Spread the love

മുവാറ്റുപുഴ: ബസ് ഓടിക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറുടെ മുഖത്തടിച്ചയാളുടെ പേരില്‍ കേസെടുത്തു. കോഴിക്കോട്-അടൂര്‍ സൂപ്പര്‍ ഫാസ്റ്റ് ബസില്‍ വെള്ളിയാഴ്ച രാവിലെ 5.30 ഓടെയാണ് സംഭവം.

video
play-sharp-fill

ബസിലെ ഡ്രൈവറായ സതീഷിനെ (46) നെ മൂവാറ്റുപുഴയ്ക്കടുത്ത് പേഴയ്ക്കാപ്പിള്ളിയില്‍വെച്ച്‌ യാത്രക്കാരന്‍ മുഖത്തടിക്കുകയായിരുന്നു. മുഖത്ത് അടിയേറ്റിട്ടും മനഃസാന്നിധ്യം വിടാതെ ഡ്രൈവര്‍ ബസ് നിയന്ത്രിച്ചതിനാല്‍ അപകടം ഒഴിവായി.

മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശിയായ എ.ആര്‍. ക്യാമ്പിലെ പോലീസുകാരനാണ് മര്‍ദിച്ചതെന്നാണ് ബസ് ഡ്രൈവറും കണ്ടക്ടര്‍ മഹേഷും മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ കണ്ടാലറിയുന്ന ആള്‍ എന്നാണ് പോലീസ് എഫ്.ഐ.ആറിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയ്ക്കലില്‍നിന്ന് ബസില്‍ കയറിയ പോലിസുകാരന്‍ പേഴയ്ക്കാപ്പിള്ളിയില്‍ ബസ് നിര്‍ത്തി യാത്രക്കാര്‍ ഇറങ്ങുമ്പോള്‍ സ്ഥലം വാഴപ്പിള്ളി ആയോ എന്ന് ചോദിച്ചു. ഇനിയും പോകാനുണ്ടെന്നറിയിച്ച്‌ ബസ് മുന്നോട്ടെടുക്കുകയും ചെയ്തു. എന്നാല് കുറച്ചുദൂരം പോയപ്പോഴേക്കും ഇറങ്ങണം എന്നുപറഞ്ഞ് ഇയാള്‍ ബെല്ലടിച്ചു. എന്നാല്‍ ഡ്രൈവര്‍ ബസ് നിര്‍ത്തിയില്ല. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഇയാള്‍ ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തി.

എന്നാല്‍ പോലിസിനെ കണ്ടതോടെ മര്‍ദിച്ചയാള്‍ ബസ് ഡ്രൈവര്‍ തന്നെ മര്‍ദിച്ചുവെന്നാണ് പോലീസുകാരോട് പറഞ്ഞത്. ഇതോടെ ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ ഇയാള്‍ക്കെതിരേ തിരിയുകയും ഡ്രൈവറെ ആക്രമിക്കുകയാണ് ഉണ്ടായതെന്ന് പറയുകയും ചെയ്തു. ചിലര്‍ ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് പോലിസിനെ കാണിച്ചു. ഇതോടെ സ്റ്റാന്‍ഡിലേക്ക് ബസ് എത്തിക്കാന്‍ പോലീസ് നിര്‍ദേശിച്ചു. ബസ് മൂവാറ്റുപുഴ സ്റ്റാന്‍ഡിലെത്തിച്ചശേഷം ഡ്രൈവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. ഇതിനിടെ ബസില്‍ പ്രശ്‌നമുണ്ടാക്കിയ ആളും ആശുപത്രിയില്‍ ചികിത്സതേടി.

യാത്രക്കാരെ വേറെ ബസില്‍ അയച്ചു. ഡ്രൈവറെ ആക്രമിച്ച കാര്യം രാവിലെതന്നെ കെ.എസ്.ആര്‍.ടി.സി. എം.ഡി.യുടെയും മന്ത്രിയുടെയും ഔദ്യോഗിക ഗ്രൂപ്പില്‍ അറിയിച്ചു. അടൂര്‍ ഡിപ്പോയിലെ ഡ്രൈവറായ സതീഷ് കൊല്ലം കുന്നത്തൂര്‍ സ്വദേശിയാണ്. പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്നും സമ്മര്‍ദവുമുണ്ടായതായി സൂചനയുണ്ട്. എന്നാല്‍ ഒത്തുതീര്‍പ്പിന് കെ.എസ്.ആര്‍.ടി.സി. അധികാരികള്‍ തയ്യാറായിട്ടില്ല.