ഗതാഗത നിയമം ലംഘിക്കാന്‍ വരട്ടെ; റോഡിലിറങ്ങിയാല്‍ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ഉടൻ പിടി വീഴും; ഇനി എല്ലാം ക്യാമറ വലയത്തില്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: റോഡിലിറങ്ങിയാല്‍ സര്‍വ്വ നിയങ്ങളും കാറ്റില്‍ പറത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ഉടൻ പിടി വീഴും.
സംസ്ഥാനത്ത് ദേശീയ, സംസ്ഥാന പാതകളിലും പ്രധാനറോഡുകളിലും സ്ഥാപിച്ച ക്യാമറകളില്‍ 90 ശതമാനവും ഏപ്രില്‍ ഒന്ന് മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും. ഇതോടെ, അപകടങ്ങള്‍ വലിയ തോതില്‍ കുറക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
235കോടി രൂപ ചെലവില്‍ 726 ക്യാമറകളാണ് മോട്ടോര്‍ വാഹനവകുപ്പിന് കെല്‍ട്രോണ്‍ കൈമാറിയിരിക്കുന്നത്. ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കുക, വണ്ടിയോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കുക, ഇരുചക്രവാഹനങ്ങളില്‍ മൂന്ന് പേര്‍ യാത്രചെയ്യുക, അപകടകരമായി ഓടിക്കല്‍ എന്നിവ പിടികൂടാനാണ് 700 നിര്‍മ്മിത ക്യാമറകള്‍.
മൂന്നിലെ രണ്ട് പേരും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കിലും ക്യാമറ പിടിക്കും. ഇതെപോലെ ഹെല്‍മെറ്റും. അമിതവേഗം പിടികൂടാനായി രണ്ടെണ്ണം തിരുവനന്തപുരം ബൈപ്പാസില്‍ ചാക്കയിലും ഇന്‍ഫോസിസിന്‍റെ മുന്നിലും രണ്ടെണ്ണം കൊല്ലം ബൈപ്പാസിലും സിഗ്നലുകള്‍ തെറ്റിക്കുന്നവര്‍ക്കായി ജംഗ്ഷനുകളില്‍ 18 ക്യാമറകളും തയ്യാറാണ്.
മോട്ടോര്‍ വാഹനവകുപ്പപിന്‍റെ വാഹനത്തില്‍ സ്വയം പ്രവര്‍ത്തിക്കുന്ന നാല് ക്യാമറ സംവിധാനങ്ങളുണ്ടാവും. റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിലെ ക്യാമറ അതിവേഗത്തില്‍ പോകുന്ന വണ്ടിയുടെ ചിത്രങ്ങള്‍ സഹിതം വിവരങ്ങള്‍ കണ്‍ട്രോള്‍റൂമിലേക്ക് അയക്കും. നിലവില്‍ മോട്ടോര്‍ വാഹനവകുപ്പിനുള്ളള ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒരാള്‍ വേണം.
വാഹനത്തില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ ഒഴികെയുള്ളവയെല്ലാം പ്രവര്‍ത്തിക്കുന്നത് സൗര്‍ജോര്‍ജത്തിലാണ്. 4ജി കണക്ടിവിറ്റി സിമ്മിലാണ് കൈമാറ്റം. എല്ലാ വാഹനങ്ങളും ക്യാമറ ബോക്സിലുള്ള വിഷ്വല്‍ പ്രൊസസിങ് യൂണിറ്റ് വിശകലനം ചെയ്യും. ചിത്രങ്ങളും പകര്‍ത്തും.
ഗതാഗതനിയമം ലംഘിച്ച വണ്ടികളുടെ ചിത്രവും ആളിന്‍റെ ഫോട്ടോയും മോട്ടോര്‍ വാഹനവകുപ്പിന്‍റെ കണ്‍ട്രോള്‍റൂമിലേക്ക് അയക്കും. ആറ് മാസത്തെ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ഇതില്‍ സംവിധാനമുണ്ട്. ഓരോവര്‍ഷം കഴിയും തോറും റോഡപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ ക്യാമറ സംവിധാനം ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.