
തൃശൂര്‍: ആസ്വാദകരെ അനുഭൂതിയിലാക്കി തൃശൂരില്‍ പൂരം കൊട്ടിക്കയറുകയാണ്. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ പൂര വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായി മാത്രമാണ് പൂരം നടക്കുന്നത്. കണിമംഗലം ശാസ്താവ് പൂരനഗരിയിലേക്ക് പുറപ്പെട്ടതോടെയാണ് തൃശൂർ പൂരദിനത്തിലേക്ക് ഉണർന്നത്. തൊട്ടുപിന്നാലെ ഘടകപൂരങ്ങളുമെത്തി. 250 കലാകാരന്‍മാര്‍ അണി നിരക്കുന്ന ഇലഞ്ഞിത്തറ മേളത്തിനായുള്ള കാത്തിരിപ്പിലാണ് പൂരപ്രേമികള്‍. ഉച്ചയ്ക്കുശേഷം 2.30നാണ് ഇലഞ്ഞിത്തറ മേളം നടക്കുക.
ദേവഗുരുവായ കണിമംഗലം ശാസ്താവ് വെയിലേല്‍ക്കാതെ സൂര്യോദയത്തിന് മുന്‍പ് തട്ടകത്തുനിന്നും പുറപ്പെട്ട് തേക്കിൻ കാടെത്തിയതോടെ പൂരം ആവേശത്തിന് തുടക്കമായി. വലിയാലുക്കല്‍ കുട്ടിശങ്കരനാണ് കോലമേറ്റിയത്. ജിതിന്‍ കല്ലാറ്റ് ആയിരുന്നു മേളപ്രമാണി. പിന്നാലെ പനമുക്കംപിള്ളി ശാസ്താവും വടക്കുംനാഥനിലെത്തി. പെരുമ്പളം ശരത് ആയിരുന്നു മേളപ്രമാണി. പൂര പ്രേമികള്‍ കാത്തിരുന്ന ചെമ്പുക്കാവിന്‍റെ വരവായിരുന്നു പിന്നീട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആയിരുന്നു തിടമ്പേറ്റിയത്.
പാറമേക്കാവ് അഭിഷേക് ആയിരുന്നു മേള പ്രമാണി. കിഴക്കേ നട വഴി വടക്കുംനാഥൻ അകത്തു കയറി കയറി തെക്കേ നടവഴി പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും രാമൻ ആരാധകരുടെ ആവേശം ഉച്ചസ്ഥായിലായി. ഒന്‍പത് ആനകളുടെ അകമ്പടിയോടെയാണ് കാരമുക്ക് ഭഗവതി വടക്കുന്നാഥനിലെത്തിയത്. പത്മശ്രീ പെരുവനം കുട്ടന്മാരായിരുന്നു മേള പ്രമാണി. ശങ്കരം കുളങ്ങര ഉദയന്‍ തിടമ്പേറ്റി. ഒന്‍പത് ആനകളുടെ അകമ്പടിയോടെ ലാലൂർ ഭഗവതി നടുവിലാലില്‍ നിന്ന് ശ്രീമൂല സ്ഥാനത്തേക്ക് കയറി. പാറമേക്കാവ് അര്‍ജുന്‍ ആയിരുന്നു മേളപ്രമാണി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ പൂരത്തില്‍ ഘടകപൂരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആനകളെ അണിനിരത്തുന്ന ചൂരക്കോട്ടുകാവ് ഭഗവതിയുടെ വരവായിരുന്നു. പടുവില്‍ രഘുനാഥൻമാരാരുടെ മേളം കലാശിച്ചതിന് പിന്നാലെ പതിമൂന്നാനകളുടെ അകമ്പടിയില്‍ അയ്യന്തോള്‍ ഭഗവതി എത്തി. ചെറുശ്ശേരി കുട്ടന്മാരായിരുന്നു മേള പ്രമാണി. ഒടുവില്‍ പതിനൊന്ന് ആനകളുടെ അകമ്പടിയോടെ നെയ്തലക്കാവ് ഭഗവതിയുടെ ഊഴമായി.
ഇതിനിടെ പതിനൊന്നരയോടെ ആരംഭിച്ച തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യത്തില്‍ പൂരനഗരി അലിഞ്ഞു. ഇനി ഇലഞ്ഞിത്തറ മേളത്തിനായുള്ള കാത്തിരിപ്പിലാണ് പൂര പ്രേമികള്‍. കൊടുംചൂടിലാണ് തൃശ്ശൂരില്‍ ഇക്കുറി പൂരം നടക്കുന്നത്. പക്ഷെ പൂരാവേശത്തില്‍ ഒട്ടും കുറവില്ല. വൈകീട്ടത്തെ കുടമാറ്റ ചടങ്ങുകള്‍ ഇത്തവണ 15 മിനിറ്റില്‍ പൂർത്തിയാവും.








