മതിയായ ഈടില്ലാതെ ക്രമവിരുദ്ധമായി കോടികളുടെ വായ്പ നൽകി; വൈക്കം ഉല്ലല സഹകരണ ബാങ്കില്‍ 24 കോടി രൂപയുടെ വായ്പാതട്ടിപ്പെന്ന് സഹകരണവകുപ്പ് റിപ്പോര്‍ട്ട്
വൈക്കം: തലയാഴം ഉല്ലല സർവീസ് സഹകരണ ബാങ്കില്‍ 24 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
സിപിഐയുടെ നേതൃത്വത്തില്‍ ഭരണം നടക്കുന്ന ബാങ്കില്‍ അഞ്ചുമാസം മുൻപ് നടന്ന പരിശോധനയിലാണ് കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്.
2012-17 കാലയളവിലെ രണ്ടു ഭരണ സമിതികളുടെ കാലത്താണ് 24.45 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പരിശോധനയില്‍ തെളിഞ്ഞത്.
നിലവിലെ ഭരണസമിതിയും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാതെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന ആരോപണമുണ്ട്.
സഹകരണ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ സെക്രട്ടറിയായി എത്തിയ പരേതനായ സുനില്‍ദത്ത്, നിലവിലെ ബാങ്ക് സെക്രട്ടറി മിഥുൻലാല്‍, ഭരണസമിതി അംഗം ബെന്നി തോമസ് എന്നിവരടക്കമുള്ളവർ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മതിയായ ഈടില്ലാതെ ക്രമവിരുദ്ധമായി കോടികളുടെ വായ്പ നല്‍കിയെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രമക്കേടു നടന്ന കാലയളവിലെ 26 ഭരണസമിതി അംഗങ്ങളില്‍ 19 പേർ കഴിഞ്ഞ 12ന് സഹകരണ വകുപ്പ് അധികൃതർക്ക് വിശദീകരണം നല്‍കിയിരുന്നു. ബാങ്കിനുണ്ടായ നഷ്ടം ഭരണസമിതി അംഗങ്ങളായ 19 പേരില്‍ നിന്ന് ഈടാക്കണമെന്നാണ് സഹകരണ വകുപ്പിന്‍റെ ശിപാർശ.
വായ്പ ലഭിച്ചവരില്‍ പലരും ഈടായി നല്‍കിയവ വായ്പാ തുകയുമായി തട്ടിച്ചു നോക്കുമ്പോള്‍ തികച്ചും ശുഷ്കമാണെന്നാണ് ആരോപണം. വായ്പ തുക തിരിച്ചടവ് മുടങ്ങിയതോടെ തുക പലമടങ്ങായി വർധിച്ചു. സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.