കയ്യിൽ ഒരു കവർ, എത്തിയത് കൂലിപ്പണിക്കാരനെപോലെ;ചുറ്റും നോക്കി ആളില്ലാത്ത കടയിൽ കയറി മോഷ്ടിച്ച് മുങ്ങും; പ്രതി പിടിയിൽ; പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്
തിരുവനന്തപുരം: ആളില്ലാത്ത സ്ഥാപനങ്ങളിൽ മോഷണം നടത്തിയ പ്രതിയെ മാറനല്ലൂർ പൊലീസ് പിടികൂടി. തിരുവനന്തപുരം പൂവച്ചൽ ഉണ്ടപ്പാറ സിഎസ്ഐ പള്ളിക്ക് സമീപം കുഞ്ചു വീട്ടിൽ ഷറഫുദ്ദീൻ(42) ആണ് പിടിയിലായത്.
പട്ടാപ്പകൽ ആളില്ലാത്ത സ്ഥാപനങ്ങൾ മനസ്സിലാക്കി ഇവിടെ കയറി പണം മോഷ്ടിക്കുകയാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ 29ന് ആണ് പ്രതി രാവിലെ പത്തരയോടെ ഊരൂട്ടമ്പലം ആശാ ഫർണിച്ചർ കടയിയിൽ മുറിക്കുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന 18,000 രൂപ മോഷ്ടിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷറഫുദ്ദീൻ പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷറഫുദ്ദീൻ കൂലിപണിക്കായി പോകുന്ന രീതിയിൽ കൈയിൽ ഒരു കവറുമായി ബസിൽ മാത്രം സഞ്ചരിച്ചു പ്രധാന കവലകളിൽ ഇറങ്ങി നടക്കും. ആളില്ല എന്ന് കാണുന്ന കടകളുടെ പരിസരത്ത് നിരീക്ഷണം നടത്തി ശേഷം അകത്തു കയറി പണം കവർന്ന ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ പുറത്തിറങ്ങും. പിന്നാലെ അടുത്ത ബസ് സ്റ്റോപ്പിൽ എത്തി ബസ് കയറി മടങ്ങും. മോഷണം നടന്ന ഇടങ്ങളിലും പരിസരത്തുമായുള്ള സിസിടിവികളിൽ നടത്തിയ പരിശോധനയിൽ പ്രതിയുടെ രീതികളെല്ലാം വ്യക്തമാണ്.
പേയാട്, ഊരുട്ടമ്പലം ഭാഗങ്ങളിലായിരുന്നു ഇയാൾ മോഷണം നടത്തിയിട്ടുള്ളത്. അതേ സമയം മറ്റിടങ്ങളിലും ഇത്തരം സമാന സംഭവങ്ങൾ നടന്നിട്ടുണ്ടാകാൻ ഉള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. കൂടുതൽ അന്വേഷണം പൊലീസ് നടത്തിവരുന്നുണ്ട്. വാർത്ത പുറത്തുവരുന്നതോടെ കൂടുതൽ പരാതികൾ ലഭിക്കാനുള്ള സാധ്യതയും ഉണ്ട്.
പിടിയിലായ പ്രതിക്കെതിരെ നിരവധി കഞ്ചാവ് കേസുകൾ ഉള്ളതായും പൊലീസ് പറഞ്ഞു.