
തെരുവ് നായയുടെ കടിയേറ്റതിനെ തുടർന്ന് കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസെടുത്തു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ പിഴവുണ്ടെന്ന് ആരോപിച്ചു കുട്ടിയുടെ മാതാവ് കോടതിയെ സമീപിച്ചിരുന്നു. വാക്സിന് എടുത്തതിലെ അപാകതയായിരുന്നു ചൂണ്ടിക്കാണിച്ചത്. സൂപ്രണ്ട് ഉള്‍പ്പടെ നാല് പേരെ പ്രതി ചേര്‍ത്താണ് പുനലൂര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആർ സുനിൽകുമാർ, ഡോക്ടർ ദേവിലക്ഷ്മി, ഡോക്ടർ അംജിത, ഡോക്ടർ ജയസൂര്യ എന്നിവരാണ് പ്രതികൾ.
അശ്രദ്ധയോടെ കുട്ടിയെ ചികിത്സിച്ചുവെന്നും തെളിവ് നശിപ്പിക്കാൻ ആശുപത്രി സൂപ്രണ്ട് കൂട്ടുനിന്നുവെന്നുമാണ് എഫ്ഐആറിലുള്ളത്. ബിഎൻഎസ് 106 (1), 238, 3 (5) തുടങ്ങി മെഡിക്കൽ നെഗ്ലിജെൻസ് ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുക്കാൻ കോടതി നിർദേശിച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ എട്ടിനാണ് നായയുടെ കടിയേറ്റ നിയ ഫൈസൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. മെയ് അഞ്ചിന് തിരുവനന്തപുരം എസ്എറ്റിയിൽ ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയായിരുന്നു.






