ടൊവിനോയുടെ പൊലീസ് വേഷം പൊളിച്ചു: മരണമാസായി കൽക്കി; മഴക്കാലത്തും തീയറ്ററുകൾ പൂരപ്പറമ്പാകുന്നു

ടൊവിനോയുടെ പൊലീസ് വേഷം പൊളിച്ചു: മരണമാസായി കൽക്കി; മഴക്കാലത്തും തീയറ്ററുകൾ പൂരപ്പറമ്പാകുന്നു

സിനിമാ ഡെസ്‌ക്

ആക്ഷൻ, ഡ്രാമ, രാഷ്ട്രീയം – എല്ലാം ചേർന്ന ഒരു രണ്ടര മണിക്കൂർ എന്റർട്രെയിനർ..! ടൊവിനോയുടെ പേരില്ലാ എസ്.ഐയും സംഘവും ചേർന്ന് കൽക്കിയെ മരണമാസാക്കി മാറ്റി. പേരുപോലെ തന്നെ എല്ലാം തകർക്കാൻ എത്തുന്ന അവസാനത്തെ അവതാരം. ആരാധകർക്കും, കുടുംബങ്ങൾക്കും സാധാരണ പ്രേക്ഷകർക്കും ഒരു പോലെ രസിക്കുന്ന അവതാരം..! ടൊവിനോയെ സൂപ്പർ താരപദവിയിലേയ്ക്ക് ഉയർത്തുന്നതിനുള്ള ആദ്യപടിയായി പ്രവീൺ പ്രഭാകരന്റെ ടൊവിനോ ചിത്രം കൽക്കി. പേരില്ലാത്ത എസ്.ഐ ആയി തകർപ്പൻ പ്രകടനം നടത്തിയ ടൊവിനോ സിനിമയുടെ രണ്ടാം ഭാഗം കൂടി ബാക്കി വച്ചാണ് ക്ലൈമാക്‌സ് അവസാനിപ്പിക്കുന്നത്.
നഞ്ചൻകോട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ സംസ്ഥാനത്തെ പിടിച്ചു കുലുക്കി പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിനുള്ളിൽ ആത്മഹത്യ ചെയ്യുന്നു. ഗുണ്ടകളും രാഷ്ട്രീയക്കാരും അധിവസിക്കുന്ന നഞ്ചൻകോട് എന്ന സ്ഥലം ഡിഎഫ്‌ഐ എന്ന രാഷ്ട്രീയ പാർട്ടിയുടെ അധീനതയിലാണ്. നഞ്ചൻകോട്ടെ തമിഴന്മാരെ ഒഴിപ്പിച്ച രാഷ്ട്രീയ പാർട്ടിയുടെ ഗുണ്ടകൾ ഇവിടെ ആയുധ വ്യവസായം തുടങ്ങുന്നു. ഇവിടേയ്ക്കാണ് ടൊവിനോ എസ്.ഐ ആയി രംഗത്ത് എത്തുന്നത്. ആയുധ വ്യാപാരമാണ് പാർട്ടിയുടെ അധികാരവും ധൈര്യവും. പിന്നീട്, എസ്.ഐയും നഞ്ചൻകോട്ടെ രാഷ്ട്രീയക്കാരനായ അമറും തമ്മിലുള്ള ഏറ്റുമുട്ടലിലൂടെയാണ് സിനിമ വികസിക്കുന്നത്. സ്വന്തം സഹപ്രവർത്തകനെയും നാടിനെയും സംരക്ഷിക്കാൻ എസ്.ഐ നടത്തുന്ന പോരാട്ടങ്ങൾ തന്നെയാണ് സിനിമയെ മുന്നോട്ടു കൊണ്ടു പോകുന്നത്.
പൂർണ്ണമായും ആക്ഷന് പ്രാധാന്യം നൽകുന്ന സിനിമ കൃത്യമായ രാഷ്ട്രീയവും പറയാൻ ശ്രമിക്കുന്നുണ്ട്. പണത്തിന്റെയും കയ്യൂക്കിന്റൈയും ബലത്തിൽ അധികാരം പിടിക്കാനുള്ള രാഷ്ട്രീയക്കാരുടെ ശ്രമങ്ങളെ സിനിമ കൃ്ത്യമായി അടയാളപ്പെടുത്തുന്നു. കയ്യിൽ കാവി ചരട് ധരിച്ച വില്ല്ൻ രാഷ്ട്രീയ പാർട്ടിയെയും, സ്വന്തം ആളുകളെ പോലും കൊല്ലിക്കാൻ തയ്യാറാകുന്ന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടിയെയും ചിത്രീകരിക്കുന്നതിലൂടെ ഇന്നിന്റെ ഇന്ത്യൻ കേരള രാഷ്ട്രീയത്തെ ചിത്രം വരച്ചു കാട്ടുന്നു. കുടിയേറ്റ ജനതയും, മറ്റൊരു മാർഗവുമില്ലാതെ സ്വന്തം നാട് ഉപേക്ഷിക്കേണ്ട വരുന്ന സമൂഹവും എല്ലാം കോറിയിടുന്നത് ഇന്നിന്റെ രാഷ്ട്രീയ അടയാളപ്പെടുത്തലുകളാണ്.
നിവിൻ പോളിയ്ക്കും പൃഥ്വിരാജിനുമുള്ള നല്ലൊരു വെല്ലുവിളിയാണ് താൻ എന്ന് തെളിയിക്കുന്ന പ്രകടനമാണ് ടൊവിനോയുടെ പേരില്ലാത്ത എസ്.ഐ. ആക്ഷനിൽ പൃഥ്വിരാജും, അഭിനയത്തിൽ നിവിൻ പോളിയും ടൊവിനോയിൽ ചേരുന്നു. മലയാളം തമിഴ് ഡയലോഗുകൾ അസാമാന്യ വാക്ചാതുരിയോടെ ടൊവിനോയുടെ നാവിൽ നിന്നും പ്രവഹിക്കുന്നുണ്ട്. മലയാള സിനിമയിൽ സ്വന്തമായ ഒരു ഇരിപ്പിടം തന്നെ ടൊവിനോ ഉറപ്പിച്ചെന്ന് പറയാം. വില്ലനായ അമർജിത്ത് തന്റെ സിക്‌സ് പാക് മസിലിനുള്ളിൽ സുന്ദരനായ നടൻ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് പറയാതെ പറയുന്നുണ്ട്. സൈജുകുറുപ്പും, സംയുക്താ മേനോനും തന്റെ ഭാഗം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.
കയ്യടിക്കാനുള്ളവർക്ക് കയ്യടിക്കാനുള്ളതെല്ലാം സിനിമയിമുണ്ട്. കുടുംബങ്ങൾക്ക് സുഖമായി കാണാൻ സാധിക്കുന്ന ആക്ഷൻ പൊലീസ് സിനിമ കൂടിയാണ് കൽക്കി. അശ്ലീല പരാമർശങ്ങളോ, ദ്വയാർത്ഥ പ്രയോഗങ്ങളോ, അസഭ്യങ്ങളോ സിനിമയിൽ ഒരിടത്തും ഇല്ല. അതുകൊണ്ടു തന്നെ കുടുംബപ്രേക്ഷകർക്കും സുഖമായി സിനിമകാണാം. മദ്യപാന പുകവലി സീനുകളുടെ അതിപ്രസരം മാത്രമാണ് സിനിമയിൽ അൽപമെങ്കിലും അരോചകത്വം സൃഷിടിക്കുന്നത്. തന്റെ മികച്ച സിനിമകളുടെ പട്ടികയിൽ ഒന്നാക്കി കൽക്കിയെ മാറ്റിയതിൽ തിരക്കഥാകൃത്തും സംവിധായകനുമായ പ്രവീൺ പ്രഭാകരന് അഭിമാനിക്കാം.