
കോട്ടയം: മുൻ ഡിജിപി ടോമിൻ തച്ചങ്കരി തന്റെ വാഹനത്തിൽ ഔദ്യോഗിക പദവിയെ സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ അനധികൃതമായി പ്രദർശിപ്പിച്ചതിൽ നടപടി സ്വീകരിക്കാതെ പോലീസ്. കേസെടുത്ത് അന്വേഷിക്കണമെന്ന് പോലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പോലീസ് ഉദ്യോഗസ്ഥർ ഇതിന് തയാറായിട്ടില്ല.
അതേസമയം, തച്ചങ്കരി നടത്തിയ നിയമ ലംഘനത്തിന് മോട്ടോർ വാഹന വകുപ്പ് 250 രൂപ പിഴയിട്ടിട്ടുണ്ട്. കാറിൽ അനധികൃതമായി ഔദ്യോഗിക ചിഹ്നം പ്രദർശിപ്പിച്ചതിനാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ എംവിഡിയുടെ തുടർ നടപടികൾ ഒന്നുമുണ്ടാകില്ലെന്നാണ് സൂചന. മോട്ടോർ വാഹന വകുപ്പ് ഇട്ട 250 രൂപ പിഴ കഴിഞ്ഞ ദിവസം തന്നെ ടോമിൻ ജെ. തച്ചങ്കരി അടച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ കോട്ടയം എസ്പിയോട് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ റിപ്പോർട്ട് തേടിയിരുന്നു.
ഒരു കേസുമായി ബന്ധപ്പെട്ട് കോട്ടയം കോടതിയിൽ എത്തിയപ്പോഴായിരുന്നു കാറിൽ നമ്പർ പ്ലേറ്റിന് സമീപം സ്ഥാപിച്ചിരുന്ന ഔദ്യോഗിക ചിഹ്നം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നിയമലംഘനം ചൂണ്ടിക്കാട്ടിയതോടെ ധൃതിയിൽ വാഹനത്തിലെ ബോർഡ് മാറ്റാൻ ശ്രമിക്കുകയും സ്ഥലത്തുനിന്ന് വാഹനം നീക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തച്ചങ്കരി സേവനത്തിൽനിന്ന് വിരമിച്ച് മൂന്നു വർഷക്കാലവും ഈ ബോർഡ് വെച്ചുകൊണ്ടാണ് യാത്ര ചെയ്തിരുന്നതെന്നും പലയിടങ്ങളിലുംവെച്ച് ഇത്തരത്തിൽ നക്ഷത്രചിഹ്നമുള്ള കാർ ഉപയോഗിച്ചിരുന്നതായും നേരത്തെ വിവരം ഉണ്ടായിരുന്നു. വാർത്ത വന്നതിന് പിന്നാലെ തച്ചങ്കരിക്കെതിരേ പരാതികളും ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതുകൂടാതെ, ടോമിൻ തച്ചങ്കരി ഇപ്പോഴും പോലീസിന്റെ ഔദ്യോഗിക സീരിസിലുള്ള ഫോൺ നമ്പറാണ് ഉപയോഗിക്കുന്നതെന്നും വിവരമുണ്ട്. വിരമിച്ചതിനു ശേഷവും അദ്ദേഹം ഫോൺ നമ്പർ മാറ്റിയിട്ടില്ല. ഈ നമ്പർ എങ്ങനെയാണ് അദ്ദേഹം ഇപ്പോഴും ഉപയോഗിക്കുന്നത് എന്നതിനെ സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.







