യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത്: കെ.എസ്.യു സെക്രട്ടറിയേറ്റ് മാർച്ച് അക്രമാസക്തം; സെക്രട്ടറിയേറ്റിനു മുന്നിൽ പൊലീസ് – യൂത്ത് കോൺഗ്രസ് , കെ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടുന്നു; യുദ്ധക്കളമായി തിരുവനന്തപുരം; സമരം സംസ്ഥാനം മുഴുവനും വ്യാപിപ്പിക്കുന്നു

യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത്: കെ.എസ്.യു സെക്രട്ടറിയേറ്റ് മാർച്ച് അക്രമാസക്തം; സെക്രട്ടറിയേറ്റിനു മുന്നിൽ പൊലീസ് – യൂത്ത് കോൺഗ്രസ് , കെ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടുന്നു; യുദ്ധക്കളമായി തിരുവനന്തപുരം; സമരം സംസ്ഥാനം മുഴുവനും വ്യാപിപ്പിക്കുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്തും, പി.എസ്.സി തട്ടിപ്പും അടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേയ്ക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. അരമണിക്കൂറിലേറെയായി സെക്രട്ടറിയേറ്റും പരിസരവും യുദ്ധകളമായി മാറി. പൊലീസും പ്രവർത്തകരും പരസ്പരം കല്ലുംകുപ്പിയും വലിച്ചെറിഞ്ഞു. ജലപീരങ്കി പ്രയോഗിച്ച പൊലീസ് ഗ്രനേഡും കണ്ണീർവാതക ഷെല്ലുകളും തിരികെ പ്രയോഗിച്ചു. സംഘർഷത്തിൽ എട്ട് യൂത്ത് കോൺഗ്രസ് – കെ.എസ്.യു പ്രവർത്തകർ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.എസ് അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരാഹാര സത്യാഹ്ര സമരം നടത്തുകയായിരുന്നു. ഇതിനിടെയാണ് സെക്രട്ടറിയേറ്റിലേയ്ക്ക് കെ.എസ്.യു പ്രവർത്തകരുടെ മാർച്ച് എത്തിയത്. സെക്രട്ടറിയേറ്റിനു മുന്നിൽ പൊലീസ് ബാരിക്കേഡ് ഉയർത്തി മാർച്ച് തടഞ്ഞതോടെ ബാരിക്കേറ്റ്് ഇളക്കിമാറ്റാനായി പ്രവർത്തകരുടെ ശ്രമം. ഇതേ തുടർന്ന് പ്രവർത്തകരെ പിരിച്ചു വിടാൻ പൊലീസ് മാർച്ചിന് നേർക്ക് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിയേറ്റ് ചിതറിയോടിയ പ്രവർത്തതകർ കെ.എസ്.യുവിന്റെ സമരപ്പന്തലിനു മുന്നിൽ സംഘടിച്ച ശേഷം പൊലീസിനു നേരെ കല്ലും കമ്പും കുപ്പിയും വലിച്ചെറിഞ്ഞു. ഇതോടെ പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. പ്രവർത്തകരെ പിരിച്ചു വിടാൻ ലാത്തിച്ചാർജും നടത്തി.
ഇതോടെ സംഘർഷം രൂക്ഷമായി. സമരപ്പന്തലിനുള്ളിലേയ്ക്ക ഗ്രനേഡും കണ്ണീർ വാതകവും എത്തിയതോടെ കെ.എസ്.യു സംസ്ഥാന സെക്രട്ടറി പി.എസ് അഭിജിത്തിനെ സമരപ്പന്തലിൽ നിന്നും ആശുപത്രിയിലേയ്ക്ക് മാറ്റി. ലാത്തിച്ചാർജിലും കല്ലേറിലും പരിക്കേറ്റ കെ.എസ്.യു പ്രവർത്തകരെയും ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. മാർച്ചിന്റെ തുടക്കത്തിൽ പൊലീസ് സംയമനം പാലിച്ചെങ്കിലും, കല്ലേറും കുപ്പിയേറും ശക്തമായതോടെ ടിയർഗ്യാസും, ലാത്തിച്ചാർജും, ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു. നിലവിലും സെക്രട്ടേറിയറ്റ് പരിസരത്ത് സംഘർഷം തുടരുകയാണ്.
മുൻ മന്ത്രി വി.എസ് ശിവകുമാർ, മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്്യാക്കോസ്, എന്നിവർ അടക്കം നൂറുകണക്കിന് പ്രവർത്തകർ സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. സമരം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുമെന്നും ഡീൻ കുര്യാക്കോസ് അറിയിച്ചു.