ചേർത്തലയിൽ പത്തുലക്ഷത്തോളം വില വരുന്ന കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ; എറണാകുളത്തുനിന്നും വിതരണത്തിനായി കൊണ്ടുവന്ന പന്ത്രണ്ടര കിലോ കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്
സ്വന്തം ലേഖകൻ
ചേർത്തല: പത്ത് ലക്ഷത്തോളം വിലവരുന്ന കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. എറണാകുളത്തുനിന്നും വിതരണത്തിനായി കൊണ്ടുവന്ന പന്ത്രണ്ടര കിലോ കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
വള്ളികുന്നം ഇലപ്പിക്കുളം സുനിൽഭവനത്തിൽ അനന്തു(19), പുതിയേടത്ത് വീട്ടിൽ ഫയാസ്(20)എന്നിവരെയാണ് ചേർത്തല പൊലീസ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ദേശീയപാതയിൽ ഒറ്റപുന്നകവലയിൽ വെച്ചാണ് ഇവരെ പിടിച്ചത്. ജില്ലാ പൊലീസ് മേധാവിക്കു കിട്ടിയ രഹസ്യ നിർദ്ദേശത്തെ തുടർന്ന് നടന്ന പരിശോധനയിലാണ് ചേർത്തലയിൽ സമീപകാലത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട നടന്നത്.
എറണാകുളത്ത് നിന്നുള്ള കെഎസ് ആർ ടി സി ബസിലാണ് കഞ്ചാവുമായി ഇരുവരുമെത്തിയത്. പൊലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് കീഴടക്കി. ഒറീസ, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ഇവർ കഞ്ചാവെത്തിച്ചതെന്നാണ് വിവരം.
തുച്ഛമായ തുകയ്ക്കു കഞ്ചാവുവാങ്ങി കച്ചവടക്കാർക്ക് കിലോക്ക് 25000-40000 വരെ വിലക്കാണ് ഇവർ വിറ്റിരുന്നത്. എറണാകുളത്തെത്തി ചേർത്തല ആലപ്പുഴ ഭാഗങ്ങളിൽ വിതരണത്തിനു കൊണ്ടു പോകുമ്പോഴാണ് പിടിയിലായത്.