ഇന്നത്തെ മത്സരം സച്ചിന്റെ റെക്കോഡ് തകർക്കുമോ ? ആകാംക്ഷയോടെ ആരാധകർ

ഇന്നത്തെ മത്സരം സച്ചിന്റെ റെക്കോഡ് തകർക്കുമോ ? ആകാംക്ഷയോടെ ആരാധകർ

സ്വന്തം ലേഖകൻ

റെക്കാഡുകൾ തകർക്കുക എന്നത് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയുടെ ഹോബിയായി മാറിയിരിക്കുകയാണ്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ 11,000 റൺസ് എന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കാഡ് ഈ ലോകകപ്പിനിടെയാണ് കോഹ്ലി മറികടന്നത്. തൊട്ടു പിന്നാലെ മുഹമ്മദ് അസ്ഹറുദ്ദീനു ശേഷം ലോകകപ്പിൽ തുടർച്ചയായ മൂന്ന് അർദ്ധ സെഞ്ച്വറികൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കാഡും കോഹ്ലി സ്വന്തമാക്കി. ഇപ്പോഴിതാ അടുത്ത റെക്കാഡും മറികടക്കാനുള്ള ഒരുക്കത്തിലാണ് കോഹ്ലി.ഇന്ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോർഡിലേക്കാണ് ആരാധകരുടെ കണ്ണ്. എന്തെന്നാൽ ഇന്നത്തെ മത്സരത്തിൽ നിന്നും 37 റൺസ് നേടാൻ സാധിച്ചാൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ 20,000 റൺസ് എന്ന സച്ചിന്റെ റെക്കാഡായിരിക്കും കോഹ്ലി തകർക്കുക. സച്ചിനെ കൂടാതെ വെസ്റ്റ് ഇൻഡീസ് താരം ബ്രയൻ ലാറയെയും കോഹ്ലി മറികടക്കും. 453 ഇന്നിംഗ്‌സുകളിൽ നിന്നാണ് സച്ചിനും ലാറയും 20,000 റൺസിലെത്തിയത്. മൂന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയൻ താരം റിക്കി പോണ്ടിംഗ് 468 ഇന്നിംഗ്‌സുകളിൽ നിന്നാണ് 20,000 റൺസ് തികച്ചത്.131 ടെസ്റ്റ്, 223 ഏകദിനങ്ങൾ, 62 ട്വന്റി -20 എന്നിവയിൽ നിന്നും 416 ഇന്നിംഗ്‌സുകൾ പിന്നിട്ട കോഹ്ലി ഇതുവരെ നേടിയത് 19,963 റൺസ്. ഏകദിന ക്രിക്കറ്റിൽ 11087, ടെസ്റ്റ് ക്രിക്കറ്റിൽ 6613, ട്വന്റി – 20 യിൽ 2263 എന്നിങ്ങനെ റൺസ് കോഹ്ലി നേടി. ഇന്നത്തെ മത്സരത്തിൽ 37 റൺസ് കൂടി നേടിയാൽ ഈ നേട്ടം സ്വന്തമാക്കുന്ന 12ാമത്തെ ബാറ്റ്‌സ്മാനും മൂന്നാമത്തെ ഇന്ത്യൻ താരവുമാകും കോഹ്ലി. സച്ചിനും രാഹുൽ ദ്രാവിഡുമാണ് കോഹ്ലിക്ക് മുമ്പ് ഈ റെക്കാഡ് കൈവരിച്ച മറ്റു ഇന്ത്യൻ താരങ്ങൾ.