ഒന്നരലക്ഷം വരെ വിലയുള്ള രണ്ട് സണ്‍ കോനൂര്‍ പക്ഷികളെ കാണാനില്ല; എലി പിടിച്ചെന്ന വിചിത്ര ന്യായവുമായി മൃഗശാല അധികൃതര്‍

ഒന്നരലക്ഷം വരെ വിലയുള്ള രണ്ട് സണ്‍ കോനൂര്‍ പക്ഷികളെ കാണാനില്ല; എലി പിടിച്ചെന്ന വിചിത്ര ന്യായവുമായി മൃഗശാല അധികൃതര്‍

തിരുവനന്തപുരം:നൂറ്റാണ്ടുകളുടെ പഴക്കവും പൈതൃകവുമുള്ള തലസ്ഥാന മൃഗശാലയില്‍ പുതിയ മൃഗങ്ങളെ കൊണ്ടുവരുന്നില്ലെന്നും ഉള്ളവയ്ക്ക് പ്രായാധിക്യമേറിയെന്നുമുള്ള ആക്ഷേപം ശക്തമാവുന്നു.അവധി ആഘോഷിക്കാനെത്തുന്ന തദ്ദേശവിദേശ സഞ്ചാരികളടക്കമുള്ള കാഴ്ചക്കാര്‍ മൃഗശാലയുടെ പരിസ്ഥിതി ആസ്വദിച്ച്‌ മടങ്ങുകയാണ്. വൈവിദ്ധ്യമുള്ള മൃഗങ്ങളുടെ എണ്ണത്തില്‍ കുറച്ചു വര്‍ഷങ്ങളായി വന്‍ കുറവ് സംഭവിച്ചിട്ടുണ്ട്. അടുത്തിടെ കൃഷ്ണമൃഗങ്ങള്‍ കൂട്ടത്തോടെ ചത്തിരുന്നു.

ക്ഷയരോഗബാധ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. സണ്‍കോണൂര്‍ വിഭാഗത്തില്‍പ്പെട്ട പക്ഷികളെ കാണാതായതും വലിയ വിവാദമായിരുന്നു. ശലഭ പാര്‍ക്കിന് സമീപമുള്ള മക്കോവോ തത്തകളുടെ കൂട്ടിലെ പ്രത്യേക കൂട്ടില്‍ പാര്‍പ്പിച്ചിരുന്ന 22 സണ്‍ കോനൂര്‍ പക്ഷികളില്‍ രണ്ടെണ്ണത്തെ എലി പിടിച്ചെന്നായിരുന്നു അധികൃതരുടെ വിശദീകരണം. വിപണിയില്‍ ഇവയ്ക്ക് 15,000 മുതല്‍ ഒന്നരലക്ഷം രൂപ വരെ വിലയുണ്ട്.

ഏപ്രിലില്‍ കിങ്ങിണിയെന്ന സിംഹവാലന്‍ കുരങ്ങിന് പിന്നാലെ പുള്ളിമാനും ചത്തിരുന്നു.ഇതിന്റെ പോസ്റ്റ്‌മോര്‍ട്ടം ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ നടത്തിയെന്ന ആരോപണം ഉയര്‍ന്നതും വിവാദമായിരുന്നു. 50 ഏക്കര്‍ വിസ്തൃതിയിലുള്ള മൃഗശാലയില്‍ ഇന്ത്യന്‍ വംശജരും വിദേശികളുമായി നൂറിലേറ തരം ജീവികളുണ്ടായിരുന്നു. എന്നാലിന്ന് വന്‍ കുറവുണ്ട്. ജിറാഫും സീബ്രയും ആനയുമടക്കമുള്ളവ ഇല്ലാതായിട്ട് വര്‍ഷങ്ങളായി. ഇവയെ കൊണ്ടുവരുമെന്ന പ്രഖ്യാപനത്തിനും കാലങ്ങളുടെ പഴക്കമുണ്ട്. ഉള്ള ഒരു കാണ്ടാമൃഗവും പ്രായാധിക്യത്താല്‍ തളര്‍ച്ചയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുള്ളിപ്പുലി, ഹിപ്പോപ്പോട്ടാമസ്,കാട്ടുപോത്ത്,വൈറ്റ് ടൈഗര്‍ എന്നിവ ഒന്നോ രണ്ടോ മാത്രം. വൈറ്റ് ടൈഗറിന് ഒന്നിന് വാലില്ല. അവശേഷിക്കുന്ന ആണ്‍ സിംഹത്തെ പ്രദര്‍ശനത്തിന് ഉപയോഗിക്കുന്നില്ല. ഒടുവിലെത്തിച്ച അഞ്ച് അനാക്കോണ്ടകളില്‍ രണ്ടെണ്ണം ചത്തിരിന്നു. 2020ലെ സെന്‍ട്രല്‍ സൂ അതോറിട്ടിയുടെ കണക്കനുസരിച്ച്‌ 1204 പക്ഷിമൃഗാദികളാണ് അവശേഷിക്കുന്നത്.ഇതില്‍ 2019-20 കാലഘട്ടത്തില്‍ മാത്രം 85 എണ്ണം ചത്തിരുന്നു.