കൈയ്യിലൊരു ബാഗും കൊല്ലത്തെ തയ്യൽ കടയുടെ ലേബലോടു കൂടിയ ഒരു ജോഡി ഡ്രസ്സും ; ചെങ്ങന്നൂരിൽ നവംബർ ഒന്നിന് ട്രെയിന്‍ തട്ടി മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞില്ല ; എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചെങ്ങന്നൂർ പോലീസ് സ്‌റ്റേഷനിലോ ഈ 0479 2452226 നമ്പറിലോ അറിയിക്കുക
ചെങ്ങന്നൂര്‍ : ആലപ്പുഴ ചെങ്ങന്നൂരിൽ ട്രെയിന്‍ തട്ടി മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞില്ല. നവംബർ 1ന് രാവിലെ 6.25ന് പാലരുവി എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ച് മരണപ്പെട്ട പുരുഷനെയാണ് ഇതുവരെ തിരിച്ചറിയാത്തത്.
കല്ലിശ്ശേരി ഭാഗത്ത് പമ്പയാറിനു കുറുകെയുള്ള റെയില്‍ പാലത്തിനു മദ്ധ്യത്തില്‍ വെച്ചാണ് അപകടം സംഭവിച്ചത്. മരണപ്പെട്ടയാൾക്ക് ഉദ്ദേശം 50 വയസിനും 65 വയസിനും മദ്ധ്യേ പ്രായം തോന്നും.
160 സെ.മീ. ഉയരവും ഒത്ത വണ്ണവും വെളുത്ത നിറവും, തലയില്‍ നരകലര്‍ന്ന മുടിയും നരകലര്‍ന്ന കുറ്റിമീശയും കുറ്റി താടി രോമങ്ങളുമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേവി ബ്ലൂ നിറത്തിലുള്ള പാന്റ്‌സും, ഇളം പച്ച നിറത്തിലുള്ള ചെക്ക് ഫുള്‍ കൈ ഷര്‍ട്ടും, ജോക്കി ബ്രാന്‍ഡിലുള്ള അടിവസ്ത്രവും ധരിച്ചിട്ടുണ്ട്.
കൈയ്യിലുണ്ടായിരുന്ന കറുത്ത നിറത്തിലുള്ളതും SEASON എന്ന മെറ്റല്‍ ലേബലോടു കൂടിയതുമായ കറുത്ത തോള്‍ ബാഗില്‍ ഒരു ജോഡി പാന്റ്‌സും ഷര്‍ട്ടും അടിവസ്ത്രങ്ങളും തോര്‍ത്ത് സോപ്പ് മുതലായവയും ഉണ്ട്.
ഫുള്‍ സ്ലീവ് ഷര്‍ട്ട് ധരിക്കുന്നയാളാണ്. വസ്ത്രങ്ങളില്‍ കൊല്ലത്തുള്ള ZYINO എന്ന തയ്യല്‍കടയുടെ ലേബലുണ്ട്. ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു.
ചെങ്ങന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരികയാണ്. മരിച്ചയാളെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരം ലഭിക്കുന്നവർ ചെങ്ങന്നൂർ പോലീസ് സ്‌റ്റേഷനിലെ 0479 2452226 നമ്പരിൽ അറിയിക്കേണ്ടതാണ്.