്ങൾക്കും അമ്മാവനും അടുത്ത ബന്ധുക്കൾക്കും സി.ആർ.പി.എഫ് സുരക്ഷ നൽകണം.
റായ്ബറേലി ജയിലിൽ കഴിയുന്ന പെൺകുട്ടിയുടെ അമ്മാവൻ മഹേഷ് സിങ്ങി നെ സുരക്ഷ കണക്കിലെടുത്ത് യു.പിയിലെ ജയിലിൽനിന്നു മാറ്റാനും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസിന് പെൺകുട്ടി അയച്ച കത്ത് കൈമാറാൻ വൈകിയതിന് സുപ്രീംകോടതി സെക്രട്ടറി ജനറൽ ഇന്നലെ വിശദീകരണം നൽകി. കഴിഞ്ഞമാസം 6800 കത്തുകൾ ലഭിച്ചെന്നും ഉന്നാവ് പെൺകുട്ടിയുടെ പേര് രജിസ്ട്രിയിലെ ആളുകൾക്ക് അറിയില്ലായിരുന്നുവെന്നുമാണ് വിശദീകരണം.