മലയാള സിനിമയിൽ ഡബിൾ റോളിൽ അഭിനയിച്ച ആദ്യ നടൻ ടി.കെ.ബാലചന്ദ്രന്റെ ഓർമ ദിനം ഇന്ന്

 മലയാള സിനിമയിൽ ഡബിൾ റോളിൽ അഭിനയിച്ച ആദ്യ നടൻ ടി.കെ.ബാലചന്ദ്രന്റെ ഓർമ ദിനം ഇന്ന്

സ്വന്തം ലേഖകൻ
കോട്ടയം: 1961 – ൽ പുറത്തിറങ്ങിയ നീലായുടെ “പൂത്താലി ” എന്ന ചിത്രം കണ്ടുകൊണ്ടിരുന്ന പ്രേക്ഷകർ ആകെ അമ്പരന്നു പോയി. തിരശ്ശീലയിൽ നായകനും വില്ലനും ഒരാൾ തന്നെ.
ഒരാളെപ്പോലെ രണ്ടുപേർ. ഇതെന്തൊരു മറിമായം. അതെ ,
ഒരു നടൻ രണ്ട് വ്യത്യസ്ത വേഷങ്ങളിൽ (ഡബ്ബിൾ റോൾ ) അഭിനയിക്കുന്ന സാങ്കേതിക വിദ്യ ആദ്യമായി മലയാളത്തിൽ പരീക്ഷിക്കപ്പെട്ടത് “പൂത്താലി ” എന്ന ചിത്രത്തിലായിരുന്നു .

ഈ രണ്ടു റോളുകളിലും അഭിനയിച്ചത് ടി. കെ. ബാലചന്ദ്രൻ എന്ന പഴയ .കാല നടനായിരുന്നു.
ടി.കെ.ബാലചന്ദ്രനെകുറിച്ച് ഓർമ്മിക്കുമ്പോൾ ആദ്യം മനസ്സിൽ എത്തുന്നത് പുരാണ സിനിമകളിലെ നാരദൻ എന്ന കഥാപാത്രമാണ്. ചെറിയ കലഹപ്രിയനും കുസൃതിക്കാരനും സർവ്വോപരി സംഗീത പ്രേമിയുമായ നാരദനെ തിരശ്ശീലയിൽ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടിയ നടനാണ് ടി കെ ബാലചന്ദ്രൻ.

ഓ എൻ വി കുറുപ്പ് എഴുതി ദേവരാജൻ സംഗീതം പകർന്ന് യേശുദാസ് പാടിയ “കുമാരസംഭവ”ത്തിലെ “പൊൽതിങ്കൾക്കല പൊട്ടുതൊട്ട ഹിമവൽ ശൈലാഗ്ര ശൃംഗത്തിൽ ….” എന്ന അർദ്ധശാസ്ത്രീയ ഗാനമാണ് ബാലചന്ദ്രന് അനശ്വരത നേടിക്കൊടുത്തത്.
മലയാളത്തിലെ മൂന്നാമത്തെ ചിത്രമായ ” ഭക്ത പ്രഹ്ളാദ ” യിൽ ബാലതാരമായിട്ടായിരുന്നു ബാലചന്ദ്രൻ സിനിമയിലെത്തുന്നത്. നടനായും നർത്തകനായും നിർമ്മാതാവായും ടി കെ ബാലചന്ദ്രൻ മലയാളസിനിമയിൽ നിറഞ്ഞു നിന്നിരുന്നു . അദ്ദേഹത്തിന്റെ ചലച്ചിത്ര നിർമ്മാണ കമ്പനിയാണ് “ടീക്കേബീസ് ”

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഹൻലാലിന് മികച്ച നടനുള്ള ആദ്യ സംസ്ഥാന പുരസ്ക്കാരം നേടിക്കൊടുത്ത
“ടി പി ബാലഗോപാലൻ എം എ ” എന്ന ചിത്രത്തിന്റെ നിർമ്മാതാവും ടി.കെ.ബാലചന്ദ്രനായിരുന്നു. ബാലചന്ദ്രൻ നിർമ്മിച്ച “പ്രസാദം “എന്ന ചിത്രത്തിലാണ് “പുലയനാർ മണിയമ്മ പൂമുല്ല കാവിലമ്മ …. (പി.ഭാസ്കരൻ , ദക്ഷിണാമൂർത്തി, യേശുദാസ്) എന്ന വളരെ പ്രശസ്തമായ ഗാനം . അതേപോലെ ആയിരം പൂക്കൾ വിരിയട്ടെ ആയിരം വണ്ടുകൾ മുകരട്ടേ ….” എന്ന പ്രശസ്ത ഗാനവും ടി.കെ.യുടെ “പൊയ്മുഖങ്ങൾ ” എന്ന ചിത്രത്തിലേതാണ്. (രചന പി.ഭാസ്കരൻ -സംഗീതം ദക്ഷിണാമൂർത്തി -ആലാപനം ജയചന്ദ്രൻ ) കുമാരസംഭവത്തിലെ തന്നെ
“ഓങ്കാരം ഓങ്കാരം ആദിമമന്ത്രം അനശ്വര മന്ത്രം ….” ( വയലാർ -ദേവരാജൻ – യേശുദാസ്)
എന്ന ഗാനവും ടി കെ ബാലചന്ദ്രനിലൂടെയാണ് പ്രേക്ഷകരിലെത്തിയത്.
“ശക്തിമയം ശിവശക്തിമയം ഭക്തിമയം ഭുവനം ബ്രഹ്മമയം.

(ചിത്രം ദേവി കന്യാകുമാരി – രചന വയലാർ -സംഗീതം ദേവരാജൻ- ആലാപനം യേശുദാസ് )
, “ചന്ദ്രന്റെ പ്രഭയാൽ ചന്ദന മഴയിൽ ….. (ചിത്രം സ്നേഹദീപം – രചന പി.ഭാസ്കരൻ -സംഗീതം എം.ബി.ശ്രീനിവാസൻ ,പാടിയത് ജാനകി ) “പെൺകൊടി പെൺകൊടി നിൻ മാനസം ഒരു പളുങ്കുപാത്രം ” (ചിത്രം കളഞ്ഞു കിട്ടിയ തങ്കം – വരികൾ വയലാർ – സംഗീതം ദേവരാജൻ – ആലാപനം എ.എം. രാജാ, സുശീല ) ” ഈശ്വരൻ മനുഷ്യനായ് അവതരിച്ചു ഈ മണ്ണിൻ ദുഃഖങ്ങൾ സ്വയം വരിച്ചു …. (ചിത്രം : ശ്രീഗുരുവായൂരപ്പൻ – രചന ഓ എൻ വി -സംഗീതം ദക്ഷിണാമൂർത്തി – ആലാപനം യേശുദാസ് ) “കസ്തൂരിവാകപ്പൂങ്കാറ്റേ കാറ്റേ നേർമണി കാറ്റേ .

(ചിത്രം വിപ്ലവകാരികൾ -രചന വയലാർ -സംഗീതം ദേവരാജൻ – ആലാപനം യേശുദാസ്)
“ചിരിക്കുടുക്കേ എന്റെ ചിരിക്കുടുക്കേ (ചിത്രം കറുത്ത രാത്രികൾ – രചന ഓ എൻ വി കുറുപ്പ് -സംഗീതം ബാബുരാജ് – ആലാപനം യേശുദാസ് , ബി വസന്ത) എന്നീ ഗാനങ്ങളിലൊക്കെ പ്രേക്ഷകർ കണ്ടുമുട്ടിയ മുഖം ടി.കെ.യുടേതായിരുന്നു.
2005 ഡിസംബർ 15 ന് അന്തരിച്ച ബാലചന്ദ്രന്റെ ഓർമ്മദിനമാണിന്ന്. ഈ ആദ്യകാല ചലച്ചിത്രപ്രതിഭക്ക് പ്രണാമം.