ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു
പ്രശസ്ത ഹോളിവുഡ് നടൻ ബെർണാർഡ് ഹില്‍ (79) അന്തരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. മരണവിവരം അദ്ദേഹത്തിന്റെ ഏജന്റ് ലൂ കൂള്‍സണ്‍ സ്ഥിരീകരിച്ചു.ശനിയാഴ്ച ലിവർപൂള്‍ കോമിക് കോണ്‍ കണ്‍വെൻഷനില്‍ പങ്കെടുക്കാനിരുന്ന ഹില്‍ അവസാനനിമിഷം ഇതില്‍നിന്ന് പിൻമാറിയിരുന്നു. അവസാനം അഭിനയിച്ച ടിവി പരമ്ബരയായ ദ റെസ്പോണ്ടർ ഞായറാഴ്ച പ്രദർശനം തുടങ്ങിയ അവസരത്തിലാണ് ബെർണാർഡ് ഹില്ലിന്റെ മരണം സംഭവിച്ചത്.
നിരവധി ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ മനംകവർന്ന നടനായിരുന്നു ബെർണാർഡ് ഹില്‍. അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്ന അഭിനയജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഇതില്‍ സിനിമയ്ക്കുപുറമേ നാടകങ്ങളും ടിവി ഷോകളും ഉള്‍പ്പെടുന്നു. ലോർഡ് ഓഫ് ദ റിംഗ്സിലെ തിയഡൻ രാജാവ്, ടൈറ്റാനിക്കിലെ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്ത് എന്നീ വേഷങ്ങള്‍ ലോകശ്രദ്ധയാകർഷിച്ചവയായിരുന്നു. പതിനൊന്ന് ഓസ്കർ പുരസ്കാരങ്ങള്‍ എന്ന റെക്കോർഡ് നേടിയ രണ്ടുചിത്രങ്ങളില്‍ അഭിനയിച്ച ഒരേയൊരു താരവും ഹില്‍ ആയിരുന്നു. ലോർഡ് ഓഫ് ദ റിംഗ്സും ടൈറ്റാനിക്കുമായിരുന്നു ആ ചിത്രങ്ങള്‍.
1944 ഡിസംബർ 17-ന് മാഞ്ചസ്റ്ററിലായിരുന്നു ബെർണാർഡ് ഹില്ലിന്റെ ജനനം. 1975-ല്‍ പുറത്തിറങ്ങിയ ‘ഇറ്റ് കുഡ് ഹാപ്പെൻ റ്റു യു’ ആണ് ആദ്യസിനിമ. 1976-ല്‍ ഗ്രാനഡ ടെലിവിഷൻ പരമ്ബരയായ ‘ക്രൗണ്‍ കോർട്ടി’ലും വേഷമിട്ടു. ബിബിസിക്കുവേണ്ടി അലൻ ബ്ലീസ്ഡെയ്ല്‍ ഒരുക്കിയ ‘പ്ലേ ഫോർ ടുഡേ’യിലെ യോസർ ഹ്യൂ എന്ന കഥാപാത്രമാണ് അദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തിയത്. റിച്ചാർഡ് അറ്റൻബെറോ സംവിധാനം ചെയ്ത ‘ഗാന്ധി’ എന്ന ചിത്രത്തില്‍ ‘സാർജെന്റ് പുത്നാം’ എന്ന വേഷത്തിലും ഹില്‍ എത്തി. 1990-ന്റെ മധ്യം മുതലാണ് ബെർണാർഡ് ഹില്‍ സിനിമകളില്‍ സജീവമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദ ഗോസ്റ്റ് ആൻഡ് ദ ഡാർക്ക്നെസ്സ്, ദ സ്കോർപിയണ്‍ കിംഗ്, ദ ക്രിമിനല്‍, ദ ലോസ് ഓഫ് സെക്ഷ്വല്‍ ഇന്നസൻസ്, ദ ബോയ്സ് ഫ്രം കൗണ്ടി ക്ലെയർ, എക്സോഡസ്, വാള്‍ക്കെയർ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. അമേരിക്കൻ സ്റ്റോപ് മോഷൻ അനിമേറ്റഡ് കോമഡി ഹൊറർ ചിത്രമായ പാരാ നോർമനില്‍ ഒരു ജഡ്ജിന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ബെർണാർഡ് ഹില്‍ ആയിരുന്നു. പ്രിയതാരത്തിന്റെ മരണവിവരമറിഞ്ഞ് നിരവധി പേരാണ് ആദരാഞ്ജലികളർപ്പിച്ച് എത്തുന്നത്.