play-sharp-fill
നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി അമിതവേഗതയില്‍ നിരത്തുകള്‍ കീഴടക്കുന്ന ടോറസ് ടിപ്പറുകള്‍; കാൽനടയാത്രക്കാർ ഉൾപ്പെടയുള്ളവരുടെ പേടിസ്വപ്നം

നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി അമിതവേഗതയില്‍ നിരത്തുകള്‍ കീഴടക്കുന്ന ടോറസ് ടിപ്പറുകള്‍; കാൽനടയാത്രക്കാർ ഉൾപ്പെടയുള്ളവരുടെ പേടിസ്വപ്നം

സ്വന്തം ലേഖകൻ
കോട്ടയം: . നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി അമിതവേഗതയില്‍ നിരത്തുകള്‍ കീഴടക്കുന്ന ടോറസ് ടിപ്പറുകള്‍ ജനങ്ങളുടെ പേടിസ്വപ്നമാകുന്നു. വലിയ ഹോണ്‍ മുഴക്കി എത്തുന്ന ടോറസിന് സൈഡ് നല്‍കിയില്ലെങ്കില്‍ അപകടമുറപ്പാണ്. ലക്കുംലഗാനുമില്ലാതെ കുതിച്ചെത്തുന്ന ടോറസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ കാല്‍നടയാത്രികര്‍ ഉള്‍പ്പെടെ പെടാപ്പാട് പെടുകയാണ്.

പാറമടകളിലും മെറ്റല്‍ ക്രഷറുകളിലും നിന്നുള്ള സാധന സാമഗ്രികളുമായാണ് ലോറികള്‍ ചീറിപ്പായുന്നത്. കൂടുതല്‍ ട്രിപ്പടിച്ചാല്‍ കൂടുതല്‍ പണം ലഭിക്കുമെന്നതും മരണപ്പാച്ചിലിന് കാരണമാകുന്നു. അവധി ദിവസങ്ങളുടെ മറവില്‍ പാടം നികത്തലും അനധികൃത മണ്ണെടുപ്പും മേഖലയില്‍ സജീവമാണ്.


ഇത്തരം ആവശ്യങ്ങള്‍ക്കായി സഞ്ചരിക്കുന്ന ലോറികള്‍ അധികൃതരുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ ഗ്രാമീണ റോഡുകളീലൂടെയാണ് കൂടുതലായും ഓടിക്കുന്നത്. വീതികുറഞ്ഞ ഗ്രാമീണ റോഡുകളിലൂടെ ചീറിപ്പായുന്ന ലോറികളാണ് പലപ്പോഴും അപകടം സൃഷ്ടിക്കുന്നത്. ഭൂരിഭാഗം ഡ്രൈവര്‍മാരും യുവാക്കളാണ്. ഒരു മുന്നറിയിപ്പുകളും ഇല്ലാതെ ടോറസുകള്‍ പിന്നിലേക്ക് എടുക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂള്‍ സമയത്തെ നിയന്ത്രണങ്ങളും ടോറസുകള്‍ പാലിക്കാറില്ല. രാവിലെ 9 മുതല്‍ 10 വരെയും, വൈകിട്ട് 4 മുതല്‍ 5 വരെയുമാണ് നിയന്ത്രണമുള്ളത്. എന്നാല്‍ ഈ സമയങ്ങളില്‍ സഞ്ചരിക്കുന്ന സ്‌കൂള്‍ വാഹനങ്ങളെപ്പോലും കടന്നുപോകാന്‍ അനുവദിക്കാത്തതരത്തിലാണ് ടോറസിന്റെ വിളയാട്ടം. ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് നിയമലംഘനമെന്നാണ് ആക്ഷേപം.

കഴിഞ്ഞ ദിവസം കുറുപ്പന്തറയില്‍ അമിതവേഗതയിലെത്തിയ ടോറസിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ ദാരുണമായി മരിച്ചിരുന്നു. ഹെഡ്സെറ്റ് ചെവിയില്‍ വച്ച്‌ പാട്ടുകേട്ടാണ് ഡ്രൈവറെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ബൈക്കിനെ ഇടിച്ച്‌ വീഴ്ത്തിയിട്ട് പോലും ഇയാള്‍ അറിഞ്ഞില്ല. മീറ്ററുകളോളം ബൈക്കുമായി ലോറി മുന്നോട്ടുനീങ്ങി. ജില്ലയിലെ ഭൂരിഭാഗം റോഡുകളിലും ഇതാണ് സ്ഥിതി. വീതി കുറഞ്ഞ റോഡുകളാണെങ്കിലും വേഗതയ്ക്ക് കുറവൊന്നുമില്ല.