പഞ്ചായത്ത് ലൈസൻസില്ലാതെ ആശുപത്രിയുടെ പ്രവർത്തനം ; ബോർഡില്‍ ഡോക്ടറുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഡോക്ടർ സ്ഥലം മാറി പോയി ; എന്നാൽ ചികിത്സ നടത്തുന്നത് മുൻ സഹായി
സ്വന്തം ലേഖകൻ
പത്തനംതിട്ട: കൈപ്പെട്ടൂരില്‍ ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തി മുൻ സഹായി. പത്തനംതിട്ട അടൂർ റോഡില്‍ കൈപ്പെട്ടൂർ എഎംആർ ഹോസ്പിറ്റല്‍ എന്ന് ബോർഡുള്ള സ്ഥാപനത്തിലാണ് സംഭവം.
ബോർഡില്‍ ഡോക്ടർ ചന്ദ്രശേഖരൻ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഡോക്ടർ സ്ഥലം മാറി പോയതോടെ ചികിത്സ നടത്തുന്നത് അദ്ദേഹത്തിന്റെ സഹായിയായി നിന്നിരുന്ന നബീസയാണ്.
നടുവിന് വേദനയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയപ്പോള്‍ ഇഞ്ചക്ഷൻ എടുക്കാം, വേദന എളുപ്പം കുറയുമെന്ന് നബീസ… വ്യാജനാണെന്ന് അറിയാമെന്നതിനാല്‍ ഇഞ്ചക്ഷൻ വേണ്ട മരുന്ന് മതിയെന്ന് പറഞ്ഞു. മൂന്ന് കൂട്ടം മരുന്ന് നല്‍കി. ഒന്നാണെങ്കില്‍ പാക്കിങ് ഇല്ലാത്ത വെള്ള ഗുളികകള്‍. ‘കാത്സ്യം ഗുളികയാണ്, വേദനയെല്ലാം മാറും, ഡിസ്ക് അകല്‍ച, തോയ്മാനമൊക്കെയില്ലേ’ എന്ന വിശദീകരണവും. കണ്‍സള്‍ട്ടിങ് ഫീസായിട്ട് 250 രൂപയും കൈപ്പറ്റി. മറ്റേ ഡോക്ടറില്ലേ എന്ന ചോദ്യത്തിന്.. ഉണ്ട്.. കാണണമോയെന്ന മറു ചോദ്യവും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എഎംആർ ആശുപത്രിയില്‍ നിന്നും ലഭിച്ച മരുന്നുമായി ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ സമീപിച്ചു. ഗുളികകളില്‍ ഒന്ന് വേദന സംഹാരിയും രണ്ടാമത്തേത് ഗ്യാസിനുള്ള ഗുളികയുമാണെന്ന് ഡോക്ടർ ശരത് തോമസ് റോയ് പറഞ്ഞു. കവറില്ലാത്തതിനാല്‍ മൂന്നാമത്തേത് എന്ത് ടാബ്ലറ്റ് ആണെന്നറിയില്ലെന്നും ഡോക്ടർ പറഞ്ഞു. ഒരു രോഗിക്ക് താൻ കഴിക്കുന്ന ടാബ്ലറ്റ് എന്താണെന്നറിയാൻ അവകാശമുണ്ടെന്നും മരുന്ന് ഏതെന്ന് വ്യക്തമാക്കാതെ ഗുളികകള്‍ മാത്രം കൊടുക്കുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് ലൈസൻസില്ലാതെയാണ് ആശുപത്രിയുടെ പ്രവർത്തനം. മതിയായ രേഖകളില്ലാത്തതിനാല്‍ ലൈസൻസ് കൊടുത്തിരുന്നില്ലെന്ന് പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി. ആരോപണങ്ങളെ തുടർന്ന് സ്ഥാപനം മുമ്ബ് പൂട്ടിപ്പിച്ചിട്ടുമുണ്ട്. കുറഞ്ഞ ചിലവ് മാത്രമായതിനാല്‍ പലരും ആശുപത്രിയെ ആശ്രയിക്കാറുമുണ്ട്. ദീർഘകാലമായുളള പ്രവർത്തനത്തില്‍ ഇനിയും നടപടി സ്വീകരിക്കാത്തതില്‍ മറുപടി പറയേണ്ടത് ആരോഗ്യവകുപ്പും പോലീസുമാണ്.